സാധാരണയിൽ കൂടുതൽ മഴയെന്ന് കാലാവസ്ഥാ ഏജൻസികൾ; മഴ നിൽക്കുമ്പോൾ കടുത്ത ചൂടിനും സാധ്യത

Mail This Article
പാലക്കാട് ∙ കാലാവസ്ഥാ കേന്ദ്രത്തിനൊപ്പം (ഐഎംഡി) രാജ്യാന്തര കാലാവസ്ഥാ ഗവേഷണ ഏജൻസികളും പറയുന്നു, വേനൽമഴ സാധാരണയിൽ കൂടുതൽ ലഭിക്കുമെന്ന്. മഴയുടെ ഇടവേളയിൽ അസാധാരണ ചൂടും കേരളത്തിൽ ഉണ്ടാകാമെന്നാണ് ഏഴ് ഏജൻസികളിൽ ആറിന്റെയും പ്രവചനം. യൂറോപ്യൻ കാലാവസ്ഥാ ഏജൻസികളായ സിഎസ് 3, ഇസി എംഡബ്ല്യുഎഫ്, അമേരിക്കയിലെ എൻസിഇപി, ജപ്പാനിലെ ജെഎംഎ, ലോക കാലാവസ്ഥാ സംഘടന, കൊറിയൻ എപിസിസി എന്നിവയാണു ശക്തമായ മഴ നിരീക്ഷിക്കുന്നത്. ബ്രിട്ടനിലെ മെറ്റ് ഒാഫിസിന്റെ പ്രവചനം സാധാരണ മഴയാണ്.
ഉരുൾപൊട്ടൽ വരെ ഉണ്ടാകുന്ന മഴ ലഭിക്കുമെന്നു സൂചിപ്പിച്ച ഐഎംഡി ചൂടിന്റെ തീവ്രതയും വ്യക്തമാക്കുന്നു. ജപ്പാൻ ഏജൻസിയും ഐഎംഡിയും ഒഴികെയുള്ളവർ സാധാരണയെക്കാൾ കൂടുതൽ ചൂടും പ്രവചിക്കുന്നു. ഇതിനകം ചിലയിടത്ത് ഉഷ്ണതരംഗം രേഖപ്പെടുത്തി. മഴ മേയ് പകുതി വരെ ഏറിയും കുറഞ്ഞും തുടരാമെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിലവിലെ നിരീക്ഷണം. ഐഎംഡി കണക്കിൽ മാർച്ച് ഒന്നു മുതൽ ഏപ്രിൽ 4 വരെ കിട്ടേണ്ടത് 42.9 മില്ലിമീറ്റർ മഴയാണെങ്കിലും 86.9 മില്ലിമീറ്റർ ലഭിച്ചു. 103% കൂടുതലാണിത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പെയ്തത്.
മറ്റു ജില്ലകളിലും ഇരട്ടിയിലധികം മഴ ലഭിച്ചു. വേനലിന്റെ തുടക്കം മുതൽ ചൂട് ഉയരാറുള്ള പാലക്കാട്ട് ഈ കാലയളവിൽ 31.3 മില്ലിമീറ്റർ മഴയാണു സാധാരണ കിട്ടേണ്ടതെങ്കിലും ഇത്തവണ അത് 86.1 മില്ലീമീറ്ററായി. കാസർകോട് ജില്ലയിൽ 47% കുറവാണ്. ഇവിടെ 18.4% വേണ്ടിടത്ത് 9.8 മില്ലിമീറ്ററാണു പെയ്തത്.വേനലിൽ കഠിനമായ ചൂടിന്റെ സാധ്യത ആദ്യം നിരീക്ഷിച്ചിരുന്നെങ്കിലും ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വലിയ മാറ്റമാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. മഴ കുറഞ്ഞ് കടുത്ത ചൂടിലേക്കു പോകാനുള്ള സാധ്യതയും അവർ തള്ളുന്നില്ല. 2018ലും ഏതാണ്ട് ഈ രീതിയിലാണു വേനൽമഴ ലഭിച്ചതെന്നും അവർ സൂചിപ്പിക്കുന്നു. മേയ് അവസാനമാണു കാലവർഷ പ്രവചനം നടത്താറ്.