ഹോണ്ടയുടെ 3 വീലർ സുന്ദരി ജൈറോ ഇ
Mail This Article
നമ്മുടെ നാട്ടിൽ അത്യാവശ്യമായി വിൽക്കപ്പെടേണ്ട ഒരു വാഹനം ഹോണ്ട ജപ്പാനിൽ അവതരിപ്പിച്ചിട്ടുണ്ട്, പേര് ജൈറോ ഇ. ബൈക്ക് അല്ല നല്ലൊരു ഇലക്ട്രിക്ക് ട്രൈക്ക് ആണ് ആശാട്ടി. ട്രൈക്ക് എന്നുവച്ചാൽ 3 ചക്രങ്ങൾ ഉള്ള ബൈക്ക്. ‘ടിൽറ്റിങ് 3 വീലർ’ എന്നതാണ് ഇത്തരം ബൈക്കുകൾ ഉൾപ്പെടുന്ന വിഭാഗത്തിന്റെ പേര്. വളവുകൾ വീശുമ്പോൾ വാഹനത്തിന്റെ ബോഡിയോ ചക്രങ്ങളോ അൽപം ചെരിഞ്ഞു കൊടുക്കുന്ന സാങ്കേതിക സംവിധാനം ഇണക്കിച്ചേർത്തവയായതിനാൽ ആണ് ഇങ്ങനെ പറയുന്നത്. ഈ വിഭാഗത്തിൽ ഒരു പിടി മികച്ച വാഹനങ്ങൾ യമഹയും പിയാജിയോയും ഹോണ്ടയും ഒക്കെ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ജൈറോ ഇ വ്യത്യസ്തമാകുന്നത് അതൊരു ‘വർക്ക്‌ഹോഴ്സ്’ ആണെന്നതുകൊണ്ടാണ്. നമ്മുടെ നാട്ടിലെ സ്ഥിതി വച്ച് ഒരു കൊച്ചു ‘വണ്ടിക്കാള’ എന്നു വിശേഷിപ്പിക്കാം. യാത്രാവാഹനങ്ങളായ ട്രൈക്കുകൾ മിക്കതും മുൻപിൽ 2 ചക്രങ്ങൾ ഉള്ളവയാണെങ്കിൽ ജൈറോ ഇക്ക് പിന്നിൽ 2 ചക്രങ്ങളുള്ള ഡിസൈൻ ആണ്. ഹോണ്ടയ്ക്കു പഥ്യം പിന്നിൽ 2 ചക്രങ്ങളുള്ള ഡിസൈൻ ആണെന്നതും ഇവിടെ പറയേണ്ടതുണ്ട്. ജൈറോ പരമ്പര ജനിക്കുന്നതിനു മുൻപു ഹോണ്ട അവതരിപ്പിച്ച മിക്ക യാത്രാ ട്രൈക്കുകളും പിന്നിൽ 2 ചക്രങ്ങൾ ഉള്ളവയായിരുന്നു.
ഡ്രൈവറെ കൂടാതെ 30 കിലോ ഭാരം വഹിക്കാൻ കഴിയുന്ന ഒരു ഫ്ലാറ്റ് ഡെക്ക് ആണ് ജൈറോ ഇയുടെ പ്രത്യേകത. എന്തുകൊണ്ടാണ് ഇന്ത്യയിൽ ഈ വാഹനം എത്തണമെന്നു പറയുന്നതിന്റെ കാരണവും ഈ ഫ്ലാറ്റ് ഡെക്ക് തന്നെയാണ്. ‘ടിവിഎസ് എക്എൽ100, ബജാജ് എം80, ഹീറോ ഹോണ്ട സ്ട്രീറ്റ് എന്നീ ബൈക്കുകളിൽ 50 കിലോ ചാക്കുകൾ നാലെണ്ണം വീതം എടുത്തുകൊണ്ടു പുഷ്പം പോലെ പായുന്ന ഞങ്ങളോടോ ബാലാ...’ എന്ന ചോദ്യം നമ്മുടെ നാട്ടുകാരിൽ നിന്നു സ്വാഭാവികമായും ഉയരാം. പക്ഷേ മറുപടി ലളിതമാണ്, നിയമപ്രകാരം അതൊന്നും ശരിയല്ല. എന്നാൽ ഇതേ സാധനങ്ങൾ ജൈറോ ഇയിൽ (അല്ലെങ്കിൽ ഇത്തരം വാഹനങ്ങളിൽ) കമ്പനി നിഷ്കർഷിച്ചിരിക്കുന്ന അളവിൽ കൊണ്ടുപോയാൽ അതു നിയമലംഘനം ആകില്ല. അതാണു വ്യത്യാസം.
