കാലികളെ മേയ്ക്കുന്നതിനിടെ യുവാവ് പുലിയുടെ മുന്നിൽപെട്ടു; രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

Mail This Article
മൂന്നാർ ∙ തേയിലത്തോട്ടത്തിൽ കാന്നുകാലികളെ മേയ്ക്കുന്നതിനിടെ പുലിയുടെ മുന്നിൽപെട്ട യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കന്നുകാലി കൂട്ടങ്ങളിൽ ഒന്നിനെ പുലി ആക്രമിച്ചു കൊന്നു. ഇന്നലെ പകൽ പതിനൊന്നരയ്ക്ക് കണ്ണൻ ദേവൻ കമ്പനി നയമക്കാട് എസ്റ്റേറ്റ് ചോലമല ഡിവിഷനിലാണ് സംഭവം. ഈ ഡിവിഷനിലെ തൊഴിലാളികളുടെ പശുക്കളെ മേയ്ക്കുന്ന കാന്തസ്വാമി (45) ആണ് പുലിയുടെ മുന്നിൽ പെട്ടത്. ഒന്നാം നമ്പർ ഫീൽഡിലെ പുൽമേട്ടിൽ പശുക്കളെ അഴിച്ചു വിട്ട ശേഷം സമീപം കാവൽ നിൽക്കുകയായിരുന്നു കാന്തസ്വാമി.
ഈ സമയം തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നു പൊടുന്നനെയാണ് പുലി ഇറങ്ങി വന്നത്. ഇതിനെ കണ്ടതോടെ കാന്തസ്വാമി ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ തിരിഞ്ഞു നോക്കിയപ്പോഴാണ് പശുവിനെ ആക്രമിച്ച് വലിച്ചു കൊണ്ടുപോകുന്നത് കണ്ടതെന്ന് കാന്തസ്വാമി പറയുന്നു. എസ്റ്റേറ്റ് തൊഴിലാളിയായ മാരിയമ്മയുടെ പശുവാണ് ആക്രമിക്കപ്പെട്ടത്. പുലി ഇറങ്ങിയ വാർത്ത പരന്നതോടെ ഈ ഡിവിഷനിൽ ജോലികൾ നിർത്തിവച്ചു.