ശാസ്താംകോട്ട തടാകത്തിൽ ജലനിരപ്പ് ഉയർന്നു; കടവും വഴിയും മുങ്ങി, യാത്രക്കാർ പെരുവഴിയിൽ...
Mail This Article
ശാസ്താംകോട്ട ∙ തടാകത്തിൽ ജലനിരപ്പ് ഉയർന്നതോടെ കടത്ത് കടവും വഴിയും മുങ്ങി. വള്ളം അടുപ്പിക്കാൻ കഴിയാത്തതിനാൽ വിളന്തറയിലേക്കുള്ള യാത്രക്കാർ വലയുന്നു. കടവിൽ കാത്തിരിപ്പ് കേന്ദ്രവും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴായി. അമ്പലക്കടവിനെയും വിളന്തറ വെട്ടോലിക്കടവിനെയും ബന്ധിപ്പിച്ച് 6 വള്ളങ്ങളാണ് കടത്ത് സർവീസ് നടത്തുന്നത്.
വിളന്തറയിൽ നിന്നും ടൗണിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരാണ് പ്രധാനമായും കടത്തിനെ ആശ്രയിക്കുന്നത്. മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ കടവിലേക്കുള്ള വഴി മുങ്ങി. നടന്നു പോലും എത്താനാകില്ല. മറ്റുപല സ്ഥലങ്ങളിലേക്ക് വള്ളം അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ചെളി കാരണം യാത്രക്കാർക്ക് ഇറങ്ങാനും കയറാനും കഴിയാതെയായി.
വെട്ടോലിക്കടവിൽ മാത്രമാണ് കാത്തിരിപ്പു കേന്ദ്രമുള്ളത്. എന്നാൽ മഴയെത്തിയാൽ അമ്പലക്കടവിൽ കയറി നിൽക്കാൻ ഒരിടമില്ല. കടവ് നവീകരിക്കണമെന്നും മുൻപ് പ്രഖ്യാപിച്ച കാത്തിരിപ്പുകേന്ദ്രവും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കണമെന്നാണ് ആവശ്യം.