മാലിന്യം നിറഞ്ഞൊഴുകി കുഴിക്കണ്ടം തോട്; കാരണം കണ്ടെത്താനായില്ല

Mail This Article
ഏലൂർ ∙ പെരിയാർ മലിനീകരണത്തിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായ കുഴിക്കണ്ടം തോട്ടിൽ ഒരു മാസമായി മാലിന്യം നിറഞ്ഞൊഴുകുന്നു. ചില ദിവസങ്ങളിൽ കറുത്തും ചില ദിവസങ്ങളിൽ വെളുത്തും മറ്റു ചില ദിവസങ്ങളിൽ വ്യത്യസ്ത നിറങ്ങളിലുമാണു കുഴിക്കണ്ടം തോട് പെരിയാറിലേക്ക് ഒഴുകുന്നത്. മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനു കഴിഞ്ഞിട്ടില്ല. തോട്ടിൽ നിന്നു കനത്ത ദുർഗന്ധം ഉയരുന്നുണ്ട്.
ഈ–കോളി ബാക്ടീരിയയുടെ സാന്നിധ്യം വൻതോതിലുണ്ടെന്നും ഘനലോഹങ്ങളുടെ സാന്നിധ്യമറിയാൻ ജലത്തിന്റെ സാംപിൾ ബോർഡിന്റെ സെൻട്രൽ ലാബിൽ ഏൽപിച്ചിരിക്കുകയാണെന്നും ഏലൂർ സർവീലൻസ് സെന്ററിലെ ഉദ്യോഗസ്ഥർ പറയുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭയും ഇന്നലെ തോട്ടിൽ നിന്നു വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു.സമീപ വാർഡുകളിലെ കിണറുകളിലും മാലിന്യം കലർന്നതായി കൗൺസിലർമാരും ചൂണ്ടിക്കാട്ടി. വിഷമാലിന്യം നിറഞ്ഞ കുഴിക്കണ്ടം തോട് മാലിന്യം നീക്കി ശുചീകരിക്കണമെന്നു കോടതികളടക്കം ആവശ്യപ്പെട്ടിട്ടുള്ളതാണ്.