ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഏപ്രിൽ 2 നു പല  രാജ്യങ്ങൾക്കും ട്രംപ് പകരച്ചുങ്കം ചുമത്തും എന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. എന്നാൽ ഇതിൽ കാനഡയും, മെക്സിക്കോയും ഉൾപ്പെട്ടില്ല എന്നുള്ളത് പലർക്കും അത്ഭുതമായി. എല്ലാ രാജ്യങ്ങൾക്കും ചുങ്കം ചുമത്തിയപ്പോഴും കാനഡയെയും, മെക്സിക്കോയെയും ഒഴിവാക്കിയത് എന്തുകൊണ്ടാണ്? കാനഡയും, മെക്സിക്കോയും തമ്മിലുള്ള വ്യാപാരക്കരാർ അനുസരിച്ചാണ് ഈ രാജ്യങ്ങൾക്ക് ചുങ്കം ചുമത്താത്തത് എന്ന് പറയുമ്പോഴും, ഇതിനുള്ളിൽ മറ്റു ചില സത്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ട്.  

 വലിയ വ്യാപാര പങ്കാളികൾ

മെക്സിക്കോയും കാനഡയുമാണ് അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾ. കോടിക്കണക്കിനു ഡോളറിന്റെ കച്ചവടമാണ് ഈ രണ്ടു രാജ്യങ്ങളുമായി അമേരിക്കയ്ക്കുള്ളത്.

അസംസ്കൃത എണ്ണ, ലോഹ അയിരുകൾ, ധാതുക്കൾ, ഉപഭോക്തൃ വസ്തുക്കൾ, മോട്ടോർ വാഹനങ്ങൾ, ഭാഗങ്ങൾ, വനവൽക്കരണം, നിർമാണ വസ്തുക്കൾ തുടങ്ങി ഊർജ ഉൽപ്പന്നങ്ങൾ, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയുൾപ്പെടെയുള്ള ഊർജ്ജ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലേക്കുള്ള  പ്രധാന കയറ്റുമതിക്കാരാണ് കാനഡ.

Representative image. (Image Credits: XtockImages/istockphoto.com)
Representative image. (Image Credits: XtockImages/istockphoto.com)

കാനഡയിൽ നിന്നും  സ്വർണം, നിക്കൽ, യുറേനിയം, വജ്രങ്ങൾ, ലെഡ് എന്നിവയുൾപ്പെടെ ലോഹ അയിരുകളും ധാതുക്കളും ഗണ്യമായ അളവിൽ അമേരിക്കയിലേക്ക്  കയറ്റുമതി ചെയ്യുന്നുണ്ട് .കാനഡയുടെ  കയറ്റുമതിയുടെ മറ്റൊരു  പ്രധാന ഭാഗം മോട്ടോർ വാഹനങ്ങളും ഭാഗങ്ങളുമാണ്. തടി, മര ഉൽപന്നങ്ങൾ, മറ്റ് വനവൽക്കരണ, നിർമാണ സാമഗ്രികൾ, യന്ത്രങ്ങൾ, ആണവ റിയാക്ടറുകൾ, ബോയിലറുകൾ, റെയിൽ‌വേ അല്ലെങ്കിൽ ട്രാംവേ ഒഴികെയുള്ള വാഹനങ്ങൾ എന്നിവയും കാനഡയുടെ കയറ്റുമതിയിൽപ്പെടുന്നു.

 മെക്സിക്കോയുടെ ഏറ്റവും വലിയ കയറ്റുമതി അമേരിക്കയിലേക്കാണ്.2023-ൽ മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നം വാഹനങ്ങളാണ്, അതിന്റെ മൂല്യം 1303 കോടി ഡോളറാണ്. തൊട്ടുപിന്നാലെ ഇലക്ട്രിക്കൽ മെഷിനറികളും (8555 കോടി ഡോളർ) ആണവ റിയാക്ടറുകളും (8161 കോടി ഡോളർ) കയറ്റുമതി ചെയ്യുന്നു .

ഇതിനൊക്കെ പുറമെ, പൊതുവായി മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും  അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് അസംസ്കൃത എണ്ണയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായ അമേരിക്കയിലേക്ക് എന്തിനാണ് മെക്സിക്കോയിൽ നിന്നും, കാനഡയിൽ നിന്നും വീണ്ടും എണ്ണ ഇറക്കുമതി ചെയ്യുന്നത്? ഇതിന് ഉത്തരം കണ്ടെത്തിയാൽ 'ട്രീറ്റി ' യുടെ പേരിൽ ഇന്നലെ മെക്സികോക്കും, കാനഡക്കും ചുങ്കം ചുമത്താത്തതിന്റെ  രഹസ്യവും മനസിലാകും.

