കുളങ്ങാട്ടുപാറയിൽ ഭീഷണിയായി പെരുന്തേനീച്ചക്കൂട്ടം; 200 മീറ്ററിനുള്ളിൽ 4 തേനീച്ചക്കൂടുകൾ
Mail This Article
കലൂർ∙ തൊടുപുഴ – ഊന്നുകൽ റോഡിൽ പെരുമാങ്കണ്ടത്തിനു സമീപം കുളങ്ങാട്ടുപാറയിലെ ജനവാസ മേഖലയിൽ ഭീഷണിയുയർത്തി പെരുന്തേനീച്ചക്കൂട്ടം. ഇവയെ നീക്കം ചെയ്യാൻ സർക്കാർ സംവിധാനങ്ങളില്ലെന്ന് അധികൃതർ അറിയിച്ചതായി നാട്ടുകാർ അറിയിച്ചു. 200 മീറ്ററിനുള്ളിൽ 4 തേനീച്ചക്കൂടുകളാണുള്ളത്. വീടുകൾക്കു സമീപത്തും പ്രദേശത്തെ അങ്കണവാടിയോട് തൊട്ടു ചേർന്നും കൂടുകളുണ്ട്.
നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വനംവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ഇവ നീക്കം ചെയ്യാൻ സംവിധാനമില്ലാത്തതിനാൽ ഇത്തരം ജോലികൾ ചെയ്യുന്ന സ്വകാര്യ വ്യക്തികളുടെ നമ്പർ തരാമെന്ന് അറിയിച്ചതായി പറയുന്നു. സാധാരണയായി വളരെ ഉയരമുള്ള മരങ്ങളിലോ കെട്ടിടങ്ങളിലോ ആണ് പെരുന്തേനീച്ചകൾ കൂടു കൂട്ടാറുള്ളതെങ്കിലും ഇവിടെ പരമാവധി അഞ്ചോ ആറോ അടി ഉയരത്തിൽ മാത്രമാണ് കൂടുകൂട്ടിയിരിക്കുന്നത്. എത്രയും വേഗം ഇവയെ ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.