തണ്ണീർക്കായലിലെ കൃഷി രക്ഷിക്കാൻ ഡ്രോൺ
Mail This Article
മുല്ലശേരി ∙ പല തവണ ഉപ്പുവെള്ളം കയറി കൃഷി അവതാളത്തിലായ തണ്ണീർക്കായൽ പാടശേഖരത്തിലെ കൃഷിയെ രക്ഷപ്പെടുത്താൻ പ്രത്യേക വള പ്രയോഗവുമായി ഡ്രോൺ പറന്നിറങ്ങി. കൃഷി ഭവനും കാർഷിക സർവകലാശാലയും ചേർന്നാണ് സജ്ജീകരണം ഒരുക്കിയത്. പരീക്ഷണ അടിസ്ഥാനത്തിൽ 5 ഏക്കറിൽ സൾഫേറ്റ് ഓഫ് പൊട്ടാഷും 5 ഏക്കറിൽ സർവകലാശാല വികസപ്പിച്ചെടുത്ത സൂക്ഷ്മ മൂലകങ്ങളുടെ ജൈവവളക്കൂട്ടായ സമ്പൂർണയുമാണ് തളിക്കുന്നത്. ഇതു വിജയം കണ്ടാൽ പാടശേഖരങ്ങളിൽ വ്യാപകമാക്കാനാണ് തീരുമാനം.
സൾഫേറ്റ് ഓഫ് പൊട്ടാഷ് ഉപ്പിനെ പ്രതിരോധിക്കാനും സമ്പൂർണ ചെടിയുടെ മുരടിപ്പ് മാറ്റി വളർച്ച വേഗത്തിലാക്കാനും രോഗ പ്രതിരോധ ശേഷി കൂട്ടാനുള്ളതുമാണ്. സാധാരണ വളപ്രയോഗമാകുമ്പോൾ 60 ശതമാനം മാത്രമേ ചെടികൾക്കു ലഭിക്കൂ. കൂലിച്ചെലവും സമയ നഷ്ടവും കൂടുതലാണ്. ഡ്രോൺ വഴിയാകുമ്പോൾ ഒരേക്കറിന് 15 മിനിറ്റ് സമയമേ വേണ്ടൂ. കൂലി 700 രൂപ മാത്രം. ഇലകളിൽ കൂടി നേരിട്ടുള്ള വളപ്രയോഗമായതിനാൽ കൂടുതൽ ഫലപ്രദവുമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വളപ്രയോഗം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി വേണു ഉദ്ഘാടനം ചെയ്തു. മുല്ലശേരി പഞ്ചായത്ത് അംഗം രാജശ്രീ ഗോപകുമാർ അധ്യക്ഷയായി.
കാർഷിക സർവകലാശാല അഗ്രോണമി വിഭാഗം പ്രഫസർ ആൻഡ് ഹെഡ് പി.പി. പ്രമീള, അസി. പ്രഫ. എം.എസ്. സ്മിത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി. ദിവ, ജനപ്രതിനിധികളായ എ.ടി. അബ്ദുൽ മജീദ്, വാസന്തി ആനന്ദൻ, അഷ്റഫ് തങ്ങൾ, പാടശേഖര സമിതി ഭാരവാഹികളായ ജോർജ് ഉൗക്കൻ, എം.എസ്‍. ശ്രീനിവാസൻ, കൃഷി ഓഫിസർ ജേക്കബ് ഷെമോൻ, കൃഷി അസിസ്റ്റന്റുമാരായ സി.കെ. സുനിൽദത്ത്, എസ്. വിനീത എന്നിവർ പ്രസംഗിച്ചു.
170 ഏക്കർ വിസ്തൃതിയുള്ള പടവിൽ പല തവണയായി കൃഷി ഇറക്കേണ്ടി വന്നതുമൂലം പല പ്രായത്തിലുള്ള നെൽച്ചെടികളാണ് ഇപ്പോൾ ഉള്ളത്. കരിച്ചിലിന്റെ വക്കോളമെത്തിയ ചെടികൾ ചിമ്മിനി ഡാമിൽ നിന്നുള്ള ശുദ്ധജലം എത്തിയതിനെ തുടർന്ന് തളിർത്തു തുടങ്ങിയിട്ടേയുള്ളൂ. പുതിയ രീതിയിലുള്ള വളപ്രയോഗത്തിലൂടെ കൃഷി കുറച്ചെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.