പഴമായും പച്ചക്കറിയായും ബട്ടർനട്ട്; വിജയം കൊയ്ത് ലാലു

Mail This Article
ആലങ്ങാട് ∙ പഴമായും പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയുന്ന ബട്ടർനട്ട് കൃഷിയിൽ വിജയം കൊയ്ത് കർഷകനായ ലാലു. കരുമാലൂർ തട്ടാംപടി സ്വദേശിയായ കെ.എം.ലാലുവാണു പാട്ടത്തിനെടുത്ത കോട്ടുവള്ളി മന്നത്തെ നാലര ഏക്കർ സ്ഥലത്തു ബട്ടർനട്ടും വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നത്. ബട്ടർനട്ട് പ്രധാനമായും കൃഷി ചെയ്യുന്നത് അമേരിക്കയിലാണ്. കേരളത്തിൽ ആലപ്പുഴയിലാണ് ആദ്യം പരീക്ഷിച്ചു വിജയിച്ചത്.
ജില്ലയിൽ ആദ്യമായി കൃഷി ചെയ്തു വിജയിച്ചതു ലാലുവാണ്. മത്തങ്ങയുമായി സാമ്യമുള്ള ബട്ടർനട്ട് കേരളത്തിലെ കാലാവസ്ഥ അനുസരിച്ചു 365 ദിവസവും കൃഷി ചെയ്യാൻ കഴിയുന്ന വിളയാണ്. മത്തങ്ങ ഉപയോഗിക്കുന്നതു പോലെ പച്ചക്കറിയായി ഉപയോഗിക്കാം. രണ്ടുമാസം കൊണ്ടു പൂർണ വിളവെത്തും. ഒരു ചെടിയിൽ നിന്നു 5 മുതൽ 20 കായ വരെ ലഭിക്കും. പൂർണ വളർച്ചയെത്തുമ്പോൾ 800 ഗ്രാം വരെം തൂക്കമുണ്ടാകും. ഗ്രോബാഗിൽ വളർത്തി പന്തലിൽ കയറ്റിയാലും നല്ല വിളവു ലഭിക്കും. കിലോഗ്രാമിനു 40 മുതൽ 60 രൂപ വരെ വിപണിയിൽ വിലയുണ്ട്. പാകമാകും മുൻപു പച്ചക്കറിയായും വിളഞ്ഞാൽ ഫലമായും ഉപയോഗിക്കാം.
ഫൈബർ, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവ സമൃദ്ധമായുള്ള ബട്ടർനട്ട് പായസം, ചിപ്‌സ്, ജ്യൂസ്, പച്ചക്കറി എന്നിവക്കായെല്ലാം ഉപയോഗിക്കാം. കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനുവാണു ബട്ടർനട്ട് ലാലുവിനു പരിചയപ്പെടുത്തിയത്. 300 ഗ്രാം വിത്തുകൾ ഓൺലൈൻ വഴി വരുത്തി കൃഷി ചെയ്താണു വിജയം കൈവരിച്ചത്. ഇതിനോടകം 300 കിലോഗ്രാമോളം ബട്ടർനട്ട് വിളവെടുത്തു. ബട്ടർനട്ട് കൃഷി വ്യാപിപ്പിക്കാനാണു ലാലുവിന്റെ ശ്രമം.