അടിപൊളി ലുക്ക് ! റോഡുകളിൽ തരംഗമാവാൻ പുതിയ ഡ്യൂക്കുകൾ
Mail This Article
തെരുവുകളില്‍ തരംഗമാവാന്‍ 390 ഡ്യൂകും 250 ഡ്യൂകും ഇന്ത്യയില്‍ അവതരിപ്പിച്ച് കെടിഎം മൂന്നാം തലമുറയില്‍ പെട്ട ഈ ഡ്യൂക് അവതാരങ്ങളെ 4,499 രൂപ നല്‍കി ബുക്കു ചെയ്യാനാവും. കെടിഎം 390 ഡ്യൂക് 2024ന് 3,10,520 രൂപയും കെടിഎം 250 ഡ്യൂക് 2024ന് 2,39,000 രൂപയുമാണ് വില.
പുതുതലമുറ ലൈറ്റ് വൈറ്റ് സിംഗിള്‍ സിലിണ്ടര്‍ എൽസി4സി എന്‍ജിനാണ് രണ്ട് ബൈക്കുകള്‍ക്കും കെടിഎം നല്‍കിയിരിക്കുന്നത്. എൻജിനു പുറമേ സിലിണ്ടര്‍ ഹെഡുകളും ഗിയര്‍ബോക്‌സുകളും പൂര്‍ണമായും പ്രത്യേകം രൂപകല്‍പന ചെയ്തതാണ്. ഭാരം പരമാവധി കുറക്കുന്ന രീതിയിലുള്ള ഡിസ്‌ക് ബ്രേക്കുകളും ടു പീസ് ഫ്രയിമും വീലുകളുമാണ് നല്‍കിയിരിക്കുന്നത്.
സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേ കൈവിട്ടു പോവാതിരിക്കാന്‍ ലോഞ്ച് കണ്‍ട്രോള്‍, അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍, ട്രാക്ക് മോഡ്, റൈഡ് മോഡുകള്‍, വളവുകളില്‍ സംരക്ഷണമായി എബിഎസ്, ക്യുക്ഷിഫ്റ്റര്‍+, സൂപ്പര്‍ മോട്ടോ എബിഎസ്, അഞ്ച് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് രണ്ടു ഡ്യൂകിലേയും മറ്റു പ്രധാന ഫീച്ചറുകള്‍.
820 എംഎം സീറ്റുകളാണ് രണ്ട് മോഡലുകളിലുമുള്ളത്. കൂടുതല്‍ വലിയ എയര്‍ബോക്‌സും ടൈപ് സി ചാര്‍ജിങ് പോട്ട് എന്നിവയും കെടിഎം 390 ഡ്യൂകിലും കെടിഎം 250 ഡ്യൂകിലും വരുന്നുണ്ട്. ഇലക്ട്രോണിക് ഓറഞ്ച് മെറ്റാലിക്ക്, അറ്റ്‌ലാന്റിക് ബ്ലൂ നിറങ്ങളിലാണ് കെടിഎം 390 എത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഓറഞ്ച് സെറാമിക് വൈറ്റ് നിറങ്ങളില്‍ കെടിഎം 250 ഡ്യൂക് വരുന്നു.
399 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് 2024 കെടിഎം 390 ഡ്യൂകിന് നല്‍കിയിരിക്കുന്നത്. 45 ബിഎച്ച്പി കരുത്തും പരമാവധി 39 എൻഎം ടോര്‍ക്കും പുറത്തെടുക്കാനുള്ള ശേഷിയുണ്ട് ഈ എൻജിന്. 6 സ്പീഡ് ഗിയര്‍ ബോക്‌സാണ് എൻജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 250 സിസി ലിക്വിഡ് കൂള്‍ഡ് എൻജിനാണ് കെടിഎം 250 ഡ്യൂകിനുള്ളത്. 31 ബിഎച്ച്പി കരുത്തും പരമാവധി 25 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്നു. മുന്‍ മോഡലിനേക്കാള്‍ 1 ബിഎച്ച്പി കരുത്തും 1 എൻഎം ടോര്‍ക്കും കൂടുതലാണ്.
English Summary: 2024 KTM Duke 390 & Duke 250 Launched