പണം വാരി സാമ്പ്രാണിക്കോടി എന്നിട്ടും വികസന പദ്ധതികളെല്ലാം വെള്ളത്തിൽ

Mail This Article
അഞ്ചാലുംമൂട് ∙ ഓണം അവധി ദിവസങ്ങളിൽ സാമ്പ്രാണിക്കോടി ടൂറിസത്തിലൂടെ ഡിടിപിസിക്ക് ലക്ഷങ്ങളുടെ വരുമാന നേട്ടം. ലക്ഷങ്ങൾ വരുമാനം ലഭിക്കുമ്പോഴും പ്രാക്കുളം സാമ്പ്രാണിക്കോടിക്കായി ഡിടിപിസി പ്രഖ്യാപിച്ച പദ്ധതികൾ ഇന്നും വെള്ളത്തിൽ. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ അടുത്തിടെ സ്ഥാനം നേടിയ സാമ്പ്രാണിക്കോടി ടൂറിസം പദ്ധതിയുടെ നടത്തിപ്പിലൂടെ ഈ ഓണം അവധിക്കാലത്ത് ഡിടിപിസിക്ക് ലഭിച്ച വരുമാനം ലക്ഷങ്ങളാണ്.
അൽപകാലം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറിയ സാമ്പ്രാണിക്കോടിയിൽ കഴിഞ്ഞ 27 മുതൽ സെപ്റ്റംബർ 2 വരെയുള്ള വരുമാനം 16 ലക്ഷത്തോളം രൂപയാണ്. ഇതിൽ അവിട്ടം, ചതയം ഓണ ദിനങ്ങളിൽ മാത്രം വരുമാനം 8 ലക്ഷത്തോളം രൂപ വരും. മറ്റു ജില്ലകളിലെയും സംസ്ഥാനത്തിനു പുറത്തെയും നിരവധി സഞ്ചാരികളാണ് ഓണം അവധി ആഘോഷത്തിനായി സാമ്പ്രാണിക്കോടിയിൽ എത്തിയത്.
സാമ്പ്രാണിക്കോടിയുടെ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി കുട്ടികളുടെ പാർക്ക്, പുനരുദ്ധാരണം അടക്കം ഒന്നരക്കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വരയായി മാറിയിരിക്കുകയാണ്. പുതിയ ശുചിമുറി കോംപ്ലക്സിന്റെ നിർമാണം ഒഴിച്ചാൽ മറ്റ് ഒരു നവീകരണ പദ്ധതിയും ഡിടിപിസി മുഖേന നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.
നിലവിലെ ബോട്ട് ജീവനക്കാർക്ക് നൽകുന്ന വേതനത്തിൽ വർധന വരുത്തണമെന്ന് ആവശ്യമുയർന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അതിലും നടപടി ആയിട്ടില്ല. സാമ്പ്രാണിക്കോടി തുരുത്തിൽ ഡിടിപിസി പ്രഖ്യാപിച്ച നവീകരണ പദ്ധതികൾ വേഗം നടപ്പിലാക്കണമെന്ന് സഞ്ചാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.