ലോക ചെസിനെ കോഴിക്കോട്ട് പ്രതിഷ്ഠിച്ച‘കോയാജി’

Mail This Article
രാജ്യത്തെ ഇന്നത്തെ ചെസ് പുരോഗതിയുടെ അടിക്കല്ലാണ് ഉമ്മർകോയയെന്ന് ഇന്ത്യയിലെ രണ്ടാം ഗ്രാൻഡ് മാസ്റ്ററും അടുത്ത സുഹൃത്തുമായ ദിബ്യേന്ദു ബറുവ. ഇന്ത്യൻ ചെസിനെയും ചെസ് സംഘടനയെയും ശക്തിപ്പെടുത്തിയതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്ന് ബറുവ ‘മനോരമ’യോടു പറഞ്ഞു.
‘‘കോയാജിയുടെ പിന്തുണയുടെ പിൻബലത്തിൽ ഒട്ടേറെ ചെറുപ്പക്കാർ മുൻനിരയിലെത്തി. ഒട്ടേറെ ഗ്രാൻഡ് മാസ്റ്റർ ടൂർണമെന്റുകൾ കൊണ്ടുവന്നു. കളിക്കാർക്ക് മികച്ച കോച്ചുകളുടെ പരിശീലനമൊരുക്കി. ഇന്ത്യൻ ചെസിന് നികത്താനാവാത്തതാണ് അദ്ദേഹത്തിന്റെ വിയോഗം’’–ബറുവ പറഞ്ഞു. ഇന്ത്യൻ ചെസിലെ ഏറ്റവും മികച്ച സംഘാടകരിലൊരാളെയാണ് ഉമ്മർകോയയുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്ന് ദിനതന്തി നെക്സ്റ്റ് സ്പോർട്സ് എഡിറ്റർ ഹരിഹരനന്ദനൻ അനുസ്മരിച്ചു.
‘‘സ്വന്തം തട്ടകമായ കോഴിക്കോട്ടു നടത്താൻ പറ്റാത്തത്ര വലിപ്പമുള്ള ടൂർണമെന്റുകളൊന്നും ലോകത്തില്ല എന്ന നിലപാടുകാരനായിരുന്നു ഉമ്മർകോയ. 1990ൽ നോവിസാദ് ഒളിംപ്യാഡിനിടെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ഇതു നമുക്ക് കോഴിക്കോട്ടു നടത്തണം. ഒളിംപ്യാഡ് കൊണ്ടുവരാനായില്ലെങ്കിലും രണ്ടു ലോക ജൂനിയർ ചാംപ്യൻഷിപ്പുകൾ കോഴിക്കോട്ടു നടത്തി. കൂടാതെ 2000ൽ ന്യൂഡൽഹിയിൽ ലോക ചെസ് ചാംപ്യൻഷിപ്പും. നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. ഒരുവിധത്തിലുള്ള സമ്മർദത്തിനും വഴങ്ങിയിരുന്നില്ല. കാലിക്കറ്റ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നപ്പോൾ റഷ്യൻ ഭാഷ പഠിച്ചത് രാജ്യാന്തര ചെസ് ബന്ധങ്ങളെ വളർത്തുന്നതിൽ അദ്ദേഹത്തെ ഒരുപാട് സഹായിച്ചു–ഹരിഹര നന്ദനൻ പറയുന്നു.
തന്റെ ചെസ് ജീവിതത്തിൽ ഉമ്മർകോയയുടെ സഹായങ്ങൾ മറക്കാനാവില്ലെന്ന് മുൻ ഏഷ്യൻ ജൂനിയർ ചാംപ്യനും ഇന്റർനാഷനൽ മാസ്റ്ററുമായ രത്നാകരൻ പറഞ്ഞു.
‘‘പല ഗ്രാൻമാസ്റ്റർ ടൂർണമെന്റുകളിലും എൻട്രി ഫീ അദ്ദേഹം ഒഴിവാക്കിത്തന്നു. ഒരു മാസം പ്രശസ്ത ചെസ് കോച്ച് അലക്സാണ്ടർ ലിസങ്കോയുടെ കോച്ചിങ് അദ്ദേഹം ഏർപ്പാടാക്കിത്തന്നു. അതും പൈസയൊന്നും ഈടാക്കാതെ. ’’–രത്നാകരൻ പറഞ്ഞു.
‘കോയ അങ്കിളി’ന്റെ മരണം കുട്ടിക്കാലത്തെ ഒട്ടേറെ ഓർമകൾ ഉണർത്തിയെന്ന് വനിതാ ഗ്രാൻഡ്മാസ്റ്റർ നിഷ മോഹോത്ത. ‘‘ എന്റെ ആദ്യ ഒളിംപ്യാഡിനു മുൻപ് കോഴിക്കോട്ട് താജ് ഹോട്ടിൽ ഒരുക്കിയ കോച്ചിങ് ക്യാംപുകൾ മറക്കാനാവില്ല. 2003ൽ ഞാൻ വനിതാ ഗ്രാൻഡ് മാസ്റ്റർ ആയ ശേഷം അദ്ദേഹം കോഴിക്കോട്ട് വലിയ പത്രസമ്മേളനം ഒരുക്കിയിരുന്നു. അതിനുശേഷം ഒരു താരമായാണ് ഞാൻ കൊൽക്കത്തയിൽ മടങ്ങിയെത്തിയത്’’–നിഷ ഓർമകൾ പങ്കുവച്ചു.