പൂതാടി പഞ്ചായത്തിൽ ചക്കക്കൊമ്പൻമാരുടെ വിളയാട്ടം

Mail This Article
പനമരം ∙ കർഷകർക്ക് രക്ഷയില്ലാതെ ചക്കക്കൊമ്പൻമാരുടെ വിളയാട്ടം തുടരുന്നു. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, എകെജി പ്രദേശങ്ങളിൽ വനദിനാചരണത്തിൽ പോലും ചക്കക്കൊമ്പന്റെ വിളയാട്ടം മൂലം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ 4 ദിവസമായി പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് തുടർച്ചയായി ഇറങ്ങുന്ന ചക്കക്കൊമ്പൻ പറിച്ചു നശിപ്പിച്ച ചക്കയ്ക്ക് കണക്കില്ല.പല കർഷകരും കാട്ടാനയെ പേടിച്ച് കൃഷിയിടത്തിലെ ചക്കകൾ വെട്ടിമാറ്റിയിരുന്നെങ്കിലും ചില കർഷകർ വീടിനോട് ചേർന്നുള്ള പ്ലാവിലെ ചക്കകൾ വെട്ടി നശിപ്പിക്കാതെ ബാക്കി നിർത്തിയിരുന്നു.
ഇത് ഇപ്പോൾ കൂടുതൽ വിനയായി എന്ന് കർഷകർ പറയുന്നു.വീടിനു സമീപത്തെ പ്ലാവിലെ ചക്ക തേടിയെത്തുന്ന കാട്ടാനകൾ വീടിനോട് ചേർന്നുള്ള മറ്റു പച്ചക്കറിക്കൃഷികൾ അടക്കം നശിപ്പിക്കുന്ന അവസ്ഥയാണ്.കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന രൂക്ഷമായ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനാൽ രാത്രി 6 നും രാവിലെ 7നും ഇടയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ജനങ്ങൾക്ക്. വനത്തിൽ നിന്ന് കൂട്ടമായി ഇറങ്ങുന്ന ആനകൾ ഒരു സമയം തന്നെ പലയിടങ്ങളിൽ എത്തുന്നത് ഭീതിയുണർത്തുന്നു.
കൂടാതെ വനത്തിൽ നിന്നിറങ്ങുമ്പോഴും തിരിച്ചു പോകുമ്പോഴും ഗ്രാമീണ മേഖലയിലെ പ്രധാന റോഡുകളിൽ കൂടിയാണ് സഞ്ചാരമെന്നതിനാൽ പുലർച്ചെ റബർ ടാപ്പിങ്ങിനും മറ്റു തൊഴിലുകൾക്കും പള്ളിയിലും പോകുന്നവർ കാട്ടാനയ്ക്കു മുൻപിൽ പെടുന്നത് പതിവാകുന്നു.പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. കൃഷിയിടങ്ങളിൽ നിന്ന് ഇറങ്ങുന്ന കാട്ടാന വഴിയിൽ വെളിച്ചമുണ്ടെങ്കിലും കൂസലില്ലാതെയാണ് വനത്തിലേക്ക് മടങ്ങുന്നത്. വാഴയും ചക്കയും നശിപ്പിക്കുന്നതല്ലാതെ പലപ്പോഴും പൂർണമായും ഭക്ഷിക്കാറില്ല.
ചക്കയ്ക്കും വാഴയ്ക്കും പുറമേ ചെറിയ റബർ മരങ്ങൾ വട്ടം ഒടിച്ചു നശിപ്പിക്കുന്ന കാട്ടാനകളും ഈയിടെ എത്തിയ സംഘത്തിലുണ്ട്. പാതിരി സൗത്ത് സെക്‌ഷനിൽ ക്രാഷ് ഗാർഡ് വേലിയുടെ നിർമാണം ആരംഭിച്ചെങ്കിലും കാലുകൾ ഉറപ്പിക്കുന്ന ജോലികൾ പോലും പൂർണമാകും മുൻപ് പണി നിലച്ച അവസ്ഥയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് പണി പുനരാരംഭിക്കാനുള്ള നടപടിയില്ല. അടുത്ത 30 ന് ഉള്ളിൽ പണി തീർക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കർഷകരുടെ തീരുമാനം.