സെക്കൻഡ് ഹാൻഡ് വാഹനത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാറ്റാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Mail This Article
കാറോ ബൈക്കോ നഷ്ടമില്ലാത്ത വിലയില്‍ വില്ക്കാന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വലിയ പ്രയാസങ്ങളില്ല. മൂന്നാമതൊരാളെ ഇടപെടുത്താതെ വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുള്ള ഇടപാടാവുമ്പൊ രണ്ടു കൂട്ടര്‍ക്കും വലിയ നഷ്ടങ്ങളില്ലാതെ തീരാനും സാധ്യതയുണ്ട്. ഉപയോഗിച്ച വാഹനം വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ പണ ഇടപാടുകള്‍ കൊണ്ടു മാത്രം തീരില്ലെന്നതാണ് വസ്തുത. വാഹനത്തിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നതോടെ മാത്രമേ കൈമാറ്റം പൂര്‍ണമാവുകയുള്ളൂ. വാഹനത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാറ്റാം? അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വാഹനം വില്ക്കുമ്പോഴും വാങ്ങുമ്പോഴും മാത്രമല്ല വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടി വരുന്ന സാഹചര്യങ്ങള്‍ വേറെയുമുണ്ട്. വാഹന ഉടമയുടെ മരണത്തെ തുടര്‍ന്ന് ഉടമസ്ഥാവകാശം മാറ്റേണ്ടി വരും. കുടുംബത്തിലെ അംഗങ്ങള്‍ക്കാണെങ്കില്‍ പോലും വാഹനം സമ്മാനമായി നല്കിയാലും ഉടമസ്ഥാവകാശം മാറ്റേണ്ടതാണ്. മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാലും ഏതെങ്കിലും വാഹനം ലേലത്തില്‍ സ്വന്തമാക്കിയാലും ഉടമസ്ഥാവകാശം രേഖയിലാക്കേണ്ടതുണ്ട്.

എന്തൊക്കെ രേഖകള്‍?
ഇനി എന്തൊക്കെ രേഖകളാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ടതെന്നു നോക്കാം. റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫോം 29(ഉടമസ്ഥാവകാശം മാറ്റുന്ന കാര്യം ആര്‍ടിഒയെ അറിയിക്കുന്നതിന്), ഫോം 30(ഉടമസ്ഥാവകാശം മാറ്റുന്നതിന് നല്കുന്ന ഔദ്യോഗിക അപേക്ഷ), ഇന്‍ഷൂറന്‍സ്, പൊല്യൂഷന്‍ അണ്ടര്‍ കണ്ട്രോള് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വാഹനം വില്ക്കുന്നയാള് നല്‍കേണ്ട രേഖകള്‍. വാങ്ങുന്നയാളുടെ ഐഡന്റിറ്റി പ്രൂഫും(ആധാര്‍, പാസ്പോര്‍ട്ട്), മേല്‍വിലാസം തെളിയിക്കുന്ന രേഖയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ആവശ്യമാണ്. ഇതിനു പുറമേ സെയില്‍ എഗ്രിമെന്റും, വാഹനത്തിന് വായ്പയുണ്ടെങ്കില്‍ ബാങ്കില്‍ നിന്നും എന്‍ഒസി സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
ഇനി മറ്റൊരു സംസ്ഥാനത്തിലേക്കാണ് വാഹനം മാറ്റുന്നതെങ്കില്‍ ആര്‍ടിഒ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. ഉടമയുടെ മരണത്തെ തുടര്‍ന്നാണ് ഉടമസ്ഥാവകാശം മാറ്റുന്നതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റും സസഷന് സര്‍ട്ടിഫിക്കറ്റ്/ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ആവശ്യമാണ്.
ഓണ്‍ലൈനിലും വഴിയുണ്ട്
സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തുകയെന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ നീണ്ട വരിയില്‍ നില്‍ക്കേണ്ടി വരികയെന്ന തലവേദന ഒഴിവാക്കാനാണ് ഭൂരിഭാഗവും മൂന്നാം കക്ഷികളെ സമീപിക്കുന്നത്. എന്നാല്‍ കൃത്യമായ രേഖകള്‍ സഹിതം ഓണ്‍ലൈന്‍ വഴിയും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കാവുന്നതാണ്. അതിന് ആദ്യം ചെയ്യേണ്ടത് പരിവാഹന്‍.ഗവ.ഇന്‍ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയാണ്.
ഓണ്‍ലൈന്‍ സര്‍വീസസിലെ വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസാണ് സെലക്ട് ചെയ്യേണ്ടത്. ശേഷം നിങ്ങളുടെ സംസ്ഥാനവും ഏത് ആര്‍ടിഒക്ക് കീഴിലാണ് വരുന്നതെന്നും തിരഞ്ഞെടുക്കുക. പിന്നീട് അപ്ലൈ ഫോര്‍ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പില്‍ ക്ലിക്കു ചെയ്യുക. വാഹനത്തിന്റെ വിശദാംശങ്ങളും ആര്‍സി നമ്പറും വാങ്ങുന്നയാളുടെ വിവരങ്ങളും പൂരിപ്പിച്ചു നല്‍കുക. ആര്‍സി, ഇന്‍ഷൂറന്‍സ്, പിയുസി, ഐഡി പ്രൂഫുകള്‍ എന്നിവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകളും അപ് ലോഡ് ചെയ്യേണ്ടി വരും. അതിനു ശേഷം ആര്‍ടിഒ ട്രാന്‍സ്ഫര്‍ ഫീ ഓണ്‍ലൈനായി തന്നെ അടക്കാനാവും. ഫീസ് അടച്ചതിന്റെ രേഖ ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്ത ശേഷം ആര്‍ടിഒയില്‍ രേഖകള്‍ പരിശോധിക്കുന്നതിനും ബയോമെട്രിക് വിവരങ്ങളുടെ പരിശോധനക്കും പോവേണ്ടി വരും. അതിനു ശേഷം വാങ്ങുന്നയാളുടെ പേരിലേക്ക് വാഹനത്തിന്റെ ആര്‍സി പുതുക്കി നല്‍കുന്നതാണ്.
ഫീസെത്ര?
ഈ നടപടിക്രമങ്ങള്‍ക്ക് എത്ര പണം ചിലവാവുമെന്നു കൂടി അറിഞ്ഞിരിക്കേണ്ടതാണ്. വാഹനത്തിന്റെ കാലപ്പഴക്കം, എന്‍ജിന്റെ വലിപ്പം, സംസ്ഥാനങ്ങളിലെ പ്രത്യേകതകള്‍ എന്നിവക്കനുസരിച്ച് ഫീസിലും മാറ്റം വരാം. എങ്കിലും പൊതുവായ ഫീസ് വിവരങ്ങള്‍ നോക്കാം.
എട്ടു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 150-300 രൂപ വരെയാണ് ഫീസ്. പഴക്കം എട്ടുവര്ഷത്തില് കൂടുതലാണെങ്കില്‍ 100-200 രൂപയായി മാറും. ഇനി എട്ടു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കാറുകള്‍ക്ക് ഉടമസ്ഥാവകാശം മാറ്റുന്നതിന് 300-600 രൂപയാണ് ഫീസ് വരുന്നത്. എട്ടുവര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കില്‍ 200-500 രൂപയായി ഫീസ് മാറും. മീഡിയം/ഹെവി വെഹിക്കിളുകള്‍ക്ക് ഏത് പഴക്കമാണെങ്കിലും 500-1500 രൂപയോളം ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ ഫീ വരും.
ഇതിനു പുറമേ റോഡ് നികുതി ഇനത്തില്‍ കാറുകള്‍ക്ക് മൂല്യത്തിന്റെ 5-15 ശതമാനം വരെ നല്‍കേണ്ടി വരും. 30 ദിവസത്തിനകം ഓണര്‍ഷിപ് ട്രാന്‍സ്ഫര്‍ നടന്നില്ലെങ്കില്‍ പിഴയായി 100-500 രൂപയും നല്‍കേണ്ടി വരും. കാറിന് ബാങ്ക് വായ്പയുണ്ടെങ്കില്‍ ബാങ്ക് എന്‍ഒസി ചാര്‍ജായി 500, സ്മാര്‍ട്ട് കാര്‍ഡ് ആര്‍സി വേണമെങ്കില്‍ 200-400രൂപ, ആര്‍ടിഒ ഏജന്റ് ഫീസ് 1,000-3,000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
എന്താണ് റിസ്ക്?
ചിലരെങ്കിലും വാഹനം വില്ക്കുമ്പോള് ലഭിക്കുന്ന പണത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധാലുക്കളാവാറുണ്ട്. ഇത് ഭാവിയില്‍ വലിയ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. നിങ്ങള്‍ വിറ്റ വാഹനം കൊണ്ട് നടത്തുന്ന എന്ത് നിയമവിരുദ്ധ കാര്യങ്ങളിലും നിങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടാവും. അതുകൊണ്ടുതന്നെ വാഹനം വില്ക്കുന്നവര് നിയമപരമായി ഉടമസ്ഥാവകാശം മാറ്റാനും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ വില്‍ക്കുന്നയാള്‍ക്കും വാങ്ങുന്നയാള്‍ക്കും പ്രശ്നങ്ങളുണ്ടാവാം.
ഉടമസ്ഥാവകാശം മാറ്റാതെ വാഹനം എന്തു നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും അപകടത്തില്‍ പെട്ടാലും നിയമപരമായ ഉത്തരവാദിത്വം വിറ്റയാള്ക്കായിരിക്കും. ഇനി ആര്‍സിയിലെ പേര് മാറ്റിയില്ലെങ്കില്‍ ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങിയയാള്‍ക്കും ലഭിക്കില്ല. പിന്നീട് വാഹനം വില്ക്കാന് നോക്കിയാല്‍ പേരു മാറ്റിയില്ലെങ്കില്‍ അതും നടപ്പുള്ള കാര്യമാവില്ല. വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമയുടെ പേരുമാറ്റുന്നത് നിയമപരമായി നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.