ശബരി റെയിൽ പാത നീളുന്നു; പദ്ധതി ഉപേക്ഷിച്ച്, ഭൂമി വിട്ടുനൽകണമെന്ന് ഉടമകൾ
Mail This Article
പെരുമ്പാവൂർ ∙ ശബരി റെയിൽ പാത നിർമാണം അനിശ്ചിതമായി നീളുന്നതിനാൽ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ മരവിപ്പിച്ച ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി ശബരി റെയിൽ സംയുക്ത സമരസമിതി. 1997-98 ൽ ശബരി പാതയ്ക്കു നിർമാണ അനുമതി ലഭിച്ചതു മുതൽ വിവിധ വിഷയങ്ങൾ പറഞ്ഞ് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തർക്കിക്കുകയാണ്. ഡബിൾ ലൈൻ ആക്കണമെന്ന കേന്ദ്ര നിർദേശവും ത്രികക്ഷി കരാർ അംഗീകരിക്കാൻ കഴിയില്ലെന്ന സംസ്ഥാന നിലപാടും പദ്ധതിയെ അവതാളത്തിലാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിച്ചതായി വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമി ഉടമകൾക്കു വിട്ടു തരണമെന്ന് സംയുക്തസമരസമിതി കൺവീനർ ഗോപാലൻ വെണ്ടുവഴി, ഒക്കൽ വിശ്വനാഥൻ നായർ, മുഹമ്മദ് കുഞ്ഞ് കുറുപ്പാലി, വല്ലം സലീം, സുൾഫി കാഞ്ഞിരക്കാട്ട്, സലീം നെടുങ്ങാട്ടുകൂടി, രാജപ്പൻ തുരുത്തി എന്നിവർ ആവശ്യപ്പെട്ടു. അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്ക് 1997–98 കാലത്തെ റെയിൽവേ ബജറ്റിലാണ് അനുമതി നൽകിയത്. അങ്കമാലി മുതൽ കാലടി വരെ 8 കിലോമീറ്ററിൽ സ്ഥലമെടുപ്പു പൂർത്തിയായി. കാലടിയിൽ റെയിൽവേ സ്റ്റേഷനും പെരിയാറിനു കുറുകെ പാലവും നിർമിച്ചതല്ലാതെ പദ്ധതി മൂന്നോട്ടു പോയില്ല.
ഒക്കൽ മേഖലയിൽ പദ്ധതിക്കായി മരവിപ്പിച്ച സ്ഥലങ്ങളും വീടുകളും കാടു കയറി നശിച്ചു. വിൽക്കാനോ പണയം വയ്ക്കാനോ കൈമാറാനോ കഴിയില്ല. പലരും കടം വാങ്ങിയാണ് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കല്യാണവും നടത്തിയത്. ഇവരെല്ലാം കട ബാധ്യതയിലായി. പദ്ധതി വരുമെന്ന് ഉറപ്പില്ലാത്തതിനാൽ ഏറ്റെടുത്ത സ്ഥലം തിരികെ നൽകണമെന്നാണ് ആവശ്യം. വിൽപന നടത്തിയോ ബാങ്കിൽ ഈട് വച്ചു വായ്പയെടുത്തോ കടബാധ്യത തീർക്കട്ടെയെന്നു സ്ഥലം ഉടമകൾ പറയുന്നു.