ADVERTISEMENT

എഴുതുന്നതു കൈ കൊണ്ടാണെങ്കിലും ആ പ്രവൃത്തിയിൽ മനസ്സുമുണ്ട്. അതുകൊണ്ടുതന്നെ വാക്കിലും വരിയിലുമെല്ലാം എഴുതുന്ന വ്യക്തിയുടെ വ്യക്തിത്വത്തിന്റെ അടയാളവും ഉണ്ടായിരിക്കും. കൈരേഖകൾ നോക്കി ഭാവി പ്രവചിക്കുംപോലെ കയ്യക്ഷരം നോക്കി വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ ചിലരെങ്കിലും പറയാൻ കാരണവും ഇതുതന്നെ. ചിലർ അലക്ഷ്യമായി എഴുതുന്നു. മറ്റു ചിലർ തിരക്കിട്ട് എഴുതുന്നു. ചിലർ ഇല്ലാത്ത സമയം ഉണ്ടാക്കി എത്രയും വേഗം എഴുതി പൂർത്തിയാക്കുന്നു. എങ്ങനെ, ഏതു സമയത്ത്, എത്ര തിരക്കിലാണെങ്കിലും എഴുത്തിൽ എവിടെയങ്കിലും, എഴുതുന്ന വ്യക്തിയുടെ സ്വഭാവം പ്രതിഫലിക്കുമെന്ന പ്രചാരണം ഇന്നും സജീവമാണ്. എഴുത്തിൽനിന്ന് സ്വഭാവം പ്രവചിക്കുന്നത് ഒരു ശാസ്ത്രമായി അംഗീകരിച്ചിട്ടില്ലെങ്കിലും കയ്യെഴുത്ത് ശാസ്ത്രം തന്നെയാണ്.

 

കാലിഗ്രഫിക്ക് മലയാളത്തിലുള്ള അർഥം 'കയ്യെഴുത്തു ശാസ്ത്രം ' എന്നുതന്നെയാണ്. ചിലർ എത്ര പരിശ്രമിച്ചാലും കയ്യക്ഷരം നന്നാകാറില്ല എന്നൊരു ദുര്യോഗവുമുണ്ട്. വിദ്യാഭ്യാസത്തിനും കയ്യക്ഷരത്തിനും തമ്മിൽ ബന്ധമില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഉന്നത ബിരുദങ്ങൾ സ്വന്തമാക്കിയവരെക്കാളും നന്നായി, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ചിലർ എഴുതാറുണ്ട്. അവരെക്കൊണ്ട് എഴുതിവാങ്ങിപ്പിക്കാൻ തിരക്കും ഉണ്ടാകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ കയ്യെഴുത്ത് ചർച്ച സജീവമാകാൻ കാരണം ഒരു പ്രത്യേക വ്യക്തിയുടെ കയ്യക്ഷരത്തിലുള്ള മികവാണ്. പരിപൂർണമെന്നോ ഒരു കുറ്റവും കുറവും കണ്ടുപിടിക്കാനാവാത്തതെന്നോ പറയാവുന്ന രീതിയിലുള്ള ഒരാളുടെ കയ്യെഴുത്ത് അടുത്തിടെ സമൂഹ മാധ്യമ ലോകത്ത് പ്രത്യക്ഷപ്പെട്ടു. 50 ലക്ഷത്തിലധികം പേരാണ് പൂർണതയുള്ള കയ്യെഴുത്ത് ഇഷ്ടപ്പെട്ടതും ഷെയർ ചെയ്തതും. പലരും തങ്ങളുടേതായ രീതിയിൽ അഭിപ്രായങ്ങളും രേഖപ്പെടുത്തി.

 

കയ്യെഴുത്ത് ഒരു ശാസ്ത്രമാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ഇനിയെങ്കിലും ആർക്കും സംശയം കാണില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. തങ്ങളുടെ കയ്യക്ഷരം പൂർണതയുള്ളതല്ല എന്നു ചിലർ സമ്മതിച്ചു. എന്നാലും ആവുന്നത്ര ഭംഗിയായി എഴുതി അവർ അതു ഷെയർ ചെയ്തു. മറ്റു ചിലർ തങ്ങളെക്കൊണ്ട് ഇതുപറ്റില്ല എന്നു തുറന്നു സമ്മതിച്ചുകൊണ്ട് പിൻവാങ്ങി. എന്നാൽ പ്രചോദിപ്പിക്കുന്നതാണ് ഷെയർ ചെയ്യപ്പെട്ട കയ്യക്ഷരം എന്നു പറയാൻ ആരും മറന്നില്ല.

