കാക്കശേരി ലക്ഷംവീട് സങ്കേതം നോക്കുകുത്തിയായി ജലപദ്ധതി

Mail This Article
എളവള്ളി ∙പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കാക്കശേരി ലക്ഷം വീട് സങ്കേതത്തിലെ ശുദ്ധജല പദ്ധതി നോക്കുകുത്തിയെന്നും പരാതി. ഒന്നര വർഷം മുൻപ് നിർമിച്ചതാണ് ഇൗ പദ്ധതി.30 കുടുംബങ്ങൾക്ക് വേണ്ടിയാണ് പദ്ധതി തുടങ്ങിയത്. 2000 ലീറ്ററിന്റെ ജലസംഭരണിയും അനുബന്ധ പൈപ്പുകളും സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനാൽ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാനായില്ലെന്നാണ് നാട്ടുകാരുടെ പരാതി. പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യാനുള്ള കിണർ നാശത്തിന്റെ വക്കിലാണ്.
കിണറിലെ റിങ്ങുകൾ പലതും തകർന്ന് കമ്പികൾ പുറത്ത് വന്ന് ദ്രവിച്ച നിലയിലാണ്. മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ്. കിണറിന്റെ ഉൾഭാഗം വൃത്തിയാക്കാതെ പുറം ഭാഗം മാത്രം ലക്ഷങ്ങൾ ചെലവിട്ട് മോടി പിടിപ്പിച്ചത് വിമർശനത്തിന് ഇടയാക്കിയിരുന്നു. കിണറിന്റെ ഉൾവശം അടിയന്തരമായി വൃത്തിയാക്കണമെന്നും ഉടൻ വൈദ്യുതിലഭ്യമാക്കി ജലവിതരണം തുടങ്ങണമെന്നും കോൺഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡന്റ് സി.ജെ.സ്റ്റാൻലി, മണ്ഡലം സെക്രട്ടറി രവീന്ദ്രൻ കാക്കനാട്ട് എന്നിവർ ആവശ്യപ്പെട്ടു.