വേനൽമഴയുടെ കലി; സർവത്ര നാശം: പോസ്റ്റുകൾ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു

Mail This Article
കോട്ടയം ∙ കനത്ത കാറ്റിലും വേനൽമഴയിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം. പോസ്റ്റുകൾ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. മരം കടപുഴകി പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. 10 വീടുകൾക്ക് നാശമുണ്ട്. കോട്ടയം തുരുത്തേൽപാലം ജംക്‌ഷനു സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിനോട് ചേർന്നുള്ള തണൽമരവും തോട്ടടുത്ത വീട്ടിലെ ചാമ്പ മരവും റോഡിലേക്ക് കടപുഴകിവീണ് ഭാരത് ആശുപത്രിയിലെ നഴ്സിനു പരുക്കേറ്റു. മാങ്ങാനത്ത് വാടകയ്ക്ക് താമസിക്കുന്ന കോയിക്കൽ പാർവതിക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് വൈകിട്ട് ഏഴു മുതലുള്ള അര മണിക്കൂറിൽ 55 മില്ലിമീറ്റർ മഴ പെയ്തു. ഈസ്റ്റ് വൈദ്യുതി സെക്‌ഷൻ പരിധിയിൽ മരം വീണ് 9 പോസ്റ്റുകൾ ഒടിഞ്ഞു.

കഞ്ഞിക്കുഴി, ഈരയിൽക്കടവ്, ഇറഞ്ഞാൽ, പുത്തേട്ട്, പുളിക്കച്ചിറ–റബർബോർഡ് ഭാഗം, കൊശമറ്റം കവലയ്ക്കു സമീപം എന്നിവിടങ്ങളിലാണ് 11 കെവി പോസ്റ്റുകൾ ഒടിഞ്ഞത്. ഈ ഭാഗങ്ങളിൽ വൈദ്യുതക്കമ്പികൾ പൊട്ടിവീണു.വൈദ്യുതി മുടങ്ങി. റെയിൽവേ ഗുഡ്സ്ഷെഡ്, ശാസ്ത്രി റോഡ് ഭാഗങ്ങളിൽ വൈദ്യുതക്കമ്പിയിലേക്ക് മരം വീണു. സെൻട്രൽ സെക്‌ഷൻ പരിധിയിലും പലയിടങ്ങളിലും പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി മുടങ്ങി. വേളൂർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞു. മണ്ണാന്തറ ഭാഗത്ത് മരം വീണ് പോസ്റ്റ് ഒടിഞ്ഞു.
മിന്നലിൽ മറിയപ്പള്ളി കുരിശിങ്കൽ റിച്ചാർഡിന്റെ വീടിന്റെ മേൽക്കൂരയ്ക്ക് നാശം. ആസ്ബസ്റ്റോസ് ഷീറ്റിന്റെ ഭാഗങ്ങളും സീലിങ്ങും തകർന്നു. പുളിനാക്കൽ ഭാഗത്ത് വെറ്ററിനറി ഡോ. മനോജിന്റെയും പൂഴിക്കാട്ട് ജയയുടെയും വീടിന്റെ മുകളിലേക്ക് ആഞ്ഞിലിമരം വീണ് നാശം. ഹരി ഇടയത്തുകളത്തിന്റെ വീടിന് മുകളിലേക്ക് മാവ് വീണു. മാവ് കടപുഴകി വീണ് നച്ചിക്കേരിൽ മോഹനന്റെ വീട് തകർന്നു. കമുക് വീണ് പാറപ്പാടത്ത് റാഫിയ ഉമ്മയുടെ വീടിനു നാശമുണ്ടായി. മുഞ്ഞനാട്ട് പുരയിടത്തെ ആഞ്ഞിലിവീണ് സമീപത്തെ വീടിന് നാശം. പുളിനാക്കൽ അനിൽ പ്രകാശിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയി.

ചിങ്ങവനം പോളച്ചിറ 37–ാം വാർഡിൽ പുത്തൻപുരയിൽ ജയ്സൺ ജേക്കബിന്റെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. വൈദ്യുതോപകരണങ്ങളും ഗൃഹോപകരണങ്ങളുംഉപയോഗശൂന്യമായി.താഴത്തങ്ങാടി ജുമാ മസ്ജിദിനു സമീപം പറമ്പിൽ ഇബ്രാഹിമിന്റെ വീടിനു മുകളിലേക്കു സമീപത്തെ പ്ലാവ് ഒടിഞ്ഞു വീണു. കുടുംബം നോമ്പ് തുറന്നതിനു ശേഷം വിശ്രമിക്കുന്നതിനിടെയാണ് അപകടം. വീടിനു സാരമായി കേടുപാടു സംഭവിച്ചു. വീട്ടിൽ കുടുങ്ങിപ്പോയ ഇബ്രാഹിമിനെ നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചു. ഇവരെ പിന്നീട് സമീപത്തെ വീട്ടിലേക്കു മാറ്റി.

