ADVERTISEMENT

മുംബൈ∙ അനധികൃത പരസ്യബോർഡുകൾക്കെതിരെ കർശനനടപടി എടുക്കണമെന്ന് സർക്കാരിനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. മേയ് രണ്ടിന് വീണ്ടും കേസ് പരിഗണിക്കുന്നതിന് മുൻപ് വ്യക്തമായ ആക്‌ഷൻ പ്ലാൻ സർക്കാർ കോടതിക്ക് മുന്നിൽ വയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എം.എസ്. കാർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.സംസ്ഥാനത്ത്, പ്രത്യേകിച്ച് മുംബൈ നഗരത്തിൽ ഒട്ടേറെ പരസ്യ ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ട്.

ഇവയെല്ലാം നീക്കം ചെയ്യാൻ കൃത്യമായ പദ്ധതി തയാറാക്കണം. 13 വർഷമായി കാര്യങ്ങൾ നിരീക്ഷിക്കുന്നു. 2016ൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പോലും ഇതു വരെ നടപ്പാക്കിയിട്ടില്ല. അനധികൃത പരസ്യ ബോർഡ് നിരോധനം നടപ്പാക്കിയ ലാത്തൂർ, അംബർനാഥ് മുനിസിപ്പൽ കോർപറേഷനുകളെ അഭിനന്ദിക്കുന്നു.  എന്നാൽ, എന്താണ് മറ്റിടങ്ങളിൽ സംഭവിക്കുന്നത് – കോടതി ചോദിച്ചു. സന്നദ്ധ സംഘടന നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.

വർഷങ്ങളായി അനധികൃത പരസ്യബോർഡുകൾക്കെതിരെ ഒട്ടേറെ ഉത്തരവുകൾ ഇറക്കിയിട്ടും സർക്കാർ വീഴ്ച വരുത്തുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ‘മുംബൈയിൽ ബോർഡുകളുടെ പ്രളയമാണ്. എല്ലാ മുനിസിപ്പൽ കോർപറേഷനുകളെയും കക്ഷികളാക്കിയിട്ടുണ്ടെങ്കിലും ആരും വേണ്ട വിധത്തിൽ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല’– ഹർജിക്കാരുടെ അഭിഭാഷകൻ ആരോപിച്ചു.

 പാർപ്പിടസമുച്ചയങ്ങളിലും പൊതുഇടങ്ങളിലും ബാനറുകളും രാഷ്ട്രീയപാർട്ടികളുടെ കൊടികളും തോരണങ്ങളും സ്ഥാപിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ബിഎംസിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും നേരത്തെ ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബിഎംസിയുടെ അനുമതിയില്ലാതെ കൊടിയും ബോർഡുകളും സ്ഥാപിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

 നിയമവിരുദ്ധമായ ഡിസ്പ്ലേകൾ നീക്കം ചെയ്യുന്നതിനായി ബിഎംസിയുടെ എല്ലാ വാർഡുകളിലും ആളുകൾ ഉണ്ടെന്നിരിക്കെ പരാതി ലഭിച്ചാലും നടപടികൾ ഉണ്ടാകുന്നില്ലെന്നുള്ളതും വിമർശനത്തിന് വിധേയമായിരുന്നു. മുൻകാല ഉത്തരവുകൾ പാലിക്കാത്തതിൽ ബിഎംസിയുടെ അഭിഭാഷകൻ കോടതിയിൽ മാപ്പ് പറഞ്ഞ് രണ്ടാഴ്ചയ്ക്ക് പിന്നാലെയാണ് വിഷയത്തിൽ വീണ്ടും കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

പരാതി പറയാം ടോൾഫ്രീ നമ്പറിൽ
∙ പാർപ്പിടസമുച്ചയങ്ങളിലും മറ്റും അനുമതിയില്ലാതെ ഫ്ലെക്സുകളും, കൊടിതോരണങ്ങളും സ്ഥാപിച്ചാൽ ടോൾഫ്രീ നമ്പറായ 1916ൽ പരാതി പറയാം.  ∙ ബിഎംസിയുടെ അംഗീകൃത പരസ്യബോർഡുകളിലെല്ലാം ക്യുആർ കോഡ് ഉണ്ട് എന്നതിനാൽ തിരിച്ചറിയാനും എളുപ്പമാണ്.

English Summary:

High Court orders crackdown on illegal billboards; the court criticized the government's inaction and demanded a concrete plan to remove unauthorized advertisements across Mumbai.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com