ദുർഘട പാതകൾ ‘ഇ’ എസ്യുവിക്ക് നിസ്സാരം, പരീക്ഷണയോട്ട വിഡിയോ പുറത്തുവിട്ട് ടാറ്റ
Mail This Article
ഉടൻ പുറത്തിറങ്ങുന്ന ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണയോട്ട വിഡിയോ പുറത്തുവിട്ട് ടാറ്റ. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്ന ടാറ്റയുടെ ടെസ്റ്റ് ട്രാക്കിലൂടെ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന നെക്സോൺ ഇവിയുടെ വിഡിയോയാണ് ടാറ്റ പുറത്തുവിട്ടത്. പ്രത്യേകമായി സജ്ജീകരിച്ച വാഹന പരീക്ഷണ ട്രാക്കില്‍ ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്‌കിഡ് പാഡ്, ആക്‌സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി പരീക്ഷണങ്ങളിലൂടെ നൊക്സോൺ ഇവി കടന്നുപോയി എന്നാണ് ടാറ്റ പറയുന്നത്.
കോംപാക്ട് എസ് യു വിയായ നെക്സന്റെ വൈദ്യുത പതിപ്പിന്റെ ആദ്യ പ്രദർശനം അടുത്തമാസം നടക്കുമെന്നാണ് ടാറ്റ നേരത്തെ അറിയിച്ചത്. വൈദ്യുത വാഹന സാങ്കേതിക വിദ്യയ്ക്കായി കമ്പനി ആവിഷ്കരിച്ച സിപ്ട്രോണിന്റെ പിൻബലത്തോടെയെത്തുന്ന വാഹനം അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നെക്സൻ ഇ വിക്ക് 15 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും വില. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 300 കിലോമീറ്റർ പിന്നിടാൻ പ്രാപ്തിയുള്ള രീതിയിൽ വൈദ്യുത നെക്സനെ നിരത്തിലെത്തിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ ശ്രമം.
സിപ്ട്രോൺ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന നെക്സൻ ഇ വിയിൽ കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സംവിധാനം, അതിവേഗ ചാർജിങ് സൗകര്യം, എട്ടു വർഷ വാറന്റിയുള്ള ബാറ്ററിയും മോട്ടോറുമൊക്കെ ലഭ്യമാക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. കൂടാതെ പൊടി നിയന്ത്രണത്തിലും ജലപ്രതിരോധത്തിലും ഐ പി 67 നിലവാരവും നെക്സൻ ഇ വിയിൽ കമ്പനി ഉറപ്പാക്കും. കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സിസ്റ്റം, മികച്ച പ്രകടനക്ഷമത, ദീർഘദൂര റേഞ്ച്, അതിവേഗ ബാറ്ററി ചാർജിങ് എന്നിവയൊക്കെയാണു സിപ്ട്രോണിന്റെ മികവായി ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഒപ്പം ബാറ്ററിക്ക് എട്ടു വർഷ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
English Summary: Tata Nexon EV Test Run Video