ഭക്ഷണമെന്ന് കരുതി അടുത്തെത്തി; ബിയർ കാൻ തുറക്കാൻ സഹായിച്ച് അലിഗേറ്റർ
Mail This Article
ജലാശയങ്ങളിലൂടെ സഞ്ചരിക്കുന്ന സമയത്ത് ആക്രമിക്കാൻ സാധ്യതയുള്ള ജീവികളെ കണ്ടാൽ പരമാവധി ഒഴിഞ്ഞുമാറാനാകും ആളുകൾ ശ്രമിക്കുക. എന്നാൽ ഫ്ലോറിഡ സ്വദേശിയായ ഒരാൾ വളരെ കഷ്ടപ്പെട്ട് താൻ സഞ്ചരിച്ചിരുന്ന ബോട്ടിനരികിലേക്ക് അലിഗേറ്ററിനെ വിളിച്ചുവരുത്തുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അലിഗേറ്ററിനോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് കരുതിയെങ്കിൽ തെറ്റി. വളരെ നിസ്സാരമായി ചെയ്യാവുന്ന ഒരു കാര്യത്തിന് അലിഗേറ്ററിന്റെ സഹായം തേടുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
കൈയിൽ ഒരു ബിയർ കാനുമായി ബോട്ടിൽ കിടന്നുകൊണ്ടാണ് അയാൾ ജീവിയെ അടുത്തേക്ക് വിളിക്കുന്നത്. ഭക്ഷണം നൽകാനെന്ന് കരുതി അലിഗേറ്ററും അടുത്തെത്തി. അലിഗേറ്റർ ബോട്ടിനരികിലേക്ക് എത്തുകയും ചെയ്തു. ഇത്രയും അപകടകാരിയായ ഒരു ജീവി തൊട്ടരികിലെത്തിയിട്ടും ഭയപ്പെട്ടില്ല. അയാൾ അലിഗേറ്ററിന്റെ തലയിൽ തൊട്ടു. പിന്നീട് ബിയർ കാൻ നേരെ നീട്ടി. ഭക്ഷണ സാധനമാണെന്ന് കരുതി വാപിളർത്തി അത് അകത്താക്കാനായിരുന്നു അലിഗേറ്ററിന്റെ ശ്രമം. സഹായിക്കാൻ എന്നവണ്ണം വ്യക്തി തെല്ലും ഭയമില്ലാതെ അതിന്റെ കീഴ്ത്താടിയിൽ പിടിക്കുകയും ചെയ്തു. അലിഗേറ്റർ ചെറുതായി കടിച്ചതോടെ ബോട്ടിൽ തുറക്കുകയും ബിയർ പുറത്തേക്ക് ചീറ്റുകയും ചെയ്തു. ഇതോടെ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ആർപ്പുവിളിച്ചു. പേടിച്ചുവിരണ്ട അലിഗേറ്റർ ഉടൻതന്നെ അവിടെനിന്നും രക്ഷപ്പെട്ടു.
വന്യജീവികളെ ഉപദ്രവിക്കുന്നത് തെറ്റാണെന്നും അക്രമ സ്വഭാവമുള്ളയ്ക്കൊപ്പം ഇടപഴകുന്നത് ജീവനുതന്നെ ഭീഷണിയാണെന്നും വിഡിയോ കണ്ടവർ കുറിച്ചു.