212 കി.മീ, രാജ്യത്തെ ഏറ്റവും റേഞ്ചുള്ള സ്കൂട്ടർ; സിംപിൾ വണ്ണിന്റെ വിതരണം ആരംഭിച്ചു
Mail This Article
സിംപിൾ വൺ സ്കൂട്ടറിന്റെ വിതരണം ആരംഭിച്ച് സിംപിൾ എനർജി. കഴിഞ്ഞ മാസം അവസാനം വിപണിയിലെത്തിയ സ്കൂട്ടറിന്റെ വില പ്രാരംഭവില 1.58 ലക്ഷം രൂപയാണ്. ആദ്യ 15 സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് നൽകികൊണ്ടാണ് വിതരണം സിംപിൾ എനർജി ആരംഭിച്ചത്. ഇതുവരെ 1 ലക്ഷത്തിലധികം ബുക്കിങ് ലഭിച്ചെന്നും കമ്പനി അറിയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇ സ്കൂട്ടർ എന്ന അവകാശവാദത്തോടെയാണ് 212 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വൺ എത്തിയത്.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗം കൈവരിക്കാൻ സിംപിൾ വണ്ണിനു വെറും 2.7 സെക്കൻഡുകൾ മാത്രം മതി. പരമാവധി വേഗം മണിക്കൂറിൽ 105 കിലോമീറ്റർ. രണ്ടു ബാറ്ററികൾ സിംപിൾ വൺ സ്കൂട്ടറിനുണ്ട്. ഒരു ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു ചാർജ് ചെയ്യാം. ബെംഗളൂരുവിലെ എനർജി സ്റ്റാർട്ട് അപ് കമ്പനിയായ സിംപിൾ എൻർജി, തമിഴ്നാട്ടിലെ ശൂലഗിരിയിലെ പ്ലാന്റിലാണ് സിംപിൾ വൺ സ്കൂട്ടറുകൾ ഒരുക്കുന്നത്.
2021 ഓഗസ്റ്റിലാണ് സിംപിള്‍ എനര്‍ജി തങ്ങളുടെ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ചത്. എഐഎസ് മൂന്നാം ഭേദഗതി അനുസരിച്ച് ബാറ്ററി സുരക്ഷ ഉറപ്പു വരുത്തുന്ന ആദ്യത്തെ വൈദ്യുത സ്‌കൂട്ടറാണ് സിംപിൾ വണ്‍. 8.5 kW മോട്ടോറിന് പരമാവധി 72Nm ടോര്‍ക്ക് വരെ നല്‍കാനാവും. ഇകോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളാണ് വണ്‍ സ്‌കൂട്ടറിലുള്ളത്.
English Summary: Simple One Electric Scooter Deliveries Begin