മരുത മേഖലയിൽ നാശം വിതച്ച് കാറ്റും മഴയും

Mail This Article
എടക്കര∙ മഴയിലും കാറ്റിലും മരുത മേഖലയിൽ വൻ നാശനഷ്ടം. ഇന്നലെ വൈകിട്ടു നാലരയോടെ പെയ്ത കനത്ത മഴയിലും തുടർന്നുണ്ടായ കാറ്റിലും മരുതക്കടവ്, വെണ്ടേക്കുംപൊട്ടി, ഓടപ്പൊട്ടി, വേങ്ങാപ്പാടം, കാഞ്ഞിരത്തിങ്കൽ, ചക്കപ്പാടം എന്നിവിടങ്ങളിലാണു നാശനഷ്ടമുണ്ടായത്. വെട്ടാടി സരോജിനി, ഗഫൂർ കളത്തിൽ, സുലൈമാൻ നെടുംകുളത്ത്, ജംസീന താനിക്കൽ, തോമസ് കാവുങ്ങൽ എന്നിവരുടെ വീടുകളുടെ മുകളിലേക്കു മരം വീണു മേൽക്കൂരകൾ തകർന്നു.മരുതക്കടവിലെ പെരുമായൽ ഡേവിഡിന്റെ കടയുടെ മുകളിലേക്കു മരം വീണു. മരുത കല്ലായിപ്പൊട്ടി മേഖലയിൽ മുപ്പതിലധികം വൈദ്യുത പോസ്റ്റുകൾ നിലംപതിച്ചിട്ടുണ്ട്. രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാൻ വഴിക്കടവ് കെഎസ്ഇബി അധികൃതർ പ്രവർത്തനം നടത്തിവരികയാണ്. തെങ്ങ്, കമുക്, റബർ എന്നിവ കടപുഴകി വീണു കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

മൂത്തേടം∙ കൽക്കുളത്ത് കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചു. മാവ് കടപുഴകിവീണു പാലക്കുണ്ടൻ അബ്ദുൽ മുത്തലിബ്, കുന്നകാടൻ മുജീബ് എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. മുജീബിന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വണ്ടൂർ ∙ കനത്തകാറ്റിൽ തെങ്ങുവീണു വീട് തകർന്നു. നടുവത്ത് ചേന്ദംകുളങ്ങര പച്ചീരി രാജന്റെ വീടിനു മുകളിലാണു തെങ്ങു വീണത്. ഇന്നലെ വൈകിട്ടു ശക്തമായ മഴയും കാറ്റുമാണുണ്ടായത്. പ്രദേശത്തു കൃഷിനാശവും ഉണ്ടായിട്ടുണ്ട്.