തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന് എ ++ ഗ്രേഡ്
Mail This Article
തിരുവനന്തപുരം∙ മാർ ഇവാനിയോസ് കോളജ് (ഓട്ടോണമസ്) നാക് അക്രഡിറ്റേഷൻ അഞ്ചാം സൈക്കിളിൽ എ ++ ഗ്രേഡ് നേടി. 3.56 ഗ്രേഡ് പോയിന്റ് ശരാശരിയോടെയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. അഞ്ചാം സൈക്കിളിൽ എ ++ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ സ്വയംഭരണ കോളജാണ്. കേരള സർവകലാശാലയിൽ അഞ്ചാം സൈക്കിൾ അക്രെഡിറ്റേഷനിലെത്തുന്ന ആദ്യ കോളജ് എന്ന പദവിയും ഇവാനിയോസിനുണ്ട്.
2019 ലെ നാലാം സൈക്കിൾ നാക് അക്രഡിറ്റേഷനിൽ കോളജ് എ ഗ്രേഡ് നേടിയിരുന്നു. 1999 ലെ ആദ്യ നാക് അക്രഡിറ്റേഷനു ശേഷം കോളജ് ക്രമമായി നില മെച്ചപ്പെടുത്തി. ദേശീയ തലത്തിലുള്ള എൻഐആർഎഫ് റാങ്കിങ്ങിൽ കോളജിന് ഇപ്പോൾ 45-ാം സ്ഥാനമാണുള്ളത്. ആറു വർഷമായി ആദ്യ 50 റാങ്കിൽ ഇടം പിടിക്കാൻ കഴിഞ്ഞ കോളജ് എന്ന നേട്ടവും ഇവാനിയോസ് കരസ്ഥമാക്കിയിരുന്നു.
പാഠ്യ പദ്ധതി, ബോധനരീതി, ഗവേഷണം, അടിസ്ഥാന സൗകര്യം, വിദ്യാർഥികളുടെ പഠനപുരോഗതി, കോളജ് നടത്തിപ്പ്, അനുകരണീയ മാതൃകകൾ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി സ്ഥാപനത്തിന്റെ പ്രകടനം ഓരോ വർഷവും വിലയിരുത്തിയാണ് 7 പോയിന്റ് സ്കെയിലിൽ ഗ്രേഡ് നിർണയിക്കുന്നത്. മൂവായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന ഇവാനിയോസിലെ 64 ശതമാനവും പെൺകുട്ടികളാണ്. 2014 ൽ കേരളത്തിൽ ആദ്യമായി സ്വയംഭരണാനുമതി ലഭിച്ച കോളജുകളിലൊന്നാണ് മാർ ഇവാനിയോസ് കോളജ്. ഈ വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പാക്കി.
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള കോളജിന്റെ രക്ഷാധികാരിയും മാനേജരും മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ്. ഏറ്റവും അഭിമാനവും സന്തോഷവുമുള്ള നേട്ടമാണിതെന്നും ഇവിടത്തെ പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കോളജിന്റെ കീർത്തി പരത്തുന്നതിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്നും പ്രിൻസിപ്പൽ ഡോ. മീര ജോർജ്, ബർസാർ ഫാ. തോമസ് കയ്യാലയ്ക്കൽ എന്നിവർ പറഞ്ഞു.