വടക്കഞ്ചേരി ബസ് അപകടത്തിൽ മോട്ടർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ; പ്രധാന കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം
Mail This Article
പാലക്കാട് ∙ ദേശീയപാത വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിനു പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിതവേഗമാണെന്നു മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി.
ദേശീയപാതയുടെ ഇടതുവശത്തു തിരിച്ചറിയൽ വരയും (റോഡ് എഡ്ജ് മാർക്കിങ്) തെരുവുവിളക്കുകളും ഇല്ലാത്തതും മാലിന്യക്കൂമ്പാരവും അപകടത്തിന് ആക്കം കൂട്ടി. അപകടത്തിനു തൊട്ടുമുൻപു യാത്രക്കാരനെ ഇറക്കുന്നതിനു കെഎസ്ആർടിസി ബസ് വേഗം കുറച്ചെന്നും ട്രാൻസ്പോർട്ട് കമ്മിഷണർക്ക് എൻഫോഴ്സ്മെന്റ് ആർടിഒ എം.കെ.ജയേഷ് കുമാർ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ടൂറിസ്റ്റ് ബസ് ഡ്രൈവർ അലക്ഷ്യമായാണു ബസ് ഓടിച്ചത്. പന്നിയങ്കര ടോൾപ്ലാസ കടക്കുമ്പോൾ കെഎസ്ആർടിസി ബസ്, കാർ, പിക്കപ് വാൻ അതിനു പിന്നിൽ ടൂറിസ്റ്റ് ബസ് എന്ന ക്രമത്തിലായിരുന്നു. എന്നാൽ അമിതവേഗത്തിലായിരുന്ന ടൂറിസ്റ്റ് ബസ് പിക്കപ്പ് വാനിനെയും കാറിനെയും മറികടന്നു. വടക്കഞ്ചേരി മേൽപാലം കഴിഞ്ഞു പോസ്റ്റ് ഓഫിസിനു സമീപമെത്തിയപ്പോൾ കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ നിർത്തണമെന്നാവശ്യപ്പെട്ടു.
അപകടം നടന്ന സ്ഥലത്തിനു 50 മീറ്റർ മുൻപു ബസ് വേഗം കുറച്ച് ആളെയിറക്കി മുന്നോട്ടുപോകുമ്പോഴേക്കും പിന്നിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചു. കെഎസ്ആർടിസി ബസിന്റെ പിന്നിൽ വലതുവശത്ത് ഇടിച്ച ശേഷം പിൻഭാഗം കൊളുത്തിവലിച്ചു ടൂറിസ്റ്റ് ബസ് മുന്നോട്ടു പോയി. പിന്നീട് കെഎസ്ആർടിസിയുമായി വേർപെട്ട ടൂറിസ്റ്റ് ബസ് ആദ്യം റോഡിനു നടുവിലെ മീഡിയനു നേരെ പോകുകയും പിന്നീട് ഇടത്തോട്ടു തിരിച്ചു റോഡിന്റെ വശവും കടന്നു മാലിന്യക്കൂമ്പാരത്തിനു മുകളിലേക്കു കയറി മറിയുകയായിരുന്നു. മറിഞ്ഞ ശേഷം നിരങ്ങിയാണു നിന്നത്.
അപകടം നടക്കുമ്പോൾ കെഎസ്ആർടിസി ബസിന്റെ വേഗം മണിക്കൂറിൽ 10 കിലോമീറ്റർ താഴെയും ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്ററുമായിരുന്നു. കെൽട്രോൺ ഉൾപ്പെടെയുള്ള ഏജൻസികളുടെ സാങ്കേതിക സഹായത്തോടെ 22 ദിവസം നീണ്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കിയത്.
ഒക്ടോബർ 5ന് ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണു മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു പോയതായിരുന്നു ടൂറിസ്റ്റ് ബസ്.
സുരക്ഷിത അകലം ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിച്ചില്ല
പാലക്കാട് ∙ വാഹനം മറികടക്കുമ്പോൾ പാലിക്കേണ്ട സുരക്ഷിത അകലം ഉൾപ്പെടെ ഒരു മാനദണ്ഡവും ടൂറിസ്റ്റ് ബസ് ഡ്രൈവർ പാലിച്ചില്ലെന്നും മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ പരാമർശം. വളവിലൂടെ അപകടകരമായാണു മറികടന്നത്.
കെഎസ്ആർടിസി ബസ് ആളെ ഇറക്കാൻ വേഗം കുറയ്ക്കുമ്പോൾ സിഗ്നൽ നൽകിയില്ല. ദേശീയപാതയുടെ അറ്റകുറ്റപ്പണി മാർച്ചിൽ പൂർത്തീകരിച്ചെങ്കിലും റോഡിന്റെ ഇടത്തെ അരികിൽ തിരിച്ചറിയൽ വരകൾ വരച്ചില്ല. റിഫ്ലക്ടീവ് സ്റ്റഡും ഉണ്ടായിരുന്നില്ല. തെരുവുവിളക്കുകളും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ല. ടൂറിസ്റ്റ് ബസിനകത്തു നിയമവിരുദ്ധമായി സൗണ്ട് ബോക്സുകൾ, ലൈറ്റുകൾ, അലങ്കാരത്തിനായി ഘടിപ്പിച്ച ഇതര സംവിധാനങ്ങൾ എന്നിവ ഉണ്ടായിരുന്നു.
ശുപാർശകൾ
∙ ഡ്രൈവർമാരുടെ അമിതവേഗം നിയന്ത്രിക്കാൻ നടപടി വേണം. സുരക്ഷിത ഡ്രൈവിങ് സംബന്ധിച്ച് പരിശീലനം വേണം. അലക്ഷ്യമായി ഡ്രൈവിങ് നടത്തുന്നവരെ നിർബന്ധിത സാമൂഹിക സേവനത്തിന് അയയ്ക്കണം.
∙ഡ്രൈവർമാർക്ക് ഉറക്കം, ക്ഷീണം എന്നിവ വരുമ്പോൾ അതു തിരിച്ചറിഞ്ഞു മുന്നറിയിപ്പു നൽകാനുള്ള സംവിധാനം വാഹനങ്ങളിൽ വേണം. വാഹനം അപകടകരമായ വേഗത്തിലേക്കു പോകുമ്പോൾ ‘സേഫ് മോഡിലേക്ക്’ പോകാൻ സംവിധാനം വേണം.
∙റോഡ് പണി നടക്കുമ്പോഴും അവസാനിക്കുമ്പോഴും സുരക്ഷാ ഓഡിറ്റ് വേണം. റോഡ് പണി കഴിഞ്ഞാലുടൻ സുഗമമായ ഡ്രൈവിങ്ങിനു സഹായിക്കുന്ന വരകൾ, തെരുവുവിളക്കുകൾ, റിഫ്ലക്ടറുകൾ, സുരക്ഷാ മുന്നറിയിപ്പു ബോർഡുകൾ എന്നിവ സ്ഥാപിക്കണം.
∙ ദേശീയപാതയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതു പ്രോജക്ട് തയാറാക്കുന്ന സമയത്തെ ജനവാസം പരിഗണിച്ചാണ്. ഇത് നിശ്ചിത കാലയളവിൽ പുനർനിർണയിക്കണം. റോഡിലെ വേഗപരിശോധന കർശനമാക്കണം. വിനോദയാത്രയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.