125 അടിയിൽ ഭാരതകഥ: ഇത് അരുണിന്റെ മഹാപർവം

Mail This Article
എടപ്പാൾ ∙ മഹാഭാരതത്തിലെ 18 പർവങ്ങളിൽ (അധ്യായം) നിന്നുള്ള കഥാ സന്ദർഭങ്ങളെ ആസ്പദമാക്കി കൂറ്റൻ ചിത്രം തയാറാക്കി ചിത്രകാരൻ അരുൺ അരവിന്ദ്. എടപ്പാൾ കോലൊളമ്പ് സ്വദേശിയായ അരുൺ അരവിന്ദ്, കേരളീയ ചുമർ ചിത്ര രചനാ ശൈലിയിൽ ആണ് അൻപതിലേറെ സീനുകളാക്കി 125 അടി നീളവും 3 അടി വീതിയുമുള്ള കൂറ്റൻ ചിത്രം വരച്ചത്.
കോട്ടയ്ക്കൽ കേരള ആർട് ഗാലറിക്ക് വേണ്ടിയാണു ചിത്രം തയാറാക്കിയത്. മാസങ്ങളോളം നീണ്ട പഠനങ്ങൾക്കും ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനും ഒടുവിലായിരുന്നു ഈ ബൃഹത്തായ ചിത്രം പിറവിയെടുത്തത്. ഒട്ടേറെ സുന്ദരങ്ങളും പ്രാധാന്യവുമേറിയതുമായ നിമിഷങ്ങൾ ഉൾപ്പെടുന്ന മഹാഭാരതത്തിൽ നിന്നു വരയ്ക്കാനുള്ള വിഷയങ്ങൾ തീരുമാനിക്കുക എന്നതായിരുന്നു അരുണിന് മുന്നിലെ വലിയ വെല്ലുവിളി.
സ്ഥിരം കണ്ടുപോരുന്ന കഥാ സന്ദർഭങ്ങൾക്ക് പകരം അധികം പരിചിതമല്ലാത്തവയാണ് കൂടുതലായും വരയ്ക്കാനായി തിരഞ്ഞെടുത്തത്. കഥാ സന്ദർഭങ്ങളെ ഒരു മാല പോലെ കോർത്തിണക്കിയ രീതിയിലാണ് ഈ ചിത്ര മഹാഭാരതം ദൃശ്യാവിഷ്കാരം. ശിഷ്യരായ ശ്രീനി പന്താവൂർ, അനീഷ് വയനാട് എന്നിവരും സഹായികളായി ഒപ്പമുണ്ടായി. ചുമർ ചിത്രകലാ രംഗത്ത് രണ്ടു പതിറ്റാണ്ടായി സജീവ സാന്നിധ്യമാണ് ചിത്രകലാ അധ്യാപകൻ കൂടിയായ ഈ യുവാവ്. ഗുരുവായൂർ ചുമർ ചിത്രകലാ പഠന കേന്ദ്രത്തിലാണ് പഠനം പൂർത്തീകരിച്ചത്. പിന്നീട് ഒട്ടേറെ പ്രധാന ക്ഷേത്രങ്ങളിൽ ചുമർ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയനായി.
പല വ്യക്തികളുടെ ശേഖരങ്ങളിലേക്കും അപൂർവങ്ങളായ ചിത്രങ്ങൾ വരച്ചു നൽകി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൈനികർക്കും കർഷകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൂക്കരത്തറ ദാറുൽഹിദായ സ്കൂളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും ഉൾപ്പെടെ അയ്യായിരത്തോളം പേരുടെ കൈരേഖ ഉപയോഗിച്ച് 1,500 ചതുരശ്ര അടിയിൽ ചിത്രം തയാറാക്കി ഏഷ്യൻ റെക്കോർഡിൽ ഇടം നേടിയിരുന്നു. നിലവിൽ തയാറാക്കിയ മഹാഭാരതം ദൃശ്യാവിഷ്കാരം വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്താനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇതേ രീതിയിൽ രാമായണം ദൃശ്യാവിഷ്കാരവും തയാറാക്കാനുള്ള ശ്രമത്തിലാണ് അരുൺ അരവിന്ദ്.