പെരുകിപ്പെരുകി നായ്ക്കൾ; ഭീതി

Mail This Article
തിരുമാറാടി∙ പഞ്ചായത്തിൽ 3, 4,5,6,7 വാർഡുകളിൽ തെരുവുനായ ശല്യം രൂക്ഷം. മണ്ണത്തൂർ, വടകര, ഒലിയപ്പുറം, കോളജ്പടി, കുഴിക്കാട്ടുകുന്ന്, തിരുമാറാടി, വെട്ടിമൂട്, കൽപക, കാക്കൂർ, മഠം കവല എന്നീ മേഖലകളിലാണ് തെരുവുനായ്ക്കൾ ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണി ഉയർത്തുന്നത്. പഞ്ചായത്ത് ഓഫിസിന് മുൻപിൽ ഉൾപ്പെടെ നായ്ക്കൾ വിലസുകയാണ്. തിരുമാറാടി മൃഗാശുപത്രിയിൽ സ്ഥാപിച്ച അനിമൽ ബർത്ത് കൺട്രോൾ സെന്റർ പ്രവർത്തിക്കുന്നില്ല. സെന്റർ പ്രവർത്തിക്കാൻ ആവശ്യമായ മാനദണ്ഡം പാലിക്കുന്നതിനു ആശുപത്രിയിൽ സൗകര്യമില്ലാത്തതാണ് കാരണം.
തെരുവുനായ്ക്കൾ പെരുകുന്നത് തടയാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം. പഞ്ചായത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പതിനഞ്ചോളം ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. 3 പേർക്ക് കടിയേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിനു മുൻപിൽ വിദ്യാർഥിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാരാണ് കടിയേൽക്കാതെ കുട്ടിയെ രക്ഷപ്പെടുത്തിയത്.
4–ാം വാർഡിലാണ് തെരുവുനായ ആക്രമണം ഏറ്റവും കൂടുതലുണ്ടായതെന്നും വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വാർഡ് അംഗം നെവിൻ ജോർജ് ആവശ്യപ്പെട്ടു. എബിസി പദ്ധതിക്ക് 1,50,000 രൂപ മാറ്റിവച്ചെങ്കിലും ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ മൂലം തുക ചെലവഴിക്കാൻ സാധിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് പറഞ്ഞു.
കോൺഗ്രസ് പ്രതിഷേധിച്ചു
തിരുമാറാടി∙ തെരുവുനായ ശല്യം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. മൃഗസംരക്ഷണ വകുപ്പിനും പഞ്ചായത്തിനും ഒട്ടേറെ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നേതാക്കൾ ആരോപിച്ചു. എഐസിസി അംഗം ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജു മടക്കാലിൽ, ശശി പുന്നക്കൊമ്പിൽ, പഞ്ചായത്തംഗങ്ങളായ നെവിൻ ജോർജ് , ആതിര സുമേഷ്, സ്ഥിരസമിതി അധ്യക്ഷ അനിത ബേബി, ജോൺസൺ വർഗീസ്, ബിജു തറമഠം, സിജോ നമ്പേലിൽ, മത്തച്ചൻ കൂരാപ്പിള്ളിൽ, കെ.എസ്. മായ, സി.കെ. കേശവൻ, ജോർജ് നെടുമ്പിള്ളിക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.