ADVERTISEMENT

പ്രകടനക്ഷമതയിലൂടെ വാഹന ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഹൈപ്പർകാറായ ബുഗാട്ടി ഷിറോൺ ഉൽപ്പാദനം 300 യൂണിറ്റ് പിന്നിട്ടു. ഈ നാഴികക്കല്ല് ആഘോഷമാക്കാൻ കാഴ്ചയിൽ വേറിട്ടും നിൽക്കും വിധമാവും ഈ ഷിറോണിന്റെ വരവെന്നു ബുഗാട്ടി പ്രഖ്യാപിച്ചു. കാഴ്ചപ്പകിട്ടിനൊപ്പം കൂടുതൽ കരുത്തും പ്രകടമാവുംവിധം തിളക്കമാർന്ന കറുപ്പിന്റെ അഴകോടെയാവും ഈ കാർ എത്തുക. 300-ാമതു ഷിറോണിന്റെ നിറത്തെ നൊക്ടേൺ എന്നാണു ബുഗാട്ടി വിളിക്കുക. കാറിലെ കാർബൺ ഫൈബർ ഘടകങ്ങളുടെ കാര്യത്തിലും ഉദാര സമീപനമാണു നിർമാതാക്കൾ സ്വീകരിക്കുക. മുന്നിലും പിന്നിലും വിങ് മിറർ ആമിലും ഹൗസിങ്ങിലും വിൻഡ്ഷീൽഡ് വൈപ്പറിലും വലിപ്പമേറിയ റിയർ വിങ്ങിലുമൊക്കെ കാർബൺ ഫൈബർ ഇടംപിടിക്കും.  ഏകദേശം 3 ദശലക്ഷം യൂറോയാണ് കാറിന്റെ വില(ഏകദേശം 27 കോടി). ഇതേ തരത്തിലുള്ള 60 മോഡലുകൾ മാത്രമായിരിക്കും വിപണിയിലെത്തുക.

bugatti-chiron-300-1

കാറിന്റെ പുറംഭാഗത്തിനു പുറമെ അകത്തളത്തിലും കറുപ്പ് നിറത്തിന്റെ വാഴ്ചയാവും. ബ്ലാക്ക് ലതർ സഹിതം അലകാന്റര ട്രീറ്റ്മെന്റാണ് 300–ാം ഷിറോണിനായി ബുഗാട്ടി സ്വീകരിച്ചിരിക്കുന്നത്. തകർപ്പൻ പ്രകടനത്തിലൂടെ പേരെടുത്ത വെറോണിന്റെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന ഷിറോൺ 2017 ജനീവ മോട്ടോർ ഷോയിലാണു ബുഗാട്ടി അനാവരണം ചെയ്തത്. സാഹചര്യങ്ങൾ പ്രതികൂലമായിട്ടും നാലു വർഷത്തിനകം ഷിറോൺ ഉൽപ്പാദനം 300 യൂണിറ്റിലെത്തിക്കാൻ ബുഗാട്ടിക്കായി. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കാറുകളിൽ ഏറ്റവും കരുത്തേറിയതെന്ന പെരുമയോടെയാണു ‘ഷിറോണി’ന്റെ വരവ്; കാറിലെ എട്ടു ലീറ്റർ, ക്വാഡ് ടർബോ ഡബ്ല്യു 16 എൻജിന് 1,480 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കാനാവുക.  

bugatti-chiron-300

പരമാവധി 1,480 ബി എച്ച് പി കരുത്തിന്റെയും 1,600 എൻ എം ടോർക്കിന്റെയും പിൻബലത്തോടെയെത്തുന്ന ഹൈപ്പർകാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുക വെറും രണ്ടര സെക്കൻഡിലാവും; ആറര സെക്കൻഡിൽ ‘ഷിറോൺ’ 200 കിലോമീറ്റർ വേഗം കൈവരിക്കും. 13.6 സെക്കൻഡിലാണു കാർ 300 കിലോമീറ്റർ വേഗം കൈവരിക്കുക.  മണിക്കൂറിൽ 350 കിലോമീറ്ററാണു ‘ഷിറോണി’ന്റെ പരമാവധി വേഗം. ടർബോ ചാർജിങ്ങിന്റെ പിൻബലത്തിലാണു ‘ഷിറോൺ’ ഈ അവിശ്വസനീയ കുതിപ്പ് കാഴ്ചവയ്ക്കുക. 

‘വെറോണി’ലെ പോലെ ‘ഷിറോണി’ലും നാല് ടർബോ ചാർജറുകളാണ് ഇടംപിടിക്കുക; പക്ഷേ ‘വെറോണി’നെ അപേക്ഷിച്ച് ‘ഷിറോണി’ലെ ടർബോ ചാർജറുകൾക്ക് 69% അധിക വലിപ്പമുണ്ടാവുമെന്നതാണു വ്യത്യാസം. ടർബോ ലാഗ് മറികടക്കാൻ രണ്ടു ഘട്ടമായിട്ടാവും ‘ഷിറോണി’ലെ ടർബോ ചാർജറുകൾ പ്രവർത്തിക്കുക. ആദ്യ രണ്ടെണ്ണം 1,900 ആർ പി എമ്മിലും അവശേഷിക്കുന്നവ 3,800 ആർ പിഎമ്മിലുമാവും പ്രവർത്തനക്ഷമമാവുക. 

bugatti-chiron-300-2

ആകെ 500 ‘ഷിറോൺ’ മാത്രമാവും നിർമിക്കുകയെന്ന് കാർ അവതരണ വേളയിൽ തന്നെ ബുഗാട്ടി  വ്യക്തമാക്കിയിരുന്നു. 300-ാം യൂണിറ്റിന്റെ കാര്യത്തിലെന്ന പോലെ ഉൽപ്പാദനത്തിലെ വരും നാഴികക്കല്ലുകളിലും ‘ഷിറോണി’നു ബുഗാട്ടി പ്രത്യേക പരിഗണന നൽകിയാവും നിരത്തിലെത്തിക്കുകയെന്ന് ഉറപ്പാണ്.

English Summary: Bugatti Chiron achieves 300 units production milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com