ഭക്തിസാന്ദ്രമായി പെരുങ്കുളം രഥോത്സവം

Mail This Article
ആലത്തൂർ∙ പെരുങ്കുളത്ത് ദേവപരിണയം കഴിഞ്ഞു. ഇന്ന് ദേവദമ്പതികളുടെ മടക്കയാത്ര. ലക്ഷ്മി പരിണയ സ്മൃതികളിൽ അഗ്രഹാരങ്ങൾ ഭക്തിസാന്ദ്രമായി. വരദരാജപ്പെരുമാളിന്റെയും മഹാലക്ഷ്മയുടെയും വിവാഹത്തെ പുനരാവിഷ്കരിക്കുന്ന രഥോത്സവത്തിൽ ഇന്നലെ പരിണയ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള ദേവകളുടെ എഴുന്നള്ളത്തായിരുന്നു. ഗ്രാമവീഥികളിലൂടെ അഴകിന്റെ അലപോലെ ദേവരഥങ്ങൾ ഒഴുകി. ഭക്തിയുടെയും ആവേശത്തിന്റെയും തിരകളിളകി.
ദേവഗാന്ധർവത്തിനുള്ള ചടങ്ങുകൾ ഒരാഴ്ച മുൻപേ ആരംഭിച്ചു. സായാഹ്ന സൂര്യന്റെ കനകക്കതിരുകൾ പടർന്ന ഗ്രാമവീഥികളിലൂടെ തേർചക്രങ്ങൾ ഉരുണ്ടു തുടങ്ങിയപ്പോഴേ ഹർഷാരവമായി. വേദമന്ത്രങ്ങളും നാമോച്ചാരണങ്ങളും മുഴങ്ങി. ഇന്നലെ ഉച്ചയ്ക്ക് രഥാരോഹണം നടത്തി. നാല്ഗ്രാമങ്ങളിലെയും ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ രഥങ്ങളിൽ പ്രതിഷ്ഠിക്കുന്നതാണ് ചടങ്ങ്.
വർണശബളമായ പടുകൂറ്റൻ രഥങ്ങളിൽ ശ്രീകൃഷ്ണൻ, പരമശിവൻ, വരദരാജപ്പെരുമാൾ എന്നിവരെ എഴുന്നള്ളിക്കുന്ന രഥങ്ങൾ തെക്കെഗ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് കാര്യോട്ട് ഗ്രാമം മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക് നീങ്ങി. നാല് ഗ്രാമരഥങ്ങളും അവിടെ ഒത്തുകൂടി. രഥസംഗമ കാഴ്ചകൾ ആസ്വദിക്കാൻ ഒട്ടേറെ പേർ എത്തി.
രാത്രിയോടെ ദേവകൾ പള്ളിക്കുറുപ്പിലാണ്ടു. ഇന്ന് വൈകിട്ട് കാര്യോട്ട്ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം വരുന്ന തെക്കേഗ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് രഥങ്ങൾ മടക്കപ്രയാണം തുടങ്ങും. അവിടെ പ്രത്യേക പൂജകൾക്കു ശേഷം രഥങ്ങൾ അതത് ഗ്രാമങ്ങളിലേക്കു മടങ്ങും. രാത്രി രഥാവരോഹണം നടത്തും.