എന്റെ വിജയങ്ങൾക്കു പിന്നിൽ ചാവറ പിതാവിന്റെ അദൃശ്യ സാന്നിധ്യം: ആനന്ദബോസ്
Mail This Article
മാന്നാനം ∙ തനിക്കെന്തെങ്കിലും കഴിവുണ്ടെങ്കിൽ അത് ഈ മണ്ണിൽ നിന്നു ലഭിച്ചതാണെന്നും തനിക്കു ലഭിച്ച എല്ലാ അംഗീകാരങ്ങളും ചാവറ പിതാവിന്റെ കാൽപാദങ്ങളിൽ വിനയത്തോടെ സമർപ്പിക്കുന്നതായും ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ കബറിടത്തിലെത്തി പ്രാർഥിച്ച ശേഷം കെഇ സ്ഥാപനങ്ങളിലെ വിദ്യാർഥികളോടും അധ്യാപകരോടും സംവദിക്കുകയായിരുന്നു അദ്ദേഹം. ചാവറ പിതാവിന്റെ അദൃശ്യ സാന്നിധ്യമാണു തന്റെ വിജയങ്ങൾക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ആനന്ദബോസ് പഠിച്ച സെന്റ് ജോസഫ്സ് യുപി സ്കൂൾ, സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ, കെഇ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണു ഗവർണറെ സ്വീകരിച്ചത്. മാന്നാനം ആശ്രമ ദേവാലയാങ്കണത്തിൽ ഗവർണറെ സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഡോ. തോമസ് ചാത്തംപറമ്പിൽ, പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, പിആർഒ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേവാലയത്തിൽ പിടിയരി സമർപ്പണവും നടത്തി.
പര്യടനം റദ്ദാക്കി
ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന്റെ ഇന്നു മുതലുള്ള കേരള പര്യടനം റദ്ദാക്കി. അടിയന്തര ആവശ്യത്തിനായി അദ്ദേഹം ഇന്നു ഡൽഹിക്കു മടങ്ങും. രാവിലെ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് മടക്കം. 12 വരെയാണു നേരത്തേ പര്യടനം നിശ്ചയിച്ചിരുന്നത്.