നീലേശ്വരം റെയിൽവേ സ്റ്റേഷൻ: കിഴക്കുഭാഗം പാർക്കിങ് സൗകര്യവും പ്രവേശന കവാടവും പരിഗണനയിൽ
Mail This Article
നീലേശ്വരം∙റെയിൽവേ സ്റ്റേഷനു കിഴക്കു ഭാഗത്ത് പാർക്കിങ് സൗകര്യവും പ്രവേശന കവാടവും റെയിൽവേയുടെ പരിഗണനയിലുണ്ടെന്നു പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ യശ്പാൽ സിങ് തോമർ. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നീലേശ്വരത്തെത്തിയ അദ്ദേഹം നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്– എൻആർഡിസി ഭാരവാഹികൾ നൽകിയ സ്വീകരണത്തിനു മറുപടിയായാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തെ സ്ഥലം റെയിൽവേക്ക് വരുമാനം ലഭിക്കും വിധം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുമോയെന്ന കാര്യവും പരിശോധിക്കും.
വടക്കൻ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാർഗം എന്ന നിലയിൽ നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വിശദമായ പദ്ധതി രേഖ തയാറായി വരുന്നതായും അറിയിച്ചു.നിലവിലെ ടിക്കറ്റ് കൗണ്ടറിനു പുറമെ ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ നീലേശ്വരത്തിനു ലഭ്യമാക്കും.
സിവിൽ, ഇലക്ട്രിക്കൽ, കമേഴ്സ്യൽ, മരാമത്ത് വിഭാഗം മേധാവികളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എൻആർഡിസി മുഖ്യ രക്ഷാധികാരി പി.മനോജ് കുമാർ, രക്ഷാധികാരി ഡോ.വി.സുരേശൻ, സെക്രട്ടറി എൻ.സദാശിവൻ, ചീഫ് സ്റ്റേഷൻ മാസ്റ്റർ വിനു, എം.ബാലകൃഷ്ണൻ, സി.എം.സുരേഷ് കുമാർ, ബാബുരാജ് കൗസല്യ, കെ.എം.ഗോപാലകൃഷ്ണൻ, പി.യു.ചന്ദ്രശേഖരൻ, നജീബ് കാരയിൽ, പി.ദിനേഷ് കുമാർ, സി.കെ.വിനീത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.