ഇരുട്ടിവെളുത്തപ്പോൾ ചുവന്ന നിറം! സാരൻഡി കനാലിന് എന്തുപറ്റി? കാരണം തേടി അർജന്റീന

Mail This Article
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലൂടെ ഒഴുകുന്ന സാരൻഡി കനാലിന് ഇരുട്ടിവെളുത്തപ്പോൾ ചുവന്ന നിറം! ഇതിലൂടെ ഒഴുകിയ ചുവന്ന നിറമുള്ള വെള്ളം. പ്രദേശത്തു രൂക്ഷമായ ദുർഗന്ധവും സൃഷ്ടിച്ചെന്നു നാട്ടുകാർ പറഞ്ഞു.
‘രൂക്ഷമായ ദുർഗന്ധം കാരണം ഞങ്ങൾ ഉണരുകയായിരുന്നു. പുറത്തുനോക്കിയപ്പോൾ കനാൽ ചുവപ്പുനിറത്തില്‍. രക്തം ഒഴുകുന്നതുപോലെയുള്ള കാഴ്ച പേടിപ്പിക്കുന്നതായിരുന്നു.’–പ്രദേശവാസി മറിയ ഡുക്കോംലസ് പറഞ്ഞു.
പ്രതിഭാസത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. എന്നാൽ, തൊട്ടടുത്തുള്ള വ്യാവസായിക സംഭരണ കേന്ദ്രത്തിൽ നിന്ന് വസ്ത്രനിർമാണ മേഖലയിൽ ഉപയോഗിക്കുന്ന ചായങ്ങൾ തള്ളിയതാണു കനാലിനെ ചുവപ്പിച്ചതെന്ന് അഭ്യൂഹമുണ്ട്. നേരത്തെയും ഈ കനാലിലെ വെള്ളത്തിന്റെ നിറം മലിനീകരണം കാരണം മാറിയിട്ടുണ്ടെന്നു നാട്ടുകാർ ആരോപിച്ചു. അർജന്റീനയിലെ പരിസ്ഥിതിവകുപ്പ് അധികൃതർ ജലസാംപിളുകൾ ശേഖരിച്ചു പരിശോധന തുടങ്ങിയിട്ടുണ്ട്.
റിയോ ഡി ലാ പ്ലേറ്റ എന്ന ജലസ്രോതസ്സിലേക്കു വെള്ളമെത്തിക്കുന്നതാണു തോട്. യുറഗ്വായും അർജന്റീനയും പങ്കിട്ട് ഉപയോഗിക്കുന്നതാണ് റിയോ ഡി ലാ പ്ലേറ്റയുടെ വെള്ളമെന്നതിനാൽ പ്രശ്നം രാജ്യാന്തരതലത്തിൽ ചർച്ചയായി. പാരിസ്ഥിതിക പ്രാധാന്യമുള്ള സംരക്ഷിതമേഖലകളും റിയോ ഡി ലാ പ്ലേറ്റയുമായി ബന്ധപ്പെട്ടുണ്ട്.