തേടിയതെപ്പോഴും കവിതയുടെ കാതൽ; അധ്യാപനത്തിലും സ്വന്തം വഴി തെളിച്ച കാവ്യനിരൂപകൻ കെ.പി.ശങ്കരന് ഇന്നു ശതാഭിഷേകം

Mail This Article
കോഴിക്കോട് ∙ മലയാള സാഹിത്യനിരൂപണ രംഗത്തെ സൗമ്യദീപ്ത സ്വരമായ കെ.പി.ശങ്കരൻ ശതാഭിഷേക നിറവിൽ. ഇന്നു വൃശ്ചികത്തിലെ പുണർതം നാളിൽ അദ്ദേഹം 84–ാം പിറന്നാൾ ആഘോഷിക്കുന്നു.കവിതയുടെ സൗന്ദര്യാത്മകതയിൽ ഊന്നിയതാണ് നിരൂപണത്തിലെ ശങ്കരശൈലി. വിമർശനങ്ങളുടെ വാളുകൊണ്ടു കൃതികളെ കീറിമുറിക്കുന്നതല്ല, കഥയിലും കവിതയിലും വായനക്കാരൻ കാണാതെ പോകുന്നതു കാണിച്ചു കൊടുക്കലാണ് നിരൂപകന്റെ ധർമമെന്ന് അദ്ദേഹം വിശ്വസിച്ചു. ‘‘പോസിറ്റീവായി എന്തെങ്കിലും എഴുതാൻ ഉണ്ടെങ്കിലേ എഴുതിത്തുടങ്ങാറുള്ളൂ, കുറ്റപ്പെടുത്താൻ മാത്രമായി ഒന്നും എഴുതാറില്ല’ –കെ.പി.ശങ്കരൻ പറയുന്നു.
മലയാളത്തിലെ പ്രമുഖ കവികളുടെ രചനകളുടെ സവിശേഷതകൾ വായനക്കാർക്കു പകർന്നു നൽകിയ കെ.പി.ശങ്കരൻ രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തി. ഏകാങ്ക നാടകത്തിലായിരുന്നു തുടക്കം. എംടിയുടെ മഞ്ഞ് ഉൾപ്പെടെ കഥകൾക്കും നിരൂപണം എഴുതിയെങ്കിലും കവിതയായിരുന്നു പ്രധാന തട്ടകം. കവിതയിലെ അർഥ കൽപനകളെയും സാന്ദ്രഭാവനകളെയും ഇഴവിടർത്തിയും ഇഴചേർത്തും വായനക്കാരനു കാണിച്ചുകൊടുക്കുന്ന കരവിരുതായിരുന്നു ആസ്വാദനാത്മകമായ ആഖ്യാനശൈലിയുടെ കാതൽ.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരവും വിശിഷ്ടാംഗത്വവും ലഭിച്ചു. 2 വട്ടം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. ചെറുകാട് അവാർഡ്, സി.പി.മേനോൻ സ്മാരക പുരസ്കാരം, ദേവീപ്രസാദം ട്രസ്റ്റ് അവാർഡ്, കെ.പി.നാരായണ പിഷാരടി പുരസ്കാരം, എസ്.ഗുപ്തൻ നായർ ഫൗണ്ടേഷൻ അവാർഡ്, വൈലോപ്പിള്ളി ജയന്തി പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ നേടി. ഋതുപരിവർത്തനം, നവകം, മറ്റൊരു വൈലോപ്പിള്ളി, കവിതാഹൃദയം, അധ്യാത്മ രാമായണം–സംശോധനം, വ്യാഖ്യാനം, ഹരിനാമകീർത്തനം വ്യാഖ്യാനം, മഹാഭാരതം ഒരു പുനർവായന, അക്കിത്തപ്പെരുമ, ഗാന്ധികവിതകൾ –പഠനം, ജ്ഞാനപ്പാന–വ്യാഖ്യാനം തുടങ്ങി മുപ്പതോളം കൃതികൾ രചിച്ചു.
തൃശൂർ ജില്ലയിലെ പൈങ്കുളത്ത് ജനിച്ച അദ്ദേഹം ചങ്ങനാശ്ശേരി എസ്ബി കോളജ്, തൃശൂർ കേരളവർമ കോളജ്, മൈസൂരു റീജനൽ കോളജ് ഓഫ് എജ്യുക്കേഷൻ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 2001ൽ വിരമിച്ചു. 3 വർഷമായി ഭാര്യ കമലാദേവിക്കൊപ്പം കോഴിക്കോട് ചെലവൂരിന് അടുത്ത കോട്ടാമ്പറമ്പിലാണ് താമസം. എഴുത്തിനും പഠനത്തിനും ചിന്തയ്ക്കും ഇപ്പോഴും വിശ്രമം അനുവദിച്ചിട്ടില്ല; എൻ.കെ.ദേശത്തിന്റെ സമ്പൂർണകൃതികളുടെ നിരൂപണത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. മക്കളും അടുത്ത ബന്ധുക്കളും മാത്രമുള്ള ലളിതമായ ചടങ്ങിലാണ് ഇന്നത്തെ പിറന്നാൾ.