വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സിക്കിൾ സെൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Mail This Article
മാനന്തവാടി ∙ സംസ്ഥാനത്ത് അരിവാൾ രോഗബാധിതർക്കുള്ള സ്റ്റേറ്റസ് ആരോഗ്യ കാർഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് മന്ത്രി വീണാ ജോർജ്. വയനാട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ മൾട്ടി പർപ്പസ് കെട്ടിടത്തിൽ ആരംഭിച്ച സിക്കിൾ സെൽ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ അരിവാൾ രോഗബാധിതർക്ക് അതത് മെഡിക്കൽ ഓഫിസിൽ നിന്ന് കാർഡുകൾ ലഭ്യമാക്കും. കാർഡ് ലഭ്യമാക്കുന്നതോടെ രോഗികൾക്ക് സൗജന്യ ചികിത്സ, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കും. ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥതയും ഉള്ളവർക്കുള്ള പ്രത്യേക യൂണിറ്റ് രോഗികൾക്ക് ആശ്വാസമാകുമെന്നും യൂണിറ്റിൽ എസി സൗകര്യം ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
10 കിടക്കകളുള്ള യൂണിറ്റിൽ ലാബ് സൗകര്യം, ഫിസിയോതെറാപ്പി- പരിശോധന- അഡ്മിനിസ്‌ട്രേഷൻ മുറികൾ എന്നിവ ഉണ്ടാകും. വയനാട് മെഡിക്കൽ കോളജിൽ ന്യൂറോളജി വിഭാഗം ആരംഭിക്കുമെന്നും സംസ്ഥാനത്തെ ആശാ പ്രവർത്തകരെ തൊഴിൽ നിയമ പരിധിയിൽ കൊണ്ടുവരുന്നതിനും ഇൻസെന്റീവ് വർധിപ്പിക്കുന്നതിനും കേന്ദ്ര ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.മാനന്തവാടി മെഡിക്കൽ കോളജിൽ ആദ്യ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ അസ്ഥിരോഗ വിഭാഗം മേധാവി അനിൻ എൻ.കുട്ടിയെയും മെഡിക്കൽ സംഘത്തെയും മന്ത്രി അനുമോദിച്ചു.
സിക്കിൾസെൽ അസോസിയേഷൻ സെക്രട്ടറി കെ.ബി.സരസ്വതിക്ക് ആരോഗ്യ കാർഡ് കൈമാറി മന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിച്ചു. സബ് കലക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി.മോഹൻദാസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ സമീഹ സൈതലവി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.വി.പി.രാജേഷ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.എസ്.മീന, മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ കൗൺസിലർ ബി.ഡി.അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.