പയ്യന്നൂർ കോളജിന് നാക് എ പ്ലസ് ഗ്രേഡ്; ബി പ്ലസിൽനിന്ന് 3 ലവൽ മെച്ചപ്പെടുത്തി
Mail This Article
പയ്യന്നൂർ ∙ യുജിസിയുടെ ദേശീയ കോളജ് ഗുണ പരിശോധനാ കമ്മിറ്റി നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയിൽ പയ്യന്നൂർ കോളജിന് എപ്ലസ് ഗ്രേഡ് ലഭിച്ചു.2018ലെ ബി പ്ലസ് ഗ്രേഡിൽ നിന്ന് 3 ലവൽ മെച്ചപ്പെടുത്തി. നാക് സംഘം അക്കാദമിക് മികവുകൾ, അധ്യാപന രീതി, പശ്ചാത്തല സൗകര്യം, പഠനോപകരണങ്ങളുടെ ലഭ്യത, ക്യാംപസ് സൗഹൃദ ഇടങ്ങൾ, ലൈബ്രറി, എന്നിങ്ങനെ എല്ലാ മേഖലയും പരിശോധിച്ചു.
മാനേജ്മെന്റ് പ്രതിനിധികൾ, ഐക്യുഎസി അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, എൻഎസ്എസ്, എൻസിസി, വിദ്യാർഥി യൂണിയൻ പ്രതിനിധികൾ എന്നിവരുമായും സംഘം ആശയ വിനിമയം നടത്തി. 14 ബിരുദ കോഴ്സുകളും 5 ബിരുദാനന്തര കോഴ്സുകളും 5 പിഎച്ച്ഡി പ്രോഗ്രാമുകളും കോളജിലുണ്ട്. കോളജിന്റെ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ സംഘത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.