എംഡി സ്കൂളിനു സമീപം വൽസമ്മയുടെ വീട്ടിലേക്ക് സമീപത്തെ വീട്ടിലെ തണൽമരം കടപുഴകി വീണു. കാർ പോർച്ചിനു മുകളിലേക്കാണ് മരം വീണത്. എംസി റോഡിൽ നാട്ടകം പോളിടെക്നിക്കിന്റെ എതിർഭാഗത്ത് 9 കടകളിൽ വെള്ളംകയറി ചെളിനിറഞ്ഞു. ഓടയിൽ വെള്ളംനിറഞ്ഞ് കവിഞ്ഞ് കടകളിൽ എത്തുകയായിരുന്നു. ജനസേവന കേന്ദ്രം, ഹോട്ടൽ, അക്വേറിയം, വാഹനഷോറും തുടങ്ങിയവയ്ക്ക് നാശനഷ്ടമുണ്ടായി. ∙ ദേവലോകം അരമനയുടെ സമീപത്ത് ഫ്ലാറ്റിൽ, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിന്റെ അലുമിനിയം ഷീറ്റ് തകർന്നു. ഇവയിൽ ചിലത് രണ്ടാം നിലയിലെ ബാൽക്കെണിയിൽ പറന്നുവീണു.
നാഗമ്പടത്ത് ബസ് സ്റ്റാൻഡിനു സമീപം പെട്ടിക്കടകളുടെ മുകളിലേക്ക് മരത്തിന്റെ കമ്പ് ഒടിഞ്ഞുവീണു. കോട്ടയം പാറയ്ക്കൽ കടവിൽ റോഡിനു നടുവിൽ മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. കഞ്ഞിക്കുഴി ദേവലോകം റോഡിൽ ദേവലോകത്തിനു സമീപം മരം റോഡിനു കുറുകെ വീണ് ഗതാഗത തടസ്സമുണ്ടായി.തിരുവാതുക്കൽ ഇല്ലിക്കൽ റോഡിൽ വേളൂർ ഭാഗത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിൽ വിവിധ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ റോഡിലേക്ക് മറിഞ്ഞു വീണു. തളിയിൽ മഹാദേവ ക്ഷേത്രത്തിലെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് നാശമുണ്ടായി.
താഴത്തങ്ങാടി ജുമാ മസ്ജിദ് മുറ്റത്തെ തേക്കുമരം റോഡിലേക്ക് വീണ് ഗതാഗതതടസ്സമുണ്ടായി. ശ്രീനിവാസ അയ്യർ റോഡിൽ അസി.ദേവസ്വം കമ്മിഷണർ ഓഫിസിനു സമീപം മരം വീണ് ഗതാഗത തടസ്സം. അഗ്നിരക്ഷാ സേന എത്തി മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കാറ്റിൽ ചിങ്ങവനം വെട്ടിത്തറ റോഡിൽ ബവ്റിജസിനു സമീപം മരം വീണ് ഗതാഗത തടസ്സം. അഗ്നിരക്ഷാ സേന തടസ്സം നീക്കി. കോട്ടയം സിഎംഎസ് ഹൈസ്കൂളിനു സമീപത്ത് തണൽമരം റോഡിലേക്ക് വീണ് ഗതാഗത തടസ്സം,.കോട്ടയം നഗരത്തിലെ വിവിധയിടങ്ങളിൽ പരസ്യ ബോർഡുകൾ നിലംപതിച്ചു.
പാക്കിൽ പന്നിമറ്റം എഫ്സിഐയുടെ പറമ്പിലെ തേക്കുമരം സമീപത്തെ കുളത്തിങ്കൽ കെ.പി.സുരേഷിന്റെ വീടിന്റെ മുകളിലേക്ക് വീണു. ഈരയിൽക്കടവ് മണിപ്പുഴ ബൈപാസ് റോഡിൽ ഈരയിൽക്കടവ് ജംക്‌ഷനു സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. കോട്ടയം– കൊല്ലാട് റോഡിൽ മരം വീണ് ഗതാഗതതടസ്സം. ചുങ്കത്തിന് സമീപം മരം വീണ് കോട്ടയം–മെഡിക്കൽ കോളജ് റോഡിൽ ഗതാഗതതടസ്സം
ഇന്നലത്തെ കാറ്റ്
∙കോട്ടയം– മണിക്കൂറിൽ 50 കിലോമീറ്റർ
∙കുമരകം– മണിക്കൂറിൽ 47 കിലോമീറ്റർ
(ഡേറ്റ: കാലാവസ്ഥാ വകുപ്പിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷൻ, മീനച്ചിൽ റിവർ റെയ്ൻ മോണിറ്ററിങ് നെറ്റ്‌വർക്)
ഇന്നലത്തെ മഴ
∙കോട്ടയം – 73.5 മില്ലിമീറ്റർ (വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെ)
∙പാതാമ്പുഴ – 66 മില്ലിമീറ്റർ (വൈകിട്ട് 6 മുതൽ 7.30 വരെ)
∙കുമരകം– 33 മില്ലിമീറ്റർ (വൈകിട്ട് 6.30 മുതൽ 8.30 വരെ)
മഴക്കലി
∙കോട്ടയം നഗരത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ്
∙പാതാമ്പുഴയിൽ ഒരു മണിക്കൂറിൽ 66 മില്ലിമീറ്റർ മഴ
∙ കോട്ടയത്ത് അര മണിക്കൂറിൽ 55 മില്ലിമീറ്റർ മഴ