ഓയിൽ റിഫൈനറി (Photo credit:tuachanwatthana/iStock)
ഓയിൽ റിഫൈനറി (Photo credit:tuachanwatthana/iStock)

പുതിയ ചുങ്കം ചുമത്താത്തതിന്റെ പിന്നിലെ രഹസ്യം

പല തരത്തിലുള്ള അസംസ്കൃത എണ്ണകളാണ് പല രാജ്യങ്ങളിലും ഡ്രിൽ ചെയ്ത് എടുക്കുന്നത്. അമേരിക്കയിൽ ഉൽപ്പാദിപ്പിക്കുന്ന  തരം അസംസ്കൃത  എണ്ണയും കാനഡയിൽ ഉൽപ്പാദിപ്പിക്കുന്ന തരം അസംസ്കൃത എണ്ണയും ഒരു പോലുള്ളവ അല്ല.

അമേരിക്കയിൽ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ ഭൂരിഭാഗവും നേരിയ മധുരമുള്ള അസംസ്കൃത എണ്ണയാണ്. ഇത് ശുദ്ധീകരിക്കാനുള്ള റിഫൈനറികൾ അമേരിക്കയിൽ അധികമില്ല. എന്നാൽ കാനഡയിലും, മെക്സിക്കോയിലും ഉൽപ്പാദിപ്പിക്കുന്നത് കട്ടി കൂടിയ തരം അസംസ്കൃത എണ്ണയാണ്. ഇത് ശുദ്ധീകരിക്കാനുള്ള റിഫൈനറികൾ അമേരിക്കയിൽ ഉണ്ട്.

കാനഡയിൽ ഉൽപ്പാദിപ്പിക്കുന്നത് പോലുള്ള  കട്ടി കൂടിയ  എണ്ണകൾ കൈകാര്യം ചെയ്യുന്നതിനാണ് പല അമേരിക്കൻ  റിഫൈനറികളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ ഉപയോഗിച്ച് ഗ്യാസോലിൻ, ഡീസൽ, രാസവസ്തുക്കൾ,പ്ലാസ്റ്റിക്കുകൾ തുടങ്ങിയ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കാൻ അമേരിക്കക്ക് എളുപ്പമാണ്. അമേരിക്കയിലെ പല ശുദ്ധീകരണശാലകളും, പ്രത്യേകിച്ച് ഗൾഫ് തീരത്തും മിഡ്‌വെസ്റ്റിലുമുള്ളവ, കട്ടിയുള്ള  അസംസ്കൃത എണ്ണ സംസ്‌കരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്.

ലൈറ്റ് ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാൽ അമേരിക്കൻ  ഉൽപ്പാദകർ അവരുടെ 'ലൈറ്റ് ക്രൂഡ് ഓയിൽ' രാജ്യാന്തര വിപണികളിൽ വിൽക്കുന്നു. കാരണം അതിലൂടെ  അവർക്ക് ആഭ്യന്തര വിപണിയേക്കാൾ ഉയർന്ന വില ലഭിക്കും.

കനത്ത അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുക, ലൈറ്റ് അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യുക എന്ന രീതിയാണ് അമേരിക്ക വർഷങ്ങളായി പിന്തുടരുന്നത്. ഇതിനായി ആശ്രയിക്കുന്നത് കാനഡയെയും, മെക്സിക്കോയെയും ആയതിനാൽ പെട്ടെന്ന് ഈ കാര്യം താറുമാറാക്കാൻ അമേരിക്ക ഒരുക്കമല്ല. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി എണ്ണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുക എന്ന നയം അമേരിക്ക  വളരെക്കാലമായി പിന്തുടരുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സാമീപ്യം, ലഭ്യമായ അസംസ്കൃത എണ്ണയുടെ തരങ്ങൾ, എണ്ണ കൊണ്ടുപോകുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നീ കാര്യങ്ങൾകൊണ്ടെല്ലാം അമേരിക്ക, കാനഡയിൽ നിന്നും, മെക്സിക്കോയിൽ നിന്നും അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നു

കാര്യക്ഷമതയും ലാഭവും കൂട്ടാൻ വേണ്ടി നിലവിലുള്ള റിഫൈനറികൾക്ക് യോജിച്ച രീതിയിൽ കാനഡയിൽ നിന്നും, മെക്സിക്കോയിൽ നിന്നും അമേരിക്കയ്ക്ക് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തേ തീരൂ. ഇത്തരമൊരു സാഹചര്യത്തിൽ ചുങ്കം ചുമത്തുകയാണെങ്കിൽ അമേരിക്കൻ റിഫൈനറികൾക്ക് അസംസ്കൃത എണ്ണ  ലഭിക്കാത്ത ഒരു സാഹചര്യം  ഉണ്ടാകും.