ജൈറോ കുടുംബം
ഇപ്പോഴും വംശം അറ്റു പോകാത്ത ഹോണ്ടയുടെ ടിൽറ്റിങ് 3 വീലർ യോദ്ധാക്കളുടെ പരമ്പരയാണ് ജൈറോ. 1982ലാണ് ആദ്യത്തെ ജൈറോ നിരത്തിലെത്തുന്നത്. അന്നു മുതൽ ഇന്നു വരെ ജൈറോയുടെ ജീവിതലക്ഷ്യം ഒന്നു മാത്രമാണ്: ചുമടെടുക്കുക. അതു നല്ല അന്തസ്സായി അദ്ദേഹം ചെയ്യുന്നുമുണ്ട്. 50 സിസി ടു സ്ട്രോക്ക് എൻജിനായിരുന്നു ആദ്യം. 2008ൽ അതു ഫോർ സ്ട്രോക്ക് ആയി. 2021ൽ ഇലക്ട്രിക് മോഡൽ എത്തി. പിന്നിൽ ഫ്ലാറ്റ് ഡെക്കും മുന്നിൽ ബാസ്ക്കറ്റ് വയ്ക്കാനുള്ള ഇടവും ഉള്ള ചതുര സുന്ദരിയാണ് ജൈറോ എക്സ് എന്ന പെട്രോളിൽ ഓടുന്ന ട്രൈക്ക് എങ്കിൽ ജൈറോ ഇ അതേ സൗകര്യങ്ങൾക്കൊപ്പം യാത്രാ ബൈക്കുകളോടു കിടപിടിക്കുന്ന അഴകളവുകൾ ഉള്ള അതിസുന്ദരിയാണ്.
പുതിയ ജൈറോ
4 മണിക്കൂറിനുള്ളിൽ 100 ശതമാനം ചാർജ് കയറുന്ന ബാറ്ററിയാണു ജൈറോ ഇയിൽ. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിസ്പ്ലേ എന്നിവയ്ക്കൊപ്പം റിവേഴ്സ് അസിസ്റ്റും നൽകിയിരിക്കുന്നു. 72 കിലോമീറ്ററാണ് ഫുൾ ചാർജിൽ ലഭിക്കുന്ന റേഞ്ച്. 5 ബിഎച്ച്പി കരുത്ത് ആണു ജൈറോയുടെ മോട്ടർ പുറത്തെടുക്കുക. 30 കിലോമീറ്ററായി വേഗം പരിമിതപ്പെടുത്തിയിരിക്കുന്നു. മുൻപിൽ അലോയ് വീലും പിന്നിൽ സ്റ്റീൽ വീലുകളുമാണുള്ളത്. ബ്രേക്കുകൾ ഡ്രം ആണ്. സുഖകരമായി ഇരിക്കാൻ കഴിയുന്ന വീതിയുള്ള സീറ്റുകൾ ആകർഷകവുമാണ്. എടുത്തുമാറ്റാൻ കഴിയുന്ന ബാറ്ററി സംവിധാനമാണിതിന്. അതുകൊണ്ടു റേഞ്ച് പ്രശ്നമാകാൻ സാധ്യതയില്ല. ജൈറോ എക്സിലുള്ളതുപോലെ ജൈറോ ഇയിലും ബാസ്ക്കറ്റ് വയ്ക്കാൻ ഹോണ്ട ഇടം നൽകിയിട്ടുണ്ട്. വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിനു മുകളിലാണ് അതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അതൊരു ഡിസൈൻ മികവുമാണ്. ഇലക്ട്രിക് ട്രൈക്ക് ആയതിനാൽ ഷോപ്പിങ് മാളിനുള്ളിലും ഇതുപയോഗിക്കാൻ കഴിയും. 1500 യൂണിറ്റുകളാണ് പ്രതിമാസ വിൽപന പ്രതീക്ഷിക്കുന്നത്. ജപ്പാനിൽ വിജയിച്ചാൽ യുഎസിലേക്കും യൂറോപ്പിലേക്കും ജൈറോ ഇ എത്തിയേക്കും.
ഇന്ത്യയിൽ...
വന്നേക്കില്ല എന്നു പറയുന്നതിലും നല്ലതു വരില്ല എന്നു തീർത്തു പറയുന്നതാണ്. വികസിത രാജ്യങ്ങൾക്കായി രൂപകൽപന ചെയ്ത വാഹനമാണിത്. 3.60 ലക്ഷം രൂപ (5.50 ലക്ഷം യെൻ) ആണ് ഇതിന്റെ ഓൺറോഡ് വില. ആ വിലയ്ക്ക് ഇവിടെ ഇതിന്റെ എത്രയോ ഇരട്ടി ചുമടു താങ്ങാൻ കെൽപുള്ള ഡീസൽ ചരക്ക് ഓട്ടോറിക്ഷകൾ ലഭിക്കും. ഇതേ വിലയ്ക്ക് ഇലക്ട്രിക് ചരക്ക് ഓട്ടോറിക്ഷകളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ‘മഹീന്ദ്ര ട്രിയോ സോർ’ അത്തരമൊരു മോഡലാണ്.
എന്നാൽ, ജൈറോ ഇയുടെ ഡിസൈൻ അടിസ്ഥാനമാക്കി ഹോണ്ട ഒരു പെട്രോൾ ട്രൈക്ക് ഇന്ത്യയിലെത്തിയാൽ ഇപ്പോഴും അതിനു വിജയസാധ്യതയുണ്ട്. പ്രത്യേകിച്ചു ഷവർമയും ഷവായ്‌യും പീത്‌സയും ബർഗറും ബിരിയാണിയും എല്ലാം വീട്ടുവാതിൽക്കൽ കിട്ടുന്ന സമ്പ്രദായത്തിനു പ്രചാരം വർധിച്ച ഈ കോവിഡാനന്തര കാലത്ത്.
English Summary: Honda Electric Trike Gyro E