ADVERTISEMENT

കൊച്ചി ∙ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ സച്ചിൻ തെൻഡുൽക്കർ പന്തു കൊണ്ടു വിസ്മയം കാണിച്ച സ്റ്റേഡിയമായിരുന്നു കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം. രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ സച്ചിന്റെ പേരിലുള്ള 2 അഞ്ചു വിക്കറ്റ് നേട്ടങ്ങളും കൊച്ചിയിലെ പിച്ചിലാണ്. 1998ൽ ഓസ്ട്രേലിയയ്ക്കെതിരെയും (5/32), 2005ൽ പാക്കിസ്ഥാനെതിരെയും (5/50). സച്ചിൻ വിസ്മയത്തിനു മുൻപേ കാണികൾ വിസ്മയമായതും കലൂരിലെ സ്റ്റേഡിയത്തിൽ.

1997 ഏപ്രിലിൽ നെഹ്റു കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ– ഇറാഖ് സെമി ഫൈനൽ മത്സരം നടക്കുമ്പോൾ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു കാണികൾ ത്രോ ലൈൻ വരെയെത്തി. ഒരു ലക്ഷത്തിലേറെ കാണികളാണ് അന്ന് കളി കണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ തോൽവി (2–4). പറഞ്ഞു വന്നത് സച്ചിനെ കുറിച്ചോ, ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചോ അല്ല. രണ്ടിനെയും മാറ്റിനിർത്തി പറയാനാവാത്ത കലൂർ രാജ്യാന്തര സ്റ്റേഡിയത്തെ കുറിച്ചാണ്. ഒരു നാടിന്റെ മുഴുവൻ കായിക സ്വപ്നങ്ങൾ കൊണ്ടു പടുത്തുയർത്തിയ കലൂർ സ്റ്റേഡിയത്തിന് ഇന്ന് 25 വയസ്സ്; 1996 ഫെബ്രുവരി 14ന് അന്നത്തെ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമയാണു ജവാഹർലാൽ നെഹ്റു സ്റ്റേഡിയം രാഷ്ട്രത്തിനു സമർപ്പിച്ചത്.

കൊച്ചിയുടെ കിരീടം

കേരളത്തിൽ ഒരു രാജ്യാന്തര സ്റ്റേഡിയം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പല മന്ത്രിസഭകളും പരിഗണിച്ചെങ്കിലും ‌കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതിക്കു മുൻകൈയെടുത്തത്. 1994 മാർച്ച് 27ന് കെ. കരുണാകരൻ തന്നെയാണു തറക്കല്ലിട്ടതും. 365 ദിവസം കൊണ്ടു പൂർത്തിയാക്കാനായിരുന്നു ശ്രമമെങ്കിലും പണി തീരാൻ 515 ദിവസമെടുത്തു; കാലാവസ്ഥയായിരുന്നു വില്ലൻ. 1996 ഫെബ്രുവരി 14ന് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമ്പോൾ എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. കെ. കരുണാകരൻ കേന്ദ്ര വ്യവസായ വകുപ്പു മന്ത്രിയും. 70 കോടിയിലേറെ മുതൽമുടക്കിലാണു പദ്ധതി പൂർത്തിയാക്കിയത്. വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) നേതൃത്വത്തിലുള്ള നിർമാണത്തിൽ അന്നത്തെ ജിസിഡിഎ ചെയർമാൻ വി. ജോസഫ് തോമസിന്റെ പങ്കും ഏറെ ശ്രദ്ധേയം.

കേൾക്കട്ടെ, ലോകം

ലോകത്ത് ഏറ്റവും കൂടുതൽ ശബ്ദമുണ്ടാക്കുന്ന കാണികളുള്ള സ്റ്റേഡിയങ്ങളിലൊന്നാണു കലൂർ സ്റ്റേഡിയം. 2016ലെ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ്– അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ഫൈനൽ മത്സരത്തിനിടെയാണു കലൂരിലെ കാണികളുടെ ശബ്ദം ലോകമറിയുന്ന ഉച്ചത്തിൽ മുഴങ്ങിയത്. 1997ലെ നെഹ്റു‌ കപ്പ് ഫുട്ബോൾ ടൂർണമെന്റാണു ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ആതിഥ്യം വഹിച്ച ആദ്യത്തെ പ്രധാന ചാംപ്യൻഷിപ്. 1998ൽ ആദ്യത്തെ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു കൊച്ചി വേദിയായതോടെ പിന്നീട് സ്റ്റേഡിയത്തിൽ ക്രിക്കറ്റിന്റെ കാലമായി. 10 രാജ്യാന്തര മത്സരങ്ങൾ കൊച്ചിയിൽ നടന്നു.

ആറിലും ഇന്ത്യ ജയിച്ചു. ഒരു മത്സരം മഴ കാരണം ഒരു പന്തു പോലും എറിയാതെ അവസാനിപ്പിക്കുകയും ചെയ്തു. ഒരു ഫുട്ബോൾ സ്റ്റേഡിയമായാണു നിർമിച്ചതെങ്കിലും ഏറെക്കാലം കലൂർ സ്റ്റേഡിയത്തിൽ നടന്നത് ക്രിക്കറ്റായിരുന്നു. ഐഎസ്എൽ ഫുട്ബോളിന്റെ തുടക്കത്തോടെ 2014 മുതൽ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി; പിന്നീട് ഫുട്ബോളിന്റെ പൂരമായി. 2017ൽ ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ഫിഫ ലോകകപ്പ് മത്സരങ്ങളും കലൂർ സ്റ്റേഡിയത്തിൽ നടന്നു. കോവിഡ് കാലമായതോടെ കായികാരവങ്ങൾ നിലച്ചു. എങ്കിലും പ്രഭാത നടത്തത്തിനായി സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡുകളിൽ ധാരാളം പേർ എന്നുമെത്താറുണ്ട്.

‘‘എന്റെ കരിയറിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ച സ്റ്റേഡിയമാണു കലൂരിലേത്. 1997 നെഹ്റു കപ്പിൽ ഒരു ലക്ഷം കാണികൾക്കു മുന്നിൽ ഇറാഖിനെതിരെ കളിക്കാനിറങ്ങിയ നിമിഷം ഇപ്പോഴും മനസ്സിലുണ്ട്. ഫുട്ബോളായാലും ക്രിക്കറ്റായാലും കായിക കേരളത്തിന്റെ അഭിമാനമാണു കൊച്ചി രാജ്യാന്തര സ്റ്റേഡിയം’’.  ∙ ഐ.എം. വിജയൻ,മുൻ ദേശീയ ഫുട്ബോൾ താരം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com