പന്നിയങ്കരയിലെ ടോൾ: 6 പഞ്ചായത്തിൽ ഉള്ളവർക്കുള്ള സൗജന്യം തുടരണം എന്ന് സമരസമിതി

Mail This Article
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്തുമെന്ന ടോൾ കമ്പനിയുടെ ആവശ്യത്തിൽ നാളെ കലക്ടറേറ്റിൽ യോഗം ചേരും. കെ.രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പി.പി.സുമോദ്, കെ.ഡി.പ്രസേനൻ, കലക്ടർ ജി.പ്രിയങ്ക, ദേശീയപാത അതോറിറ്റി പ്രതിനിധി, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവരുൾപ്പെടുന്ന കമ്മിറ്റിയാണ് യോഗം ചേരുക. പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും തുടർച്ചയായ സമരങ്ങളെത്തുടർന്ന് അഞ്ചു കിലോമീറ്റർ പരിധിയിൽ ഉള്ളവർക്ക് കരാർ കമ്പനി സൗജന്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ, പത്തു കിലോമീറ്റർ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കമ്മിറ്റിയെടുക്കുന്ന തീരുമാനം ജനകീയസമിതിയെയും വിവിധ രാഷ്ട്രീയ സംഘടനകളെയും അറിയിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം നടപ്പിലാക്കുക. ടോൾ കമ്പനിയും ദേശീയപാത അതോറിറ്റിയും ടോൾ ചുമത്താൻ വഴി തേടുമ്പോൾ വടക്കഞ്ചേരി പട്ടണത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ടോൾ നൽകി യാത്ര ചെയ്യാനാകില്ലെന്നും തുച്ഛമായ വില നൽകിയാണ് പ്രദേശവാസികൾ ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനൽകിയതെന്നും പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യയാത്ര എന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറിയാൽ സമരം ശക്തമാക്കുമെന്നും വിവിധ സംഘടനാ പ്രതിനിധികൾ അറിയിച്ചു.
പന്നിയങ്കരയിൽ ടോൾപിരിവ് തുടങ്ങിയ 2022 മാർച്ച് മാസം മുതൽ വടക്കഞ്ചേരി, കിഴക്ക ഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇതിൽ മാറ്റം വേണമെന്ന ശക്തമായ നിലപാടിലാണ് ടോൾ കമ്പനി. എന്നാൽ 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യം നിർത്തലാക്കാൻ അനുവദിക്കില്ലെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ പറഞ്ഞു.
പാലിയേക്കര ടോൾ പ്ലാസയിൽ 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യയാത്രയാണ് അനുവദിച്ചിരിക്കുന്നത്. ഇത് പന്നിയങ്കരയിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് വർഷമായി കമ്പനി വിവിധ സമയങ്ങളിൽ പ്രദേശവാസികൾക്ക് ടോൾ നിരക്ക് നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ശക്തമായ സമരങ്ങളെ തുടർന്ന് ടോൾ കമ്പനിക്ക് ഇത് നടപ്പിലാക്കാനായില്ല. ഓരോ പ്രാവശ്യം ടോൾ പ്രഖ്യാപിക്കുമ്പോഴും ജനങ്ങൾ ഒറ്റക്കെട്ടായി എത്തി സമരം നടത്തിയാണ് ടോൾ പിരിവ് നിർത്തലാക്കിയത്.