വൈറ്റില ഹബ്ബിന്റെ മാതൃകയിൽ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ്; പഴയ കെട്ടിടം പൊളിച്ചു നീക്കും

Mail This Article
കൊച്ചി∙ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടന്‍ പൊളിക്കും. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും. കെഎസ്ആർടിസിയുടെയും വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
കാരിക്കാമുറിയിലെ ഭൂമിയിൽ 2.9 ഏക്കറാണ് പുതിയ ടെർമിനലിന്റെ നിർമാണത്തിനായി കെഎസ്ആർടിസി നൽകുക. നിർമാണം പൂർത്തിയാകുമ്പോൾ പുറത്തേക്കുള്ള വഴിയും ടെർമിനലിന്റെ ഭാഗമാകും. പുതിയ ടെർമിനലിലെ 6 ബസ് ബേകൾ കെഎസ്ആർടിസിക്ക് മാത്രമായി ഉപയോഗിക്കാൻ വിട്ടുനൽകും. സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കും. ഗാരേജ് മാറ്റി സ്ഥാപിക്കും. യൂസർ ഫീ നൽകുന്നതിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കും. പുതിയ ടെർമിനലിൽ വരുമാന സൃഷ്ടിക്കുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും. വൈറ്റില ടെർമിനലിൽ കെഎസ്ആർടിസിക്ക് ഉപയോഗാവകാശവും സ്റ്റേഷൻ മാസ്റ്റർ ഓഫിസ് സൗകര്യങ്ങളും നൽകും.
കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിൽ കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകൾ ഇതോടെ നിലവിൽ വരും. കരിക്കാമുറിയിൽ ഹബ് വരുമ്പോൾ അതിനോടു ചേർന്നുതന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
മന്ത്രിമാരെ കൂടാതെ ടി.ജെ.വിനോദ് എംഎൽഎ, ഗതാഗത വകുപ്പ് സെക്രട്ടറി കെ.വാസുകി, ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു, അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്.പ്രമോജ് ശങ്കർ, ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്, ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മിഷണർ അശ്വതി നായർ, സ്മാർട്ട് സിറ്റി മിഷൻ സിഇഒ ഷാജി വി. നായർ എന്നിവർ പങ്കെടുത്തു.