പുരുട്ടാസി മാസമെത്തി; മത്സ്യ വിൽപന മങ്ങി
Mail This Article
ചെന്നൈ ∙ പുരുട്ടാസി മാസം ആരംഭിച്ചതോടെ നഗരത്തിൽ മത്സ്യ വിൽപന പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ. തമിഴ് മാസമായ പുരുട്ടാസിയിൽ തമിഴ്നാട്ടിലെ വലിയൊരു വിഭാഗം ആളുകൾ മത്സ്യമാംസാഹാരങ്ങൾ കഴിക്കാത്തതാണ് കാരണം. വിൽപന കുറഞ്ഞതോടെ വിലയും കുറഞ്ഞിട്ടുണ്ട്. അയക്കൂറ കിലോയ്ക്ക് 900 രൂപയ്ക്കും ആവോലി 600 രൂപയ്ക്കുമാണ് ഞായറാഴ്ച കച്ചവടം നടന്നത്.
കഴിഞ്ഞ മാസം ഇവയുടെ വില 1500നു മുകളിലെത്തിയിരുന്നു. ചെമ്മീൻ– 350, ഞണ്ട്– 300, നത്തോലി – 200 എന്നിങ്ങനെയായിരുന്നു മറ്റു മത്സ്യങ്ങളുടെ വില. പുരുട്ടാസിയിലെ ആദ്യ ഞായറാഴ്ച പതിവ് ഉപഭോക്താക്കളിൽ പകുതിയോളം ആളുകൾ മാത്രമാണ് ചിന്താദ്രിപെട്ട് മാർക്കറ്റിൽ മീൻ വാങ്ങാൻ എത്തിയത്. ഒക്ടോബർ പകുതിക്കു ശേഷം ഐപ്പസി മാസം ആരംഭിക്കുന്നതോടെ മാത്രമേ വിൽപന വർധിക്കാൻ സാധ്യതയുള്ളൂ എന്ന് ചിന്താദ്രിപെട്ടിലെ വ്യാപാരികൾ പറഞ്ഞു.
കാശിമേട് മത്സ്യബന്ധന തുറമുഖത്തും പതിവ് തിരക്ക് ഇല്ലായിരുന്നു. പുരുട്ടാസി ആരംഭിച്ചതോടെ മീൻ പിടിത്തത്തിന് പോകുന്ന വള്ളങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഉയർന്ന ഇന്ധനച്ചെലവും ഉപഭോക്താക്കളുടെ കുറവും മൂലം നഷ്ടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കടലിൽ പോകാൻ മിക്കവരും മടിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാശിമേട് തുറമുഖത്ത് 10 ടണ്ണിലും കുറവ് മത്സ്യം മാത്രമാണ് ഞായറാഴ്ച വിൽപനയ്ക്ക് എത്തിയത്.