ADVERTISEMENT

മംഗളൂരു ∙ ചരക്കു ലോറികൾ ട്രെയിൻ മാർഗം കൊണ്ടു പോകുന്ന റോ-റോ (റോൾ ഓൺ-റോൾ ഓഫ്) സർവീസ് കേരളത്തിൽ ആരംഭിക്കാൻ നടപടി തുടങ്ങി. പരീക്ഷണ ഓട്ടം ഇന്നു നടക്കും. രാവിലെ 7നു സൂറത്കലിൽ നിന്ന് ആരംഭിക്കുന്ന പരീക്ഷണ ഓട്ടം കോഴിക്കോട് വരെയാണ്. പ്രഖ്യാപിച്ച് 2 വർഷത്തിനു ശേഷമാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.

2009ൽ കൊങ്കൺ റെയിൽവേയാണ് രാജ്യത്ത് റോ-റോ സർവീസ് ആരംഭിച്ചത്. മഹാരാഷ്ട്രയിലെ കോലാഡ് മുതൽ ദക്ഷിണ കന്നഡയിലെ സൂറത്കൽ വരെയാണു കൊങ്കൺ റെയിൽവേ റോ-റോ സർവീസ് നടത്തുന്നത്. ഇതു മികച്ച വിജയം ആയതോടെയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആരംഭിക്കുന്ന കാര്യം റെയിൽവേ പരിഗണിച്ചത്.

റോ-റോ സർവീസ് കണ്ണൂരിലേക്കു ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് റെയിൽവേക്കു നിവേദനം നൽകിയിരുന്നു. ലോറികൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള സംവിധാനം കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കാമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്നു പാലക്കാട് ഡിവിഷൻ അധികൃതർ 2018 ഏപ്രിലിൽ കണ്ണൂരിലെത്തി ഉപയോക്താക്കളുമായി ചർച്ച നടത്തി. റെയിൽവേയുടെ വിവിധ വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ട്രയൽ റൺ വിജയകരമായാൽ റോ-റോ സർവീസ് കേരളത്തിലേക്കു നീട്ടും. റെയിൽ മാർഗം 40 ചരക്കു ലോറികൾ വരെ ഒന്നിച്ചു കൊണ്ടു പോകാൻ ഈ സംവിധാനത്തിൽ സാധിക്കും.

സൂറത്കൽ വരെയുള്ള റോ-റോ സർവീസ് കേരളത്തിലേക്കു ദീർഘിപ്പിക്കുമ്പോൾ മംഗളൂരു കുലശേഖരയിലും കാസർകോട് കളനാടുമായി 2 തുരങ്കങ്ങളുണ്ട്. ഇവയിലൂടെ കടന്നു പോകുന്നതിനു തടസ്സമുണ്ടോ എന്ന പരിശോധനയാണ് പ്രധാനമായും ഇന്നു നടക്കുക. ഈ ഭാഗത്ത് പ്രശ്‌നമില്ലെങ്കിൽ കേരളത്തിൽ എവിടേക്കും റോ-റോ സർവീസ് ആരംഭിക്കാൻ കഴിയും. ഇന്നു രണ്ടു ലോറികൾ കയറ്റിയാണു പരീക്ഷണ ഓട്ടം നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com