1024531932

അമേരിക്കയിലെ വിവിധ റിഫൈനറികൾ അവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്ന എണ്ണയെ ശുദ്ധീകരിക്കുന്ന തരത്തിൽ രൂപ മാറ്റം വരുത്തിയാൽ പ്രശ്‍നം തീരില്ലേ എന്ന് ചിന്തിച്ചാൽ അതിലും ഒരു പ്രശ്‍നം  ഉണ്ട്. അമേരിക്കയുടെ

'എൻവയൺമെന്റൽ സ്റ്റാൻഡേർഡ്‌സ്'  ഇതിനെ ഒരു 'പ്രശ്‍നം' പിടിച്ച കാര്യമായാണ് കാണുന്നത്. പുതിയ റിഫൈനറികൾ തുടങ്ങാൻ അമേരിക്ക താല്പര്യപ്പെടുന്നില്ല എന്ന കാര്യം ഇതിന് പിന്നിലുണ്ട്.

ഇന്ധന കയറ്റുമതി-ഇറക്കുമതി  അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ ശക്തി

എണ്ണ, വാതക കയറ്റുമതിയും ഇറക്കുമതിയും അമേരിക്കയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ സുരക്ഷയെയും ഇത് നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. തൊഴിൽ, ആഭ്യന്തര വിപണിയിലെ മറ്റ് സാധനങ്ങളുടെ വിലകൾ, കയറ്റുമതി വരുമാനം തുടങ്ങി പല മേഖലകളിലും അസംസ്കൃത എണ്ണയുടെ കയറ്റുമതി, ഇറക്കുമതി സ്വാധീനം കാണാം.

'അമേരിക്ക ഫസ്റ്റ്' എന്ന ആശയത്തിൽ തുടങ്ങിയ ട്രംപ്, നിലവിൽ നന്നായി  പോകുന്ന നിർമാണ മേഖലയെ തകർക്കുമെന്ന് പ്രവചനങ്ങളുണ്ട്. 'ക്രമരഹിതമായ' രീതിയിൽ ചുമത്തുന്ന താരിഫുകൾ അമേരിക്കൻ ഉല്പാദന മേഖലയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക അനിശ്ചിതത്വം ഇപ്പോൾ തന്നെ ഈ മേഖലകളിൽ ഉടലെടുത്തിട്ടുണ്ട് എന്ന റിപ്പോർട്ടുകളും ഇതിനോട് കൂട്ടി വായിക്കാം. ആ ഒരു അവസ്ഥയിൽ സ്ഥിരമായി അമേരിക്കൻ റിഫൈനറികളിലേക്കെത്തുന്ന കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള അസംസ്കൃത എണ്ണയുടെ വരവ് നിലച്ചാൽ, അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് ട്രംപ് ഭയപ്പെടുന്നുണ്ട്. ചുങ്കം ഏർപ്പെടുത്തിയാൽ അത് അമേരിക്കയ്ക്ക് തിരിച്ചടിയാകും എന്ന ചിന്ത ഇതിൽനിന്ന് ഉണ്ടായതാകാൻ സാധ്യതയുണ്ട്.

ചുരുക്കി പറഞ്ഞാൽ അമേരിക്ക വീണ്ടും കാനഡക്കും മെക്സികോയ്ക്കും കൂടി ചുങ്കം ചുമത്തിയാൽ അത് തങ്ങളുടെ തന്നെ 'വയറ്റത്തടിക്കുമെന്ന് ' അമേരിക്കയ്ക്ക് അറിയാം. ആഗോള തലത്തിൽ തന്നെ അസംസ്കൃത എണ്ണ  വിപണികളെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് കഴിയുന്നത്  കാനഡയിൽ നിന്നും, മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് ആഭ്യന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലും, അമേരിക്കയിൽ ഡ്രിൽ ചെയ്‌തെടുക്കുന്ന എണ്ണ കയറ്റുമതി ചെയ്യുന്നതിലുമാണ്. ഈ ഒരു നേട്ടം കളഞ്ഞുകുളിക്കാൻ അമേരിക്ക ഒരുക്കമല്ല എന്ന കൃത്യമായ നിലപാട് ഇന്നലെ പകരച്ചുങ്കം മറ്റെല്ലാ രാജ്യങ്ങൾക്കും ഏർപ്പെടുത്തിയപ്പോൾ വ്യക്തമായി. അസംസ്കൃത എണ്ണ വിട്ടുള്ള ഒരു കളിക്ക് അമേരിക്ക തയ്യാറല്ല എന്നൊരു കാര്യവും ട്രംപ് പറയാതെ പറഞ്ഞിരിക്കുകയാണ്.

English Summary:

Trump's surprising decision to exclude Canada and Mexico from new tariffs is explained. Learn why America's reliance on their crude oil imports outweighs the potential benefits of tariffs. Understand the strategic implications for US energy security and economic stability.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com