മ്യൂണിക്കിലെ കാർ ആക്രമണം; 2 വയസ്സുള്ള കുഞ്ഞും അമ്മയും മരിച്ചു, മരണസംഖ്യ ഇനിയും ഉയർന്നേക്കും

Mail This Article
മ്യൂണിക്ക് ∙ മ്യൂണിക്കില്‍ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 2 വയസ്സുള്ള കുഞ്ഞും അമ്മയും (37) മരണമടഞ്ഞു. ബവേറിയന്‍ സ്റ്റേറ്റ് ക്രിമിനല്‍ പൊലീസ് ഓഫിസാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 39 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന 9 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മരിച്ച സ്ത്രീ മുനിസിപ്പല്‍ ജീവനക്കാരിയാണ്. വേര്‍ഡി യൂണിയന്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയതാണിവർ. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മ്യൂണിക്കിലെ സെയ്ഡ്സ്ട്രാസെയില്‍ വേര്‍ഡി തൊഴിലാളി സംഘടന നടത്തിയ പ്രകടനത്തിനിടയിലേക്ക് ഡിഎംഡബ്ള്യു മിനി കൂപ്പര്‍ ഇടിച്ചു കയറി അപകടമുണ്ടായത്. 50 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ. സംഭവത്തിൽ ഫര്‍ഹാദ് നൂറി എന്ന 24കാരനായ അഫ്ഗാൻ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവുകളൊന്നുമില്ലെന്നാണ് വിവരം. അന്വേഷണം തുടരുകയാണ്.
ലോക നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന മ്യൂണിക്ക് സുരക്ഷാ കോണ്‍ഫറന്‍സുമായി അപകടത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ബവേറിയയിലെ ആഭ്യന്തര മന്ത്രി ജോവാഹിം ഹെര്‍മാന്‍ പറഞ്ഞു. പ്രതിക്ക് സാധുവായ ജർമന്‍ റെസിഡന്‍സിയും വര്‍ക്ക് പെര്‍മിറ്റും ഉണ്ടെന്നും ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലെന്നും ഹെര്‍മാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു
ഫെബ്രുവരി 23 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അക്രമണം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ശനിയാഴ്ച മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ച് പൂക്കൾ അര്‍പ്പിച്ചു. കുറ്റവാളിക്ക് 'കഠിനമായ' ശിക്ഷ നല്‍കുമെന്ന് ഷോള്‍സ് ആവര്‍ത്തിച്ചു പറഞ്ഞു.ജർമനിയില്‍ താമസിക്കാന്‍ അവകാശമില്ലാത്ത ഏതൊരാള്‍ക്കും ശിക്ഷയുടെ അവസാനം രാജ്യം വിടണമെന്ന് ഷോള്‍സ് പറഞ്ഞു.