 

രണ്ടു ഗ്രീക്ക് വാക്കുകളിൽ നിന്നാണ് കാലിഗ്രഫി എന്ന വാക്കുതന്നെ ഉണ്ടായത്; സുന്ദരമായി എഴുതുക എന്ന വാക്കുകളിൽനിന്ന്. എന്നാൽ പലവിധ രൂപങ്ങൾ കടന്ന് എഴുത്ത് കംപ്യൂട്ടറിലേക്കും ലാപ്‌ടോപ്പിലേക്കും മൊബൈലിലേക്കും കടന്നതോടെ കയ്യെഴുത്തിന് ആരും പഴയകാലത്തെയത്ര പ്രാധാന്യം നൽകുന്നില്ല. കീ ഇൻ ചെയ്യുമ്പോൾ എല്ലാവരുടെയും കയ്യക്ഷരം ഒരുപോലെയാണ്.

 

കത്തെഴുത്തും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. ഇ മെയിലുകൾ പോലും കുറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഏതു സമയത്തും ആർക്കും ആരോടും എന്തും പറയാനും ചർച്ച ചെയ്യാനുമുള്ള ഇടം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഇംഗ്ലിഷിനു പുറമെ, ആരുടെയും മാതൃഭാഷയിലും എഴുതാനുള്ള സൗകര്യവുമുണ്ട്. എന്നാലും സുന്ദരമായ കയ്യെഴുത്ത് എന്ന കലാരൂപത്തിന് ഇന്നും എന്നും പ്രസക്തിയുണ്ടെന്നാണ് ലക്ഷക്കണക്കിനു പേരുടെ കമന്റുകളിൽനിന്ന് വ്യക്തമാകുന്നത്.

 

ചിത്രരചന പോലെ, ശിൽപ കല പോലെ മറ്റൊരു കലയാണ് കയ്യെഴുത്തും. വർഷങ്ങളുടെ പരിശീലനം കൊണ്ട് മെച്ചപ്പെടുത്തേണ്ടത്. പൂർണത എന്നൊന്ന് ഒരിക്കലും അവകാശപ്പെടാനാവാത്തത്. എന്നും എന്തെങ്കിലും പുതിയ പുതിയ മാറ്റങ്ങളിലൂടെ ആകർഷകമാക്കുകയും അവിസ്മരണീയമാക്കുകയും ചെയ്യാവുന്ന അപൂർവ കല. കയ്യെഴുത്തിന്റെ മറ്റൊരു രൂപം തന്നെയാണ് ലോഗോകളിലും അവയിലെ എഴുത്തിലും തെളിയുന്നത്. ഒട്ടേറെ കലാകാരൻമാർ ഈ രംഗത്തു പ്രവർത്തിക്കുന്നു. മത്സരവും കടുത്തതാണ്. 

 

ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾ വ്യത്യസ്തതയും മികവും പുലർത്താനും നിലനിർത്താനും ലോഗോകളിലും പരമാവധി ശ്രദ്ധിക്കുന്നുണ്ട്. ഒറ്റക്കാഴ്ചയിൽത്തന്നെ ശ്രദ്ധിക്കപ്പെടുന്നതും മനസ്സിൽ മായാതെ നിൽക്കുന്നതുമായ ലോഗോ സൃഷ്ടിക്കാൻ വേണ്ടി ദിവസങ്ങൾ തന്നെ ചെലവഴിക്കുന്നവരുമുണ്ട്. അപൂർവമായെങ്കിലും കയ്യെഴുത്ത് അതേ രൂപത്തിൽ പ്രിന്റ് ചെയ്ത് നോട്ടിസുകളും ബ്രോഷറുകളും ക്ഷണക്കത്തുകളും പോലും ഡിസൈൻ ചെയ്യാറുണ്ട്.

 

കയ്യെഴുത്ത് ഇന്നലെയുടെ കലയല്ല. ഇന്നിന്റെയും നാളെയും സാധ്യതയുള്ള കലാരൂപമാണ്. മികച്ച കയ്യെഴുത്ത് സ്വന്തമായുള്ളവർക്ക് ഇനിയും സാധ്യതകളുണ്ടെന്നും പുതിയ ചർച്ച തെളിയിക്കുന്നു. 

Content Summary : Students Exceptionally Good Handwriting Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com