ശിഹാബ് ഗാനെം രചിച്ചു; മലയാളി ഗായിക പാടി: യുഎഇ ദേശഭക്തിഗാനം ഹിറ്റ്
Mail This Article
ദുബായ് ∙ ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന പ്രശസ്ത യുഎഇ കവി ഡോ.ശിഹാബ് ഗാനെം രചിച്ച്, ദുബായിൽ താമസിക്കുന്ന ദേവ് ചക്രബർത്തി സംഗീതം പകർന്ന്, നൂറിലേറെ ഭാഷകളിൽ പാടി ലോക റെക്കോർഡ് നേടിയ പ്രവാസി യുവഗായിക സുചേത സതീഷ് ആലപിച്ച യുഎഇ ദേശീയഗാനം ഹിറ്റ്. 'സ്നേഹത്തോടെ യുഎഇക്ക്' (ഫി ഹുബ് അൽ ഇമാറാത്) എന്ന അറബിക് ദേശഭക്തിഗാനത്തിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഇൗ രാജ്യത്തോടുള്ള സ്നേഹം തുടിച്ചുനിൽക്കുന്നു.
ഒാ, രാജ്യമേ, നിന്റെ സമ്പൽസമൃദ്ധിയും ഉയർച്ചയും വളർച്ചയും തങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നും നാളെ ഇതിലുമേറെ പുരോഗതി കൈവരിക്കട്ടെ എന്നും സ്വദേശികളുടെയും പ്രവാസികളുടെയും പ്രിയപ്പെട്ട കവി ആശംസിക്കുന്നു. ഏഴ് എമിറേറ്റുകളെ ഒന്നിപ്പിച്ച് മഹാനായ നേതാവ് ഷെയ്ഖ് സായിദ് നിർമിച്ച രാഷ്ട്രമാണിത്. സമാനതകളില്ലാത്ത ജനനായകനാണ് അദ്ദേഹം. ഇൗ രാജ്യത്തെ നെഞ്ചോടു ചേർത്തുപിടിച്ച് ഞങ്ങളിതിനെ സംരക്ഷിക്കും. അറബികളുടെ വിസ്മയകരമായ മുഖമാണീ രാജ്യം തുടങ്ങിയ വരികൾ ശ്രോതാവിന്റെ ഹൃദയത്തിൽ പതിയുന്നു.
ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ ഇഷ്ടപ്പെടുന്ന ഡോ.ശിഹാബ് ഗാനെം കെ.സചിദാനന്ദന്റെ കവിതകൾ ഏറെ ഇഷ്ടപ്പെടുകയും അറബികിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 62 ലേറെ പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ച ഇദ്ദേഹം 2012ൽ കൊൽക്കത്ത ഏഷ്യൻ സൊസൈറ്റിയുടെ ടാഗോർ സമാധാന അവാർഡിനു അർഹനായി. നേരത്തെയും ഒട്ടേറെ അറബിക് പാട്ടുകൾ പാടിയിട്ടുള്ള സുചേത വളരെ അക്ഷരസ്ഫുടതയോടെയും മധുരമായുമാണ് ഇൗ ഗാനം ആലപിച്ചിട്ടുള്ളത്.
99 വിദേശഭാഷകളിലും 31 ഇന്ത്യൻ ഭാഷകളിലുമുൾപ്പെടെ 130 ലോക ഭാഷകളിലെ ഗാനങ്ങൾ ആലപിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിട്ടുണ്ട് ഇൗ യുവഗായിക. ഇതിനു മുൻപും യുഎഇയുടെ വിശേഷദിവസങ്ങളിൽ പാട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. അറബിക്, ജാപ്പനീസ്, തഗലോഗ്, ഫ്രഞ്ച്, മലായ്, നേപ്പാളീസ്, ഫിന്നിഷ്, പോളിഷ്, ഉസ്‌ബെക്, മാന്‍ഡറിൻ, തമിഴ്, കന്നഡ, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി, അസമീസ്, കൊങ്കിണി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ പാട്ടുകള്‍ ഉച്ചാരണ ശുദ്ധിയോടെയാണ് 15കാരി ആലപിക്കുന്നത്.
ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ സുചേത യൂ-ട്യൂബില്‍ നിന്നാണ് ലോകസംഗീതം അടുത്തറിഞ്ഞത്. പുതിയ ഭാഷയിലെ പാട്ടുകള്‍ നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്നു. ദുബായിൽ പ്രാക്ടീസ് ചെയ്യുന്ന കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. സതീഷ്, സുമിതാ സതീഷ് ദമ്പതികളുടെ മകളാണ്. നാലുവയസ്സ് മുതല്‍ സുചേത സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. യുഎഇയിലെയും ഇന്ത്യയിലെയും നിരവധി വേദികളില്‍ സുചേത പാടിയിട്ടുണ്ട്.