ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി പന്തുതട്ടാൻ അബ്ദുൽ റബീഹ്

Mail This Article
മലപ്പുറം∙ അണ്ടർ 23 ഏഷ്യാകപ്പ് യോഗ്യതാമത്സരങ്ങൾ കളിച്ച് കഴിഞ്ഞ ദിവസമാണ് ചൈനയിൽനിന്ന് അബ്ദുൽ റബീഹ് തിരിച്ചെത്തിയത്. ഇന്നലെ വീണ്ടും ചൈനയിലേക്കു വിമാനം കയറി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു പന്തുതട്ടാൻ. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിലെ മലപ്പുറത്തിന്റെ അഭിമാനമാണ് ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ അബ്ദുൽ റബീഹ്.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ്സിയുടെ വിശ്വസ്തനായ റബീഹിന്റെ ആദ്യ ഏഷ്യൻ ഗെയിംസ് കൂടിയാണിത്. ‘രാജ്യത്തിന്റെ ജഴ്സിയിൽ ഇറങ്ങാനാവുക ഏതൊരു കായികതാരത്തിന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. അത് സാധിച്ചതിൽ അഭിമാനമുണ്ട്’. റബീഹ് മനോരമയോടു പറഞ്ഞു.
ഏഷ്യൻ ഗെയിംസിനിറങ്ങുമ്പോൾ ഒരു മധുരപ്രതികാരത്തിന്റെ സാധ്യത കൂടി റബീഹിനു തുറന്നു കിട്ടുന്നുണ്ട്. അണ്ടർ 23 ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്കഴിഞ്ഞ 9ന് നടന്ന മത്സരത്തിൽ ചൈനയോട് റബീഹ് ഉൾപ്പെട്ട ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു. ഏഷ്യൻ ഗെയിംസിൽ 19ന് ഇന്ത്യയുടെ ആദ്യ മത്സരവും ചൈനയ്ക്കെതിരെയാണ്.
10 ദിവസത്തിനുള്ളിലൊരു പകരം വീട്ടലിന് ഇത് അവസരം നൽകുന്നു. മലപ്പുറം എംഎസ്പി ടീമിൽ കളിച്ചു തെളിഞ്ഞ റബീഹ് ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന റബീഹ് ബെംഗളുരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് ടീമുകളിൽ കളിച്ച ശേഷമാണ് ഹൈദരാബാദ് എഫ്സിയിലെത്തിയത്. 2020–21 സീസണിൽ ഐഎസ്എൽ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു.
ഇത് അവർക്കു വേണ്ടി
ഏതു മത്സരത്തിനിറങ്ങുമ്പോഴും ഓർക്കുന്ന, എപ്പോൾ വിളിക്കുമ്പോഴും റബീഹ് പറയുന്ന രണ്ടു പേരുകളുണ്ട്. അത് പ്രിയ കൂട്ടുകാരായ ജംഷീർ മുഹമ്മദിന്റെയും മുഹമ്മദ് ഷിബിലിന്റെയും പേരാണ്. തന്റെ ആദ്യ ഐഎസ്എൽ (2021–22)സീസണിൽത്തന്നെ തന്റെ ടീമായ ഹൈദരാബാദ് എഫ്സി കപ്പടിക്കുമ്പോഴും നിറകണ്ണുമായാണ് റബീഹ് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നിന്നത്. നാട്ടിൽനിന്നു കളി കാണാനായി ഗോവയിലേക്കു പുറപ്പെട്ട പ്രിയ കൂട്ടുകാർ ജംഷീർ മുഹമ്മദും മുഹമ്മദ് ഷിബിലും വഴിക്ക് കാസർകോട്ട് വാഹനാപകടത്തിൽ മരിച്ചതായിരുന്നു സങ്കടത്തിന്റെ കാരണം.
റബീഹിന്റെ പിതൃസഹോദര പുത്രനാണു ഷിബിൽ. ജംഷീർ അയൽവാസിയും. ‘അവരെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല.രാജ്യത്തിനുവേണ്ടി ഞാൻ കളിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നവരാണവർ. ഏതു മത്സരത്തിനിറങ്ങുമ്പോഴും മനസ്സിൽ അവരുടെ മുഖം വരും. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഞാൻ കളിക്കുന്നതും അവർക്കുവേണ്ടിത്തന്നെ’ റബീഹ് പറഞ്ഞു.