പൊള്ളാച്ചി-പാലക്കാട് റോഡ് തകർച്ച; ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് ജനം

Mail This Article
കൊഴിഞ്ഞാമ്പാറ ∙ അപകടം പതിവായ പൊള്ളാച്ചി-പാലക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. യാത്ര തടസ്സപ്പെട്ടതോടെ വലഞ്ഞ് പൊതുജനം. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് കൊഴിഞ്ഞാമ്പാറയിൽ നിന്നും എലപ്പുള്ളി പാറ വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് അപ്പുപിള്ളയൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്നും ഉടൻ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ജീവനക്കാരുടെ മിന്നൽ സമരം.

പൊള്ളാച്ചി-പാലക്കാട് റോഡിൽ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള റോഡാണ് തകർന്നു കിടക്കുന്നത്. മിക്ക ദിവസങ്ങളിലും ഈ ഒന്നിലധികം അപകടം നടക്കാറുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളുണ്ടാവുകയും മരണങ്ങൾ ഉൾപ്പെടെ സംഭവിക്കുകയും ചെയ്തു. സമരത്തെ തുടർന്ന് കൊഴിഞ്ഞാമ്പാറ - പാലക്കാട് റൂട്ടിലെ യാത്രക്കാർ വലഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. എന്നാൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു പ്രതിഷേധക്കാർ അറിയിച്ചു. തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വിഷയത്തിൽ ഇടപെട്ടു.
റോഡ് നവീകരിക്കാൻ ടെൻഡർ എടുത്ത കെആർഎഫ്ബി അധികൃതരും കൊഴിഞ്ഞാമ്പാറ എസ്ഐ ബി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി. ടെൻഡർ എടുത്തെങ്കിലും കരാർ ഒപ്പിടാത്തതിനാൽ പണി ഉടൻ ആരംഭിക്കാനാവില്ല. അതുകൊണ്ട് ഇന്നുതന്നെ കോൺക്രീറ്റ് ഉപയോഗിച്ച് കുഴികൾ അടച്ച് താൽക്കാലിക പരിഹാരം കാണാമെന്നും 10 ദിവസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്നുള്ള ഉറപ്പിൽ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു. അതേസമയം സമരം അവസാനിപ്പിച്ചെങ്കിലും സർവീസ് ഇന്നുമുതലേ ആരംഭിക്കൂ എന്ന് ബസ് ജീവനക്കാർ പറഞ്ഞു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ റോഡിലെ കുഴികൾ താൽക്കാലികമായി അടയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.