വേനൽ കടുത്തിട്ടും വൈദ്യുതി ഉപയോഗത്തിൽ കുറവ്; ആറ്റുകാൽ പൊങ്കാല ദിവസം നന്നേ കുറവ്

Mail This Article
തിരുവനന്തപുരം ∙ വേനൽ കടുത്തെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ആറ്റുകാൽ പൊങ്കാല നടന്ന ദിവസം രേഖപ്പെടുത്തിയത് ഈ മാസം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വൈദ്യുതി ഉപയോഗം. പൊങ്കാലയുടെ ഭാഗമായി ഗാർഹിക വൈദ്യുതി ഉപയോഗം 13ന് 9.24 കോടി യൂണിറ്റിലേക്കെത്തിയിരുന്നു. ഈ മാസം 11ന് 10.06 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കിലും 12ന് 9.54 കോടി യൂണിറ്റായി കുറഞ്ഞു. 14ന് 9.67 കോടി യൂണിറ്റ് വൈദ്യുതി വേണ്ടി വന്നു.
ഈ മാസം 7ന് ആണ് ഈ വർഷത്തെ ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത് – 10.781 കോടി യൂണിറ്റ്. അന്നു തന്നെ രാത്രിയിലെ വൈദ്യുതി ഉപയോഗം 5205 മെഗാവാട്ട് എന്ന ഈ വർഷത്തെ റെക്കോർഡിലേക്കെത്തുകയും ചെയ്തു. 6ന് 10.22 കോടി യൂണിറ്റ് വൈദ്യുതി വേണ്ടി വന്നു. സംസ്ഥാനത്തു വേണ്ടി വരുന്ന വൈദ്യുതിയിൽ ഭൂരിഭാഗവും പുറത്തു നിന്നു വാങ്ങേണ്ട അവസ്ഥയാണ്. ശരാശരി 1.7 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 1.09 കോടിയായി കുറഞ്ഞു. അതേസമയം, പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതിയുടെ അളവ് പ്രതിദിനം 8.586 കോടി യൂണിറ്റ് വരെയായി ഉയർന്നു.