ടോൾ പ്രശ്നത്തിൽ പുകഞ്ഞ് പന്നിയങ്കര; നാട്ടുകാരിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് ജനകീയവേദി

Mail This Article
വടക്കഞ്ചേരി ∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ നിന്ന് പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്തുമെന്ന ടോൾ കമ്പനിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2022 മാർച്ച് 9 മുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. അന്നു മുതൽ പ്രദേശവാസികൾക്ക് സൗജന്യയാത്ര അനുവദിക്കുകയായിരുന്നു. നിരവധി സമരങ്ങൾക്ക് ശേഷമാണ് വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കാണ് സൗജന്യയാത്ര അനുവദിച്ചത്.
ഇത് നിർത്തലാക്കാൻ അനുവദിക്കില്ലെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ പറഞ്ഞു. കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ ഈ മാസം 15 നുള്ളിൽ പ്രദേശവാസികളുടെ ടോൾ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ടോൾ അധികൃതർ വ്യക്തമാക്കി. മന്ത്രി കെ.രാജനും തരൂർ, ആലത്തൂർ എംഎൽഎമാരും എംപിയും ജില്ലാ കലക്ടറും ടോൾ കമ്പനി അധികൃതരും ദേശീയപാത അതോറിറ്റിയും ചേർന്ന സമിതിയാണ് അന്തിമ തീരുമാനം എടുക്കുക.
ടോൾ പ്ലാസയുടെ നാലുഭാഗത്തേക്കും 5 കിലോമീറ്റർ പരിധി കണക്കാക്കി സൗജന്യ യാത്ര അനുവദിക്കാമെന്നാണ് ടോൾ പ്ലാസ പ്രതിനിധികൾ പറയുന്നത്. പാലിയേക്കര ടോൾ പ്ലാസയിൽ ഉള്ളതുപോലെ 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കണമെന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം. നിലവിൽ 20 കിലോമീറ്റർ പരിധിയിലെ വാഹനങ്ങൾക്ക് സൗജന്യയാത്ര അനുവദിക്കുന്നുണ്ട‌്.
ഇത് പകുതിയായി കുറയ്ക്കാമെന്നും അതിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംയുക്ത സമരസമിതി ഭാരവാഹികളും ജനകീയവേദി ഭാരവാഹികളും പറഞ്ഞു. മറിച്ച് തീരുമാനം ഉണ്ടായാൽ വീണ്ടും ശക്തമായ സമരം എന്ന നിലപാടിലാണ് വിവിധ സംഘടനകൾ. എന്നാൽ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് പി.പി.സുമോദ് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ. ഇരു ഭാഗത്ത് നിന്നും വിട്ടുവീഴ്ച ചെയ്ത് 8 കിലോമീറ്റർ പരിധിയിലുള്ളവർക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യയാത്ര നൽകാമെന്ന നിലയിലേക്ക് ചർച്ച എത്തിക്കാനാണ് ശ്രമം.