റൈഡ് ഫ്രീ, യമഹ ന്യൂ എഫ്സി എക്സ് ടെസ്റ്റ് റൈഡ്
Mail This Article
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരിന്റെ ഉൾഭാഗങ്ങളിലൂടെയാണ് ട്രാക്‌ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ അകമ്പടിയോടെ യമഹ എഫ്സി എക്സ് സംഘം കുതിച്ചത്. ആരവല്ലി കുന്നുകളുടെ മുകളിലുളള രണ്ടു കൊട്ടാരങ്ങളെ ബന്ധിപ്പിച്ച്, നാട്ടുവഴികൾ താണ്ടിയുള്ള യാത്ര എന്തുകൊണ്ടും യമഹയുടെ റൈഡ്- ഫ്രീ എന്ന മുദ്രാവാക്യത്തെ പരീക്ഷിക്കുന്നതായിരുന്നു.
യമഹ എഫ്സിഎക്സിലെ മാറ്റങ്ങൾ
നിയോ-റെട്രോ രൂപമാണ് യമഹ എഫ്സി എക്സിന്. പുതിയ (നിയോ) ഫീച്ചറുകൾ. ഒപ്പം പഴയ രൂപം. ട്രാക്‌ഷൻ കൺട്രോൾ സിസ്റ്റം പുതുതായി ഇണക്കിച്ചേർത്തു. ടയറും പ്രതലവുമായുളള ട്രാക്‌ഷൻ നഷ്ടമായി വീൽ സ്പിൻ ചെയ്യുന്നതും സ്ഥിരത നഷ്ടപ്പെടുന്നതും ഇനി ആലോചിക്കേണ്ട. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ ഹൈവേകളായിരുന്നില്ല ട്രാക്‌ഷൻ കൺട്രോൾ പരീക്ഷിക്കാനായി തിരഞ്ഞെടുത്തത്. മറിച്ച് പശുക്കളും വാഹനങ്ങളും തോന്നിയപോലെ വരുന്ന, അപ്രതീക്ഷിതമായി മണലും മറ്റും കയറിക്കിടക്കുന്ന ഗ്രാമീണ റോഡുകളായിരുന്നു. പലപ്പോഴും ഹാർഡ് ബ്രേക്കിങ് വേണ്ടിവന്നു. സഹായത്തിന് ബോഷിന്റെ സിംഗിൾ ചാനൽ എബിഎസ് ഉണ്ട്. ആമേർ പാലസിലേക്കുളള ചെറിയ കൽപാതയിൽ ട്രാക്‌ഷൻ കൺട്രോൾ പലപ്പോഴും തുണയായി.
ഇ20 ഇന്ധനം ഇനി നിറയ്ക്കാം
എഥനോൾ 20 ശതമാനം കലർത്തിയ പെട്രോൾ ഉപയോഗിക്കാൻ പ്രാപ്തിയുണ്ട് പുതിയ എഫ്സിഎക്സിന്. കൂടുതൽ പ്രകൃതിയോട് ഇണങ്ങുന്ന എഥനോൾ മിശ്രിതം സമീപ ഭാവിയിൽത്തന്നെ സാധാരണമാകും. എഥനോൾ കലർത്തുന്നതിന്റെ ശതമാനവും കൂടും. കൂടുതൽ എഥനോൾ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ വരുമെന്നു യമഹ ടീം പറയുന്നു.റൈഡ് ഫ്രീ എന്നതാണ് യമഹ എഫ്-സീ എക്സ് മോഡലിന്റെ മുദ്രാവാക്യം. നല്ല പെർഫോമൻസുള്ള 149 സിസി ഫ്യൂവൽ ഇൻജക്റ്റഡ് എൻജിൻ എളുപ്പത്തിൽ മൂന്നക്കവേഗത്തിലേക്കെത്തിക്കും. ഈ പെർഫോമൻസും നല്ല ബ്രേക്കിങ് ശേഷിയും ഏതുവഴിയിലൂടെയും റൈഡ്- ഫ്രീ എന്ന ആത്മവിശ്വാസം നൽകും.റൂട്ടിലെ ആകർഷണങ്ങൾആരവല്ലി പർവതനിരയുടെ മുകളിലുള്ള സമോദ് പാലസിൽനിന്നായിരുന്നു റൈഡിന്റെ തുടക്കം. നാനൂറുവർഷം പഴക്കമുള്ള സമോദ് കൊട്ടാരം ഇപ്പോഴൊരു ഹോട്ടലാണ്.
രാജാവിന്റെ ദർബാർ ഹാളിൽ അതിഥികൾ ആഹാരം കഴിക്കുന്നു. 43 മുറികളുള്ള ഹോട്ടലിന്റെ ചിത്രപ്പണികളുള്ള ഭാഗങ്ങൾ കാണാൻ ഒരാൾക്ക് ആയിരം രൂപയാകും. സിനിമകളിലൊക്കെ നമ്മൾ കണ്ട രാജസ്ഥാനല്ല പുറത്തേക്കിറങ്ങുമ്പോൾ. സമോദ് ഗ്രാമത്തിലെ കൽവഴികൾ കഴിഞ്ഞാൽ പിന്നെ പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളും ചെറു കുടിലുകളുള്ള ഗ്രാമങ്ങളുമാണ്. ഏതാണ്ടു വിജനമായ വഴികളിൽ യമഹയുടെ വട്ടക്കണ്ണൻമാർ മാത്രമേ ഉണ്ടായിരുന്നുളളൂ.
യാത്ര അവസാനിച്ചത് ആമേർ പാലസിൽ
ജയ്പുരിന്റെ പഴയ തലസ്ഥാനമായിരുന്ന ആമേർ പട്ടണത്തിനു മേൽനോട്ടം വഹിക്കുന്ന ഒരു വൻ കൊട്ടാരമാണിത്. രാജാ മാൻസിങ്ങിന്റെ വസതിയും കോട്ടയുമായിരുന്നു ആമേർ. 432 വർഷം പഴക്കം. ജോധാ അക്ബറിന്റെ വസതിയൊക്കെ അടുത്തുണ്ട്. കോട്ടയുടെ മുകളിൽ സൈന്യത്തിന്റെ പരേഡ് ഗ്രൗണ്ടിൽ എഫ് സിഎക്സ് മോഡലുകൾ നിരന്നു നിന്നു. യമഹയുടെ പടയാളികളിലൊരാളായ എഫ്‌സി എക്സിനെ ഏതു സമയത്തും ഏതു പ്രതലത്തിലും വിശ്വസിക്കാം എന്നാണ് റൈഡ് നൽകിയ സന്ദേശം.
English Summary: Yamaha FZ X Test Ride