ADVERTISEMENT

വരണ്ട കാലാവസ്ഥയ്ക്കും വേനലിനും പേരുകേട്ട അറബ് രാജ്യങ്ങളിൽ കാലാവസ്ഥ വർഷംതോറും മാറിമറിയുകയാണ്. സൗദിയിലെ മഞ്ഞുമൂടികിടക്കുന്ന മരുഭൂമിയുടെ ചിത്രങ്ങൾ പുറത്തുവന്ന് ചുരുങ്ങിയ ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ഇപ്പോൾ രാജ്യം കനത്ത മഴയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. എന്നാൽ കാലാവസ്ഥയുടെ ഈ നിറംമാറ്റം സൗദിയിലെ മാത്രം കാഴ്ചയല്ല. സൗദി വെള്ളപ്പൊക്കത്തെയാണ് നേരിടുന്നതെങ്കിൽ അതേസമയത്തു തന്നെ കലിഫോർണിയ കാട്ടുതീയെ തടയാനും അമേരിക്കയാകെ അതിശൈത്യത്തെ മറികടക്കാനുമുള്ള പ്രയത്നത്തിലാണ്.

സൗദിയിലെ ശക്തമായ മഴയെ തുടർന്ന് മക്ക, മദീന തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രധാന റോഡുകളിലൂടെയുള്ള വാഹന ഗതാഗതത്തെ വെള്ളക്കെട്ടുകൾ സാരമായി ബാധിച്ചു. വെള്ളത്തിന്റെ ശക്തമായ പ്രവാഹത്തിൽ കാറുകൾ ഒലിച്ചുപോകുന്ന സാഹചര്യവും ഉണ്ടായി. ഇത്തരത്തിൽ ഒഴുക്കിൽപ്പെട്ട കാറിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് നാലുപേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 

മഴ രൂക്ഷമായി റോഡുകളും നഗരങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ രാജ്യത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങൾക്ക് അടിയന്തര ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ. കനത്ത മഴയ്ക്കു പുറമേ ശക്തമായ കാറ്റ് വീശിയടിക്കുന്നത് ജനജീവിതം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഓസ്ട്രേലിയ, സൗദി, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകർ അടങ്ങുന്ന സംഘം തയ്യാറാക്കിയ '2024 ഗ്ലോബൽ വാട്ടർ മോണിറ്റർ റിപ്പോർട്ട്' കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ജലചക്രത്തിൽ നാശം വിതച്ചു കൊണ്ടിരിക്കുകയാണെന്നും അപ്രതീക്ഷ മേഖലകളിൽ ഉണ്ടാകുന്ന തീവ്രമഴകൾ ഇതിന്റെ ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സൗദിയിലെ നിലവിലുള്ള കാലാവസ്ഥ.

കലിഫോർണിയയിലാകട്ടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അതിവേഗം പടരുന്ന കാട്ടുതീയിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കാട്ടുതീ ഭയാനകമായ രീതിയിൽ വ്യാപിച്ച് ഹോളിവുഡ് ഹില്ലിലും എത്തിയതോടെ സെലിബ്രിറ്റികൾ അടക്കമുള്ളവർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. ലൊസാഞ്ചലസ്, ഗ്രേറ്റർ ലൊസാഞ്ചലസ് മേഖലകളിൽ നിന്നും എഴുപതിനായിരത്തിൽ പരം ആളുകളെയാണ് ഇതിനോടകം മാറ്റി പാർപ്പിച്ചത്. അഗ്നിശമന സംവിധാനങ്ങളുടെ അപര്യാപ്തതയും ജലക്ഷാമവും നേരിടുന്നതിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീക്കാണ് ഇപ്പോൾ കലിഫോർണിയ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഠിനപ്രയത്നം നടത്തുന്നതിനിടെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരത്തിലധികം കെട്ടിടങ്ങൾ കാട്ടുതീയ്ക്ക് ഇരയായി. ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയം തീ പൊട്ടിപ്പുറപ്പെട്ടതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്. ഈ കൂട്ടത്തിൽ തന്നെ പസഫിക് പാലിസൈഡ്സ് മേഖലയിൽ ആരംഭിച്ച തീയാണ് ഏറ്റവുമധികം നാശം വിതയ്ക്കുന്നത്. 

പൊതുവേ വരണ്ട കാലാവസ്ഥയുള്ള മെയ് - ജൂൺ മാസങ്ങൾ മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന കാലയളവിലാണ് സാധാരണയായി കലിഫോർണിയൽ കാട്ടുതീ ഉണ്ടാവാറുള്ളത്. ഈ പതിവുകളെല്ലാം തെറ്റിച്ചുകൊണ്ട് ജനുവരിയിൽ കാട്ടുതീ ഉണ്ടായത് ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇടിമിന്നലും ശക്തമായ കാറ്റും അടക്കമുള്ള സ്വാഭാവിക കാരണങ്ങൾ മൂലം കാട്ടുതീ പടരുമെങ്കിലും അടുത്തകാലങ്ങളിലായി അടിക്കടി തീ ഉണ്ടാവുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. 

കലിഫോർണിയ സംസ്ഥാനം ശക്തമായ കാട്ടുതീക്ക് സാക്ഷ്യം വഹിക്കുന്ന സമയത്ത് അമേരിക്ക ആകമാനം കൊടുംതണുപ്പിന്റെ പിടിയിലാണെന്നതാണ് വൈരുദ്ധ്യാത്മകമായ മറ്റൊരു കാര്യം. വാരാന്ത്യത്തിൽ യുഎസിന്റെ  വലിയൊരു മേഖലയിൽ ശീത കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടർന്ന് അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അതിശൈത്യം പിടിമുറുക്കിയതോടെ ഗതാഗത സംവിധാനങ്ങൾ താറുമാറാവുകയും സ്കൂളുകൾ അടച്ചു പൂട്ടുകയും പവർകട്ടുകൾ സാധാരണമാവുകയും ചെയ്തിട്ടുണ്ട്. 30 സംസ്ഥാനങ്ങളിലായി ഏകദേശം 60 ദശലക്ഷം ആളുകൾ കാലാവസ്ഥാ മുന്നറിയിപ്പിന് കീഴിലാണ്. ഇവയിൽ ഏഴ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

നൂറുകണക്കിന് വാഹനാപകടങ്ങളാണ് ശീതക്കാറ്റിനെ തുടർന്ന് അമേരിക്കയുടെ വിവിധ മേഖലകളിൽ നിന്നായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആലിപ്പഴ വർഷവും ചുഴലിക്കാറ്റും ഇടിമിന്നലും അടക്കമുള്ള പ്രതിഭാസങ്ങൾ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് കൂടി പ്രതീക്ഷിക്കണമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഉത്തര ധ്രുവത്തിന് ചുറ്റും വ്യാപിച്ചുകിടക്കുന്ന പോളാർ വോർടെക്സ്, അഥവാ ധ്രുവ ചുഴലിക്കാറ്റ് തെക്കൻ മേഖലയിലേക്ക് പടർന്നതോടെയാണ് അതിശൈത്യം അമേരിക്കയിൽ പിടിമുറുക്കിയിരിക്കുന്നത്.

English Summary:

Global Climate Crisis: Saudi Arabia Floods, California Wildfires, and US Snowfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com