മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗം; റേസിങ് വിഭാഗത്തില്‍ എഫ്99 അവതരിപ്പിച്ചു അള്‍ട്രാവയലറ്റ്

Mail This Article
റേസിങ് വിഭാഗത്തില്‍ പെടുത്താവുന്ന എഫ്99 ഇലക്ട്രിക് മോട്ടര്‍ സൈക്കിള്‍ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായ വൈദ്യുത വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. മിലാന്‍ മോട്ടര്‍സൈക്കിള്‍ ഷോ എന്നറിയപ്പെടുന്ന ഇഐസിഎംഎ 2023 ലായിരുന്നു അള്‍ട്രാവയലറ്റ് എഫ്99 അവതരിപ്പിച്ചത്. നിരവധി സവിശേഷതകളുള്ള എഫ്99 വഴിയാണ് റേസിങ് മോട്ടര്‍ സൈക്കിളുകളുടെ വിഭാഗത്തിലേക്കു കൂടി അള്‍ട്രാവയലറ്റ് കാലെടുത്തുവച്ചിരിക്കുന്നത്.
മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന മോട്ടര്‍സൈക്കിളാണ് എഫ്99. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും വേഗമേറിയ വൈദ്യുത മോട്ടര്‍സൈക്കിളുകളില്‍ മുന്നിലാണ് എഫ്99ന്റെ സ്ഥാനം. കാര്‍ബണ്‍ ഫൈബര്‍ അടക്കമുള്ളവ ഉപയോഗിച്ച് പരമാവധി ഭാരം കുറച്ചു നിര്‍മിച്ചിരിക്കുന്ന ഈ മോട്ടര്‍സൈക്കിളിന്റെ ഭാരം 178 കിലോഗ്രാമാണ്.

ലിക്വിഡ് കൂള്‍ഡ് മോട്ടറിന് 120 ബിഎച്പി പവറുണ്ട്. അള്‍ട്രാവയലറ്റിന്റെ മറ്റൊരു സൂപ്പര്‍ബൈക്കായ എഫ് 77നെ അപേക്ഷിച്ച് കരുത്തു കൂടുതലുണ്ട്. പൂജ്യത്തില്‍നിന്നു 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും മൂന്നു സെക്കന്‍ഡ് മതി.
മുന്നോട്ടു കുതിക്കുമ്പോള്‍ പരമാവധി വായുവിന്റെ തടസം കുറയ്ക്കുന്ന രീതിയിലുള്ള രൂപകല്‍പനയാണ് എഫ്99ന്റേത്. വളവുകളിലെത്തുമ്പോള്‍ വേഗം പെട്ടെന്നു കുറയ്ക്കേണ്ട സാഹചര്യത്തില്‍ സൈഡ് പാനലുകളും വിങ്‌ലെറ്റുകളും അടക്കമുള്ള ഭാഗങ്ങള്‍ കൂടി ചലിച്ചുകൊണ്ട് വേഗം പെട്ടെന്നു കുറയ്ക്കുന്നു. ഇതുവഴി എഫ്99ന് റേസ് ട്രാക്കുകളിലും മികച്ച നിയന്ത്രണം ലഭിക്കും.
രാജ്യാന്തര വിപണിയില്‍ 2025 ല്‍ എഫ്99 അവതരിപ്പിക്കാനാണ് അള്‍ട്രാവയലറ്റിന്റെ പദ്ധതി. ഏകദേശം എട്ടു ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. പോര്‍വിമാനങ്ങളോടു സാമ്യമുള്ള രൂപകല്‍പനയും ടയറും റജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെ അഭാവവുമെല്ലാം എഫ്99 റേസ് ട്രാക്കിനു വേണ്ടിയുള്ളതാണെന്ന് ഉറപ്പിക്കുന്നുണ്ട്.
അതേസമയം, എഫ് 77 യൂറോപ്യന്‍ വിപണിയിലേക്കു കൂടി എത്തിക്കാനുള്ള പദ്ധതിയുമായി അള്‍ട്രാവയലറ്റ് മുന്നോട്ടു പോവുകയാണ്. നവംബര്‍ 15 മുതല്‍ എഫ്77ന്റെ റജിസ്‌ട്രേഷന്‍ ആരംഭിക്കും. പ്രതീക്ഷിക്കുന്ന വില 9,000 യൂറോ മുതല്‍ 11,000 യൂറോ വരെ. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയ എഫ്77 സ്‌പേസ് എഡിഷന്റേതിനു സമാനമായ സവിശേഷതകളായിരിക്കും യൂറോപില്‍ ഇറങ്ങുന്ന എഫ്77ന്. മലയാളി സിനിമാ താരം ദുല്‍ഖര്‍സല്‍മാന്റെ കൂടി ഉടമസ്ഥതയിലുള്ള കമ്പനിയാണ് അള്‍ട്രാവയലറ്റ്. ദുല്‍ഖര്‍ നേരത്തേ എഫ്77 ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.