ഹാരിയറല്ല സഫാരി; ആഡംബരവും ഫീച്ചറുകളും നിറഞ്ഞ ‘നെക്സ്റ്റ് ജെൻ’

Mail This Article
ടാറ്റയുടെ ഐതിഹാസിക വാഹനമാണ് സഫാരി. 1998 മുതൽ വിപണിയിലുണ്ടായിരുന്ന സഫാരിയുടെ നിർമാണം 2019 ൽ ടാറ്റ അവസാനിപ്പിച്ചു. ഹാരിയറിനെ അടിസ്ഥാനമാക്കി ഒരു ഏഴു സീറ്റ് എസ്‍യുവി പുറത്തിറക്കിയപ്പോൾ ടാറ്റയ്ക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021ൽ സഫാരി വീണ്ടും വിപണിയിലെത്തി. രണ്ടാം തലമുറ സഫാരിയുടെ ആദ്യ മുഖം മിനുക്കലാണ് പുതിയ മോഡൽ.
∙ ഹാരിയറിന്റെ ഏഴു സീറ്റ് മോഡലല്ല സഫാരി: ടാറ്റയുടെ ഫ്ലാഗ്ഷിപ് മോഡൽ സഫാരിക്ക് വ്യത്യസ്തമായ ഐഡന്റിറ്റി നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഗ്രില്ലിന്റെ മുകളിൽ ബോണറ്റിനോട് ചേർന്നാണ് ഫുൾ ലെങ്ത് എൽഇഡി ലൈറ്റ്ബാർ. ഡേടൈം റണ്ണിങ് ലാംപും ഇൻഡികേറ്ററും ഇതിൽ തന്നെ. ഹാരിയറിലെ ഗ്രിൽ സ്പിറ്റ് ഡിസൈനാണെങ്കിൽ സഫാരിയിലേത് സിംഗിളാണ്. കൂടാതെ ഗ്രില്ലിന് ബോഡി കളറും നൽകിയിരിക്കുന്നു. എൽഇഡി ഹെഡ്‌ലാംപും എൽഇഡി ഫോഗ്‌ലാംപും അടങ്ങുന്ന കൺസോളിന് ബ്ലാക് ഫിനിഷാണ്. ഇരുവശങ്ങളിലേയും ഹെഡ്‌ലാംപ് കൺസോളിനെ കണക്റ്റ് ചെയ്തുകൊണ്ടാണ് പിയാനോ ബ്ലാക് ഫിനിഷിലുള്ള ബ്ലാക് സ്ട്രിപ്പ്. അതിനു താഴെയായി എയർവെന്റുകളും നൽകിയിട്ടുണ്ട്.

∙ സിയറ കൺസെപ്റ്റ് അലോയ്: വശങ്ങളിൽ ആദ്യം ശ്രദ്ധയിൽപെടുക അലോയ് വീലാണ്. കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ ടാറ്റ പുറത്തിറക്കിയ സിയാറ കൺസെപ്റ്റിന്റെ ഡിസൈനിലുള്ളതാണ് അലോയ് വീൽ. ഉയർന്ന മോഡലിന് 19 ഇഞ്ചും മറ്റുള്ളവയ്ക്ക് 17ഉം 18 ഉം ഇഞ്ച് അലോയ് വീലുകൾ നൽകിയിരിക്കുന്നു. മസ്കുലറായ വീൽ ആർച്ചുകളും ഷോർഡർ ലൈനും സഫാരിയുടെ ബോൾഡ് ലുക്ക് വർധിപ്പിക്കുന്നുണ്ട്. ഫുൾ ലെങ്ത് എൽഇഡി ടെയില്‍ ലാംപുകളാണ്. റിയർഫോഗ് ലാംപ് കൺസോളിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു.

∙ സ്റ്റൈലൻ ഇന്റീരിയർ: ഹാരിയറിനെപ്പോലെ തന്നെ പെർസോണകൾക്ക് വ്യത്യസ്ത ഇന്റീരിയർ കളർ കോംബിനേഷനുണ്ട്. വുഡൻ പാനൽ ഫിനിഷാണ് ഡാഷ്ബോർഡിന് നൽകിയിരിക്കുന്നത്. ഇളം നിറത്തിലുള്ള സ്റ്റിയറിങ് വീലും ഇന്റീരിയറും വാഹനത്തിന്റെ ഉൾവശം പ്രകാശപൂരിതമാക്കുന്നു. ഇലുമിനേറ്റഡ് ലോഗോയുള്ള നാലു സ്പോക്ക് സ്റ്റിയറിങ് വീലാണ്. ചെറിയ എസി വെന്റുകൾ ഡാഷ്ബോർഡിന് പുതുമ നൽകുന്നു.
∙ ജെൻ നെക്സ്റ്റ് ഇന്റീരിയർ: ആവശ്യമില്ലാത്ത ഫീച്ചറുകൾ പേരിനു വേണ്ടി കുത്തിനിറച്ചിരിക്കുകയല്ല. സഫാരിയിലെ ഫീച്ചറുകളെല്ലാം ഉപയോഗം വരും. 12.3 ഇഞ്ച് സ്ക്രീനുകൾ ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ്. ഒമ്പത് സ്പീക്കറുകളും ഒരു സബ്‌വൂഫറുമുള്ള സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം ആസ്വാദനം വേറെ ലെവലാക്കി മാറ്റും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഡ്രൈവറുടെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം. നാവിഗേഷൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ തെളിയും. മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് പവേർഡ് മുൻസീറ്റ്, വെന്റിലേറ്റഡ് പിൻ സീറ്റ്, ഡ്യുവൽ സോൺ എസി, ജസ്റ്റർ കൺട്രോൾഡ് പവേർഡ് ടെയിൽ ഗേറ്റ്, ബൈ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ് എന്നിവയുണ്ട്.

∙ പറഞ്ഞാൽ കേൾക്കും: ആറു ഭാഷകളിലുള്ള വോയ്സ് കമാന്റിന് അനുസരിച്ച് സൺറൂഫ് തുറക്കാനും എസി ഓൺ ചെയ്യാനും പാട്ടു മാറ്റാനുമെല്ലാം കഴിയും. ഹെ ടാറ്റാ, അലക്സ, ഹേ ഗൂഗിൾ പറഞ്ഞു തുടങ്ങി നിർദേശങ്ങൾ നൽകാം. കൂടാതെ ഫോണിലൂടെ റിമോട്ടായി കാർ ഓൺ ആക്കാം എസി പ്രവർത്തിപ്പിക്കാം. ടച്ച് നിയന്ത്രണങ്ങളാണെല്ലാം. എസിയുടെ ഫാനും ടെംപറേച്ചറും മാത്രമേയുള്ളൂ ടച്ച് അല്ലാത്ത സ്വിച്ച്.

∙മൂന്നു നിര സീറ്റുകൾ: സഫാരിയുടെ വീൽബെയ്സിന് മാറ്റമൊന്നുമില്ല. അതുകൊണ്ട് തന്നെ സീറ്റുകളുടെ സ്പെയ്സിൽ മാറ്റങ്ങളൊന്നും തന്നെയില്ല. യാത്രാസുഖം നൽകുന്ന സീറ്റുകളാണ്. മുൻ സീറ്റുകൾക്കും പിന്നിലെ ക്യാപ്റ്റൻ സീറ്റുകൾക്കും വെന്റിലേറ്റഡ് സൗകര്യമുണ്ട്. മികച്ച സ്പെയ്സ് നൽകുന്നുണ്ട് മൂന്നാം നിര സീറ്റുകളും. ഉള്ളിൽ ഏറെ സ്ഥല സൗകര്യമുണ്ട്. ആറു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും നാലുതരത്തിൽ മാറ്റാവുന്ന കോ ഡ്രൈവർ സീറ്റുമാണ്. വയർലെസ് ചാർജറും ടൈപ് സി 45 വാട്ട് ചാർജറും അടക്കം 5 ചർജിങ് പോർട്ടുകളുണ്ട് വാഹനത്തിൽ.

∙ഓടിക്കുമ്പോൾ മാറ്റങ്ങളുണ്ടോ? ബിഎസ് 6.2 എൻജിനാണ് പുതിയ സഫാരിയിൽ. ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന് പകരം ഇലക്ട്രിക് പവർ സ്റ്റിയറിങ് വന്നിരിക്കുന്നു. സ്റ്റിയറിങ് കൂടുതൽ ലൈറ്റാക്കി ഇത്. സസ്പെൻഷനിനും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ഡീസൽ എൻജിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളില്ല. ഹൈവേയിലെ യാത്രകളാണ് കുറച്ചുകൂടി ഡ്രൈവിങ് സുഖം നൽകുന്നത്. റൈഡ് ക്വാളിറ്റിയും ഹാൻഡിലിങ്ങും മികച്ചു നിൽക്കുന്നു. ബ്രേക്കുകളും നിലവാരം പുലർത്തുന്നുണ്ട്. കരുത്തുറ്റ മിഡ് റേഞ്ച് ലോങ് ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു. ഇക്കോ, സിറ്റി, സ്പോർട്സ് ഡ്രൈവ് മോഡുകളും നോർമൽ, വെറ്റ്, റഫ് ടെറൈൻ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക് കണ്‍വേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സുകൾ.

∙എഡിഎഎസ്: അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകളുണ്ട്. ഉയർന്ന മോഡലിൽ ഏഴ് എയർബാഗുകൾ. ഇഎസ്‌സി, ട്രാക്‌ഷൻ കൺട്രോൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുണ്ട്. ബ്ലൈന്റ് സ്പോട്ട് വാർണിങ് സിസ്റ്റം , ലൈൻ ഡിപ്പാർച്ചർ വാണിങ് സിസ്റ്റം, ലൈൻകീപ്പ് അസിസ്റ്റ്, എമർജെൻസി ബ്രേക് സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങിയ എഡിഎഎസ് ഫീച്ചറുകൾ സുരക്ഷ വർധിപ്പിക്കുന്നുണ്ട് വർധിപ്പിക